ലഹരി മരുന്ന് വിൽപന വർധിക്കുന്ന സാഹചര്യം; ഹോട്ടലുകളും തട്ടുകടകളും ഉൾപ്പെടെയുള്ളവ രാത്രി 11 ന് അടക്കും; തൃക്കാക്കരയിൽ രാത്രി നിയന്ത്രണം 

ലഹരി മരുന്ന് വിൽപന വർധിക്കുന്ന സാഹചര്യം; ഹോട്ടലുകളും തട്ടുകടകളും ഉൾപ്പെടെയുള്ളവ രാത്രി 11 ന് അടക്കും; തൃക്കാക്കരയിൽ രാത്രി നിയന്ത്രണം 

Spread the love

സ്വന്തം ലേഖകൻ 

കൊച്ചി: കേരളത്തിലെ നൈറ്റ് ലൈഫ് കേന്ദ്രങ്ങളിലെ അനിഷ്ട സംഭവങ്ങൾ ചർച്ചയാവുന്നതിനിടെ എറണാകുളം തൃക്കാക്കരയിൽ രാത്രി നിയന്ത്രണത്തിനൊരുങ്ങി നഗരസഭ. ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും രാത്രി 11 മണി മുതൽ പുലർച്ചെ നാല് മണി വരെ അടപ്പിക്കാനാണ് തീരുമാനം. ലഹരി മരുന്ന് വിൽപന വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടിയെന്ന് നഗരസഭ അറിയിച്ചു.

നൈറ്റ് ലൈഫ് കേന്ദ്രമായ തിരുവനന്തപുരം മാനവീയം വീഥിയിലെ കൂട്ടത്തല്ല് ചർച്ചയാകുന്നതിനിടെയാണ് തൃക്കാക്കരയിൽ നിയന്ത്രണം വരുന്നത്. നഗരസഭയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് ഹോട്ടലുകളും തട്ടുകടകളും ഉൾപ്പെടെയുള്ളവ രാത്രി 11 ന് അടക്കാൻ തീരുമാനമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാപാരി ഹോട്ടൽ സംഘടന പ്രതിനിധികളും എക്സൈസ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ആദ്യ ഘട്ടത്തിൽ ആറ് മാസത്തേക്കാണ് നിയന്ത്രണം. അടുത്ത നഗരസഭാ കൗൺസിലിൽ തീരുമാനം അംഗീകരിച്ച ശേഷം നടപ്പാക്കും.

ഇൻഫോ പാർക്കും സ്മാർട് സിറ്റിയും കളക്ട്രേറ്റും ഉൾപ്പെടുന്ന കാക്കനാടാണ് നിയന്ത്രണം ഏറെ ബാധിക്കുക. വിവിധ സ്ഥാപനങ്ങളിലായി ആയിരക്കണക്കിന് ടെക്കികളാണ് ജോലി ചെയ്യുന്നത്. കാക്കനാട് രാത്രി കടകൾ ഇല്ലാതാവുന്നതോടെ നെറ്റ് ലൈഫ് ഇല്ലാതാവുമെന്ന ആശങ്ക ടെക്കികൾക്കുണ്ട്.

നഗരസഭയും പൊലീസും കൈകോർത്ത് പുതിയ തീരുമാനം നടപ്പിലാക്കാനാണ് പദ്ധതി. എന്നാൽ ഒരു വിഭാഗം വ്യാപാരികൾക്കും പൊതുജനത്തിനും ഇക്കാര്യത്തിൽ എതിർപ്പുണ്ട്. വരും ദിവസങ്ങളിൽ ഇത് ശക്തമാവാനാണ് സാധ്യത.

അതിനിടെ മാനവീയത്ത് നൈറ്റ് ലൈഫിനിടെയുണ്ടായ സംഘര്‍ഷത്തിൽ കൂടുതൽ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. ഇന്നലെ അറസ്റ്റിലായ പ്രതികളിൽ ഒരാളായ ശിവയിൽ നിന്നാണ് പൊലീസിന് വിവരം ലഭിച്ചത്.

മദ്യ ലഹരിയിലായിരുന്ന പ്രതികള്‍ മറ്റുള്ളവരെ കയ്യേറ്റം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പൂന്തുറ സ്വദേശിയെ ആക്രമിച്ചതും മറ്റൊരു യുവാവിനെ നിലത്തിട്ട് ആക്രമിച്ചതും ഒരേ പ്രതികളാണെന്നാണ് പൊലീസ് പറയുന്നത്.