ഗാനമേളയ്ക്കിടെ തര്‍ക്കവും വൈരാഗ്യവും; യുവാക്കളെ കാറിടിപ്പിച്ച ശേഷം കുത്തിക്കൊല്ലാന്‍ ശ്രമച്ച പ്രതികൾ അറസ്റ്റിൽ
സ്വന്തം ലേഖകൻ
നെടുങ്കണ്ടം: സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന യുവാക്കളെ കാറിടിപ്പിച്ചിട്ടശേഷം കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പ്രതികളെ കമ്പംമെട്ട് പോലീസ് അറസ്റ്റ് ചെയ്തു.
കട്ടേക്കാനം വൈശ്യംപറമ്പില്‍ സജു (36), ചക്കക്കാനത്തില്‍ സുബാഷ് (35), കോമ്പമുക്ക് ബ്ലോക്ക് നമ്പര്‍ 805-ല്‍ ശ്യാംകുമാര്‍ (32) എന്നിവരെയാണ് കമ്പംമെട്ട് സി.ഐ. വി.എസ്.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കൂട്ടാറിലാണ് സംഭവം നടന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂട്ടാര്‍ ചെമ്പകക്കാട്ട് അഖില്‍ (22) ആണ് നെഞ്ചില്‍ കുത്തേറ്റത്. അഖിലിനൊപ്പം സ്‌കൂട്ടറിലുണ്ടായിരുന്ന സുഹൃത്ത് നെടുമ്പള്ളില്‍ അരുണിന് കമ്പിവടികൊണ്ട് മര്‍ദനമേറ്റിരുന്നു.
കേസില്‍ സജുവാണ് ഒന്നാം പ്രതി. യുവാക്കളെ കാറിടിപ്പിച്ചതും അഖിലിനെ കുത്തിപ്പരിക്കേല്‍പ്പിച്ചതും സജുവാണെന്നാണ് യുവാക്കളുടെ മൊഴി. സജുവിനൊപ്പം സുബാഷും, ശ്യാംകുമാറും കാറിലുണ്ടായിരുന്നു.
യുവാക്കളെ മര്‍ദിക്കാന്‍ ഇവരും സഹായിച്ചതായി പോലീസ് പറഞ്ഞു. യുവാവിനെ കുത്താന്‍ ഉപയോഗിച്ച കത്തിയും, പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ചേലമൂട് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം പ്രമാണിച്ച ഞായറാഴ്ച രാത്രി ഗാനമേള നടന്നിരുന്നു. അഖിലും സുഹൃത്തുക്കളായ അരുണ്‍, അരവിന്ദ്, വിഷ്ണു എന്നിവര്‍ ഗാനമേള കേള്‍ക്കാനായി എത്തിയിരുന്നു.
ഗാനമേള നടക്കുന്ന സ്ഥലത്തുവെച്ച് സജുവും, യുവാക്കളുമായി വാക്കുതര്‍ക്കം ഉണ്ടാവുകയായിരുന്നു. തര്‍ക്കം ഉണ്ടായതോടെ യുവാക്കളോട് വീട്ടില്‍ പോകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്ന് ഒരു ബൈക്കിലും സ്‌കൂട്ടറിലുമായി യുവാക്കള്‍ മടങ്ങി. പിന്നാലെ കാറിലെത്തിയ സജു കൂട്ടാറില്‍ കരുണാപുരം പഞ്ചായത്ത് ഓഫീസിന് സമീപം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന അഖിലിനെയും അരുണിനെയും ഇടിച്ചുവീഴ്ത്തി. തുടര്‍ന്ന് വാഹനത്തിന് പുറത്തിറങ്ങിയ സജു അഖിലിന്റെ ഇടത് നെഞ്ചില്‍ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.
രണ്ട് വര്‍ഷം മുമ്പ് കൂട്ടാര്‍ എസ്.എന്‍.ഡി.പി.ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടയിലും യുവാക്കളും സജുവുമായി തര്‍ക്കമുണ്ടായിരുന്നതായും, സജുവിന് മര്‍ദനമേറ്റിരുന്നതായും പോലീസ് പറഞ്ഞു. ഈ വൈരാഗ്യത്തിലാണ് സജു യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അഖിലിന്റെ നെഞ്ചിലേറ്റത് ആഴത്തിലുള്ള മുറിവായിരുന്നെങ്കിലും ആന്തരികാവയവങ്ങള്‍ക്ക് പരിക്കേല്‍ക്കാഞ്ഞതിനാല്‍ രക്ഷപ്പെട്ടു. യുവാവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.