‘മരിച്ച’ മൂന്നു വയസുകാരിക്ക് സംസ്‌കാര ചടങ്ങിനിടെ ജീവന്‍; മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും മരിച്ചു
മെക്‌സിക്കോയിലെ ഡോക്ടര്‍മാര്‍ മരിച്ചുവെന്ന് വിധിയെഴുതിയ മൂന്നു വയസുകാരി സംസ്‌കാര ചടങ്ങുകള്‍ക്കിടെ ജീവനോടെ എഴുന്നേറ്റു. മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും മരിക്കുകയും ചെയ്തു. മെക്‌സിക്കോയിലെ വില്ല ഡി റാമോസില്‍ ഓഗസ്റ്റ് പതിനേഴിനാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കാമില റൊക്‌സാന മാര്‍ട്ടിനെസ് മെന്‍ഡോസ എന്ന കുട്ടിയാണ് മരിച്ചത്. വീട്ടിലെത്തി സംസ്കാര ചടങ്ങുകൾ നടത്തുന്നതിനിടെയാണ് കാമിലയെ കിടത്തിയ ഗ്ലാസ് പാനലിന് മുകളില്‍ നീരാവി വരുന്നത് അമ്മയുടെ ശ്രദ്ധയില്‍പെട്ടത്. കുഞ്ഞിന്റെ മരണം ഉൾക്കൊള്ളാനാകാത്തതുകൊണ്ട് തോന്നുന്നതാണെന്ന് പറഞ്ഞ് എല്ലാവരും ഇത് അവഗണിക്കുകയായിരുന്നു. എന്നാൽ കാമില കണ്ണുതുറക്കുന്നത് മുത്തശ്ശിയും കണ്ടു. നാഡീ മിടിപ്പ് ഉണ്ടായിരുന്ന കാമിലയെ വീണ്ടും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വയറുവേദന, പനി ,ഛര്‍ദ്ദി എന്നിവയെ തുടര്‍ന്നാണ് കാമിലയെ വില്ലി ഡി റാമോസിലെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ പ്രാദേശിക ആശുപത്രി അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച്ചയാണ് ഉണ്ടായതെന്ന് പെണ്‍കുട്ടിയുടെ മാതാവ് മേരി ജെയ്ന്‍ മെന്‍ഡോസ ആരോപിച്ചു.-