തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകിനെയും എസിപി സുദര്‍ശനെയും സ്ഥലം മാറ്റും ; റിപ്പോര്‍ട്ട് തേടി ആഭ്യന്തര വകുപ്പ് ; തൃശൂര്‍ പൂരത്തിനിടെ പൊലീസിനെതിരെ ഉയര്‍ന്ന പരാതിയെത്തുടര്‍ന്നാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം
സ്വന്തം ലേഖകൻ
തൃശൂര്‍: പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകിനെയും എസിപി സുദര്‍ശനെയും സ്ഥലം മാറ്റാന്‍ നിര്‍ദേശം. തൃശൂര്‍ പൂരത്തിനിടെ പൊലീസിനെതിരെ ഉയര്‍ന്ന പരാതിയെത്തുടര്‍ന്നാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് സ്ഥലം മാറ്റാന്‍ തീരുമാനിച്ചത്. പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രമസമാധാന ചുമതയുള്ള എഡിജിപിക്ക് ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കി. വിവാദങ്ങളുണ്ടായിട്ടും ഡിജിപി റിപ്പോര്‍ട്ട് തേടിയിരുന്നില്ല.
തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പു തടഞ്ഞും പൂര പ്രേമികളെ ലാത്തിവീശി ഓടിച്ചും പൂരനഗരി ബാരിക്കേഡ് വച്ച് കെട്ടിയടച്ചും പൊലീസ് പരിധിവിട്ടതാണു വിവാദമായത്. ഇതോടെ എഴുന്നള്ളിപ്പും പഞ്ചവാദ്യവും പാതിവഴിയില്‍ ഉപേക്ഷിച്ച് പൂരം നിര്‍ത്തിവയ്ക്കാന്‍ തിരുവമ്പാടി ദേവസ്വം നിര്‍ബന്ധിതരായി. രാത്രിപ്പൂരം കാണാനെത്തിയവരെ സ്വരാജ് റൗണ്ടില്‍ കടക്കാന്‍ അനുവദിക്കാതെ വഴികളെല്ലാം കെട്ടിയടച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൂരത്തിന് ആനകള്‍ക്കു നല്‍കാന്‍ കൊണ്ടു വന്ന പട്ടയും കുടമാറ്റത്തിനുള്ള കുടയും തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ അങ്കിത് അശോകന്‍ തടയുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് ശേഷമാണ് നടപടിയെടുക്കാന്‍ നിര്‍ദേശം വന്നിരിക്കുന്നത്.
”എടുത്തോണ്ട് പോടാ പട്ട” എന്നു പറഞ്ഞ് കമ്മീഷണര്‍ കയര്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇതിനു പിന്നാലെ കുടമാറ്റത്തിനായി കൊണ്ടുവന്ന കുടകള്‍ പൊലീസ് തടയുന്നതും ദൃശ്യങ്ങളിലുണ്ട്. കുടമാറ്റത്തിനു മുന്‍പായി ഗോപുരത്തിനുള്ളിലേക്ക് കുടകള്‍ കൊണ്ടുവന്നപ്പോഴാണ് തടഞ്ഞത്. പിന്നീട് ഇവരെ അകത്തു പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ 3നു നടക്കേണ്ട വെടിക്കെട്ട്, മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ 4 മണിക്കൂര്‍ വൈകി പകല്‍വെളിച്ചത്തിലാണു നടത്തിയത്. ഉറക്കമിളച്ചു കാത്തിരുന്നിട്ടും വെടിക്കെട്ടിന്റെ വര്‍ണഭംഗി ആസ്വദിക്കാന്‍ പൂരപ്രേമികള്‍ക്കായില്ല. പൂരത്തലേന്നുതന്നെ പൊലീസ് കടുത്ത നിയന്ത്രണങ്ങള്‍ തുടങ്ങിയിരുന്നു. മഠത്തില്‍വരവിനിടെ ഉത്സവപ്രേമികള്‍ക്കു നേരെ കയര്‍ക്കാനും പിടിച്ചു തള്ളാനും മുന്നില്‍നിന്നതു സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍ നേരിട്ടാണെന്നും ആക്ഷേപമുയര്‍ന്നു.