
ക്രൈം ഡെസ്‌ക്
കോട്ടയം: കോട്ടയം നഗരത്തിൽ വീര്യം കൂടിയ ലഹരി മരുന്നായ എം എത്തുന്നു. അതി ഭീകരമായ വീര്യം കൂടിയ സൈക്കോട്രോപ്പിക് ഡ്രഗ് ആയ എം.എത്തിക്കുന്നത് കളത്തിപ്പടിയിലെ ഒരു ഡോക്ടറുടെ മകനായ യുവാവാണ് എന്ന സൂചനയാണ് തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചിരിക്കുന്നത്. ഈ യുവാവ് കോട്ടയം ജില്ലയിൽ എത്തിക്കുന്ന രഹസ്യ മരുന്ന് വിൽക്കുന്നത് ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയും സംഘാംഗങ്ങളും ചേർന്നാണ് എന്നാണ് സൂചന.
എം.വിൽപ്പനയും, വിതരണവും കളത്തിപ്പടി കേന്ദ്രീകരിച്ചു നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു എക്‌സൈസ് സംഘവും പൊലീസും രണ്ടു തവണ ഡോക്ടറുടെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും ലഹരി മരുന്നു കണ്ടെത്താൻ സാധിച്ചിട്ടില്ല. ലോകത്ത് ഉപയോഗിക്കുന്നതിൽ ഏറ്റവും വീര്യം കൂടിയ ലഹരി മരുന്നാണ് എം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിദേശ രാജ്യങ്ങളിൽ അടക്കം ലഹരി പാർട്ടിയ്ക്കു കൂടുതലായി ഉപയോഗിക്കുന്ന ഏറ്റവും വീര്യം കൂടിയ ലഹരി മരുന്നാണ് എം. ബംഗളൂരുവിൽ നിന്നും മുംബൈയിൽ നിന്നുമാണ് ഈ ലഹരി മരുന്നു കേരളത്തിലേയ്ക്കു എത്തിക്കുന്നത്. എമ്മിന്റെ ഒരു യൂണിറ്റിന് 1000 മുതൽ 3000 രൂപ വരെയാണ് ഇവർ വാങ്ങുന്നത്.
മാസങ്ങൾക്കു മുൻപ് മുംബൈയിൽ അടക്കം യാത്ര നടത്തിയ ഗുണ്ടാ സംഘത്തലവനാണ് കേരളത്തിൽ ലഹരി മരുന്നു കൂടുതലായി എത്തിക്കുന്നതെന്നു കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ പൊലീസും എക്‌സൈസ് സംഘവും നടത്തിയ അന്വേഷണത്തിലാണ് ഡോക്ടറുടെ മകനും പങ്കുണ്ടെന്നു കണ്ടെത്തിയത്. തുടർന്നു പൊലീസും എക്‌സൈസും ഡോക്ടറുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ, ഇവിടെ നിന്നും കാര്യമായ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല.
അതി മാരകമായ എം എന്ന ലഹരി മരുന്നു ഉപയോഗിക്കുന്ന വിദ്യാർത്ഥികളുടെയും യുവാക്കളുടെയും എണ്ണം ജില്ലയിൽ വർദ്ധിക്കുന്നതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെയും പൊലീസിന്റെയും വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം പരിശോധന നടത്തിയത്. ഒരു യൂണിറ്റ് എം. ഉപയോഗിച്ചാൽ മൂന്നു ദിവസം വരെ വീര്യം ലഭിക്കുമെന്നതാണ് ഇതിന്റെ ഗുണമെന്നു പറയുന്നു. ഇതേ തുടർന്നാണ് യുവാക്കളുടെ സംഘം ലഹരി ഉപയോഗിക്കുന്നതെന്നാണ് വിവരം.







