Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തൃശൂർ: ശസ്ത്രക്രിയയ്ക്ക് ശേഷം വയോധികന്റെ വയറ് സ്‌കാൻ ചെയ്തപ്പോൾ വയറിനുള്ളിൽ കത്രിക. അശ്രദ്ധയോടെ ശസ്ത്രക്രിയ നടത്തിയെന്ന് ആരോപിച്ചുള്ള വയോധികന്റെ പരാതിയിൽ തൃശൂർ മെഡിക്കൽ കോളേജിലെ ഡോ.പോളി ടി.ജോസഫിനെതിരെ പൊലീസ് കേസെടുത്തു.

കണിമംഗലം സ്വദേശി ജോസഫ് പോളാണ് ഡോക്ടർക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. തൃശൂർ സിറ്റി അസിസ്റ്റന്റ് പൊലീസ് കമ്മിഷണർക്കാണ് ഇയാൾ പരാതി നൽകിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രിൽ ആദ്യ ആഴ്ചയിൽ മഞ്ഞപ്പിത്തത്തെ തുടർന്നാണ് ജോസഫ് പോൾ തൃശൂർ കൂർക്കഞ്ചേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. പിന്നീട് പാൻക്രിയാസിൽ തടിപ്പുണ്ടെന്നും ഉടൻ ശസ്ത്രക്രിയക്ക് വിധേയനാകണമെന്നും ആശുപത്രി അധികൃതർ അറിയിക്കുയായിരുന്നു.

എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകളുള്ളതിനാൽ ശസ്ത്രക്രിയക്ക് വേണ്ടി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയായിരുന്നു. ഏപ്രിൽ 25ാം തിയതി ഡോ.പോളി ടി.ജോസഫിനെ കാണുകയും അദ്ദേഹം ഓപ്പറേഷന്റെ തിയതി തീരുമാനിക്കുകയും ചെയ്തു.

തുടർന്ന് മെയ് അഞ്ചിനാണ് പോളി ടി.ജോസഫിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ നടത്തിയതെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. മെയ് അഞ്ചിന് രാവിലെ 11.30 ന് ഓപ്പറേഷനു കയറ്റി വൈകീട്ട് 5.30 നാണ് ശസ്ത്രക്രിയ അവസാനിച്ചത്.

പിന്നീട് മെയ് 12 ന് വീണ്ടുമൊരു ശസ്ത്രക്രിയക്ക് കൂടി വിധേയനാകാൻ ഡോക്ടർ ആവശ്യപ്പെട്ടതായും തന്നോട് ആവശ്യപ്പെട്ടതായും അതനുസരിച്ച് രണ്ടാമതും ശസ്ത്രക്രിയ ചെയ്തതായും പരാതിയിൽ ജോസഫ് ചൂണ്ടിക്കാണിക്കുന്നു.

ശസ്ത്രക്രിയയ്ക്ക് ശേഷം മെയ് 30 വരെ ആശുപത്രിൽ തുടർന്നു. തുടർന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു ഒരാഴ്ച കഴിഞ്ഞ് വീണ്ടും ആശുപത്രിയിലെത്തി. ഈ സമയത്ത് വീണ്ടും സ്‌കാനിങ് നടത്തി. വയറിനുള്ളിൽ പഴുപ്പുണ്ടെന്നും വീണ്ടും ശസ്ത്രക്രിയ ചെയ്യണമെന്നും ഡോക്ടർ ആവശ്യപ്പെട്ടു.

ശസ്ത്രക്രിയയ്ക്കായി ഉടൻ ആശുപത്രിയിൽ അഡ്മിറ്റ് ആകണമെന്ന് ഡോക്ടർ പറഞ്ഞെങ്കിലും സംശയം നിമിത്തം പരാതിക്കാരൻ അഡ്മിറ്റായില്ല. പിന്നീട് ഒരു സ്വകാര്യ ലാബിൽ പോയി എക്‌സറേ എടുത്തു.

അപ്പോഴാണ് വയറിനുള്ളിൽ കത്രികയുള്ളതായി കുടുംബം അറിയുന്നത്. പിന്നീട് തൃശൂർ അശ്വിനി ആശുപത്രിയിൽ പോയി സിടി സ്‌കാൻ ചെയ്തപ്പോഴും കത്രിക വയറിനുള്ളിൽ കിടക്കുന്നതായി അറിയാൻ സാധിച്ചു. തുടർന്ന് അശ്വിനി ആശുപത്രിയിൽവച്ച് വീണ്ടും ശസ്ത്രക്രിയക്ക് ്‌വിധേയനാകുകയും കത്രിക പുറത്തെടുക്കുകയുമായിരുന്നു.

എന്നാൽ ഇക്കാര്യങ്ങളെല്ലാം രണ്ട് തവണ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ പോളിയെ അറിയിച്ചപ്പോൾ ശസ്ത്രക്രിയക്കിടെ ഇങ്ങനെയെല്ലാം സംഭവിക്കുന്നത് സ്വാഭാവികമാണെന്ന തരത്തിൽ മോശം പ്രതികരണമാണ് ലഭിച്ചതെന്ന് കുടുംബം ആരോപിച്ചു.

ഇന്നലെയാണ് ഇവർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. അതോടൊപ്പം സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസ് അധികൃതർ വ്യക്തമാക്കി.