play-sharp-fill
കോട്ടയം ലോക്സഭാ മണ്ഡലത്തിലെ രണ്ടാം ഘട്ടം ഭിന്നശേഷി നിർണ്ണയ ക്യാമ്പ് മാർച്ച് ഒൻപത് മുതൽ

കോട്ടയം ലോക്സഭാ മണ്ഡലത്തിലെ രണ്ടാം ഘട്ടം ഭിന്നശേഷി നിർണ്ണയ ക്യാമ്പ് മാർച്ച് ഒൻപത് മുതൽ

സ്വന്തം ലേഖിക

കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തിലെ മുഴുവൻ ഭിന്നശേഷിക്കാർക്കും സൗജന്യമായി ചലന സഹായികളും മറ്റു ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുവാനുള്ള രണ്ടാം ഘട്ട ക്യാമ്പുകൾ മാർച്ച് 9 മുതൽ മൂന്നു ദിവസങ്ങളിലായി നടത്തും.

ലോക്സഭാ മണ്ഡലത്തിലെ കഴിഞ്ഞ ക്യാമ്പിൽ പങ്കെടുക്കാത്തവരായ ഭിന്നശേഷിക്കാർ ഈ അവസരം വിനിയോഗിക്കണമെന്ന് തോമസ് ചാഴികാടൻ എംപി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പള്ളം ബ്ലോക്കിന്റെ കീഴിലുള്ള അയർക്കുന്നം, കുറിച്ചി, പനച്ചിക്കാട്, പുതുപ്പള്ളി, വിജയപുരം പഞ്ചായത്തുകളിലെയും ഏറ്റുമാനൂർ ബ്ലോക്കിന്റെ കീഴിലുള്ള അതിരമ്പുഴ ആർപ്പൂക്കര, അയമനം, കുമരകം, തിരുവാർപ്പ്, നീണ്ടൂർ പഞ്ചായത്തുകളിലെയും, മാടപ്പള്ളി ബ്ലോക്കിലെ വാകത്താനം പഞ്ചായത്തിലെയും, കോട്ടയം, ഏറ്റുമാനൂർ മുനിസിപ്പൽ
പ്രദേശങ്ങളിലെയും ഭിന്നശേഷിക്കാർ 9-ാം തീയതി രാവിലെ 9:30 മുതൽ കുമാരനല്ലൂർ കമ്മൂണിറ്റി ഹാളിൽ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കണം.

വൈക്കം മുൻസിപ്പൽ പ്രദേശത്തെയും, വൈക്കം ബ്ലോക്കിന്റെ കീഴിലുള്ള ഉദയനാപുരം, ചെമ്പ്, ടി വി പുരം, തലയാഴം, മറവൻതുരുത്ത്, വെച്ചൂർ പഞ്ചായത്തുകളിലെയും കടുത്തുരുത്തി ബ്ലോക്കിന്റെ കീഴിലുള്ള കടുത്തുരുത്തി, കല്ലറ, തലയോലപ്പറമ്പ്, ഞീഴൂർ, മുളക്കുളം, വെള്ളൂർ പഞ്ചായത്തുകളിലെയും, ഉഴവൂർ ബ്ലോക്കിന്റെ കീഴിലുള്ള ഉഴവൂർ, മരങ്ങാട്ടുപിള്ളി, കുറവിലങ്ങാട്, കടപ്ലാമറ്റം, കാണക്കാരി, മാഞ്ഞുർ, രാമപുരം, വെളിയന്നൂർ പഞ്ചായത്തുകളിലെയും ഭിന്നശേഷിക്കാർ 10-ാം തീയതി രാവിലെ 9:30 മുതൽ കടുത്തുരുത്തി മിനി സിവിൽ സ്റ്റേഷൻ ഹാളിൽ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കണം.

പാലാ മുൻസിപ്പൽ പ്രദേശത്തെയും
ളാലം ബ്ലോക്കിന്റെ കീഴിലുള്ള കടനാട്, കരൂർ, കൊഴുവനാൽ,ഭരണങ്ങാനം, മീനച്ചിൽ, മുത്തോലി പഞ്ചായത്തുകളിലെയും പാമ്പാടി ബ്ലോക്കിന്റെ കീഴിലുള്ള പാമ്പാടി, അകലക്കുന്നം, എലിക്കുളം, കൂരോപ്പട, മീനടം, കിടങ്ങൂർ, മണർകാട് പഞ്ചായത്തുകളിലെയും ഭിന്നശേഷിക്കാർ 11-ാംതീയതി രാവിലെ 9:30 മുതൽ പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കണം.

എംപിയുടെ നിർദ്ദേശപ്രകാരം കേന്ദ്രസർക്കാർ സ്ഥാപനമായ അലീംകോയും, സാമൂഹ്യനീതി വകുപ്പും, ജില്ലാ ഭരണകൂടവും ചേർന്നാണ് രണ്ടാംഘട്ട ക്യാമ്പുകളും സംഘടിപ്പിക്കുന്നത്. എംപിയും, ജില്ലാകളക്ടറും, ത്രിതല പഞ്ചായത്ത് പ്രതിനിധികളും, ആരോഗ്യക്ഷേമം, ശിശു വികസനം തുടങ്ങിയ വകുപ്പുകളിലെ ഡോക്ടർമാരും ഉദ്യോഗസ്ഥരും ക്യാമ്പുകൾക്ക് നേതൃത്വം കൊടുക്കും. ആർച്ചു ബിഷപ്പ് കുന്നശ്ശേരി ഫൗണ്ടേഷൻ ക്യാമ്പുകളുടെ ക്രമീകരണത്തിനായി എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും എംപി അറിയിച്ചു.

ക്യാമ്പിൽ പങ്കെടുക്കുവാൻ പേര് രജിസ്റ്റർ ചെയ്യാത്തവർ എത്രയും വേഗം തങ്ങളുടെ സ്ഥലത്തെ അംഗനവാടി ടീച്ചറുടെ പക്കൽ പേര് രജിസ്റ്റർ ചെയ്യുകയോ, സോഷ്യൽമീഡിയയിലും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്തിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് നൽകിയോ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും എംപി അറിയിച്ചു.

കോട്ടയം ജില്ലയിലെയും എറണാകുളം ജില്ലയിലെ പിറവം നിയോജകമണ്ഡലത്തിലെയും ഒന്നാം ഘട്ടം ക്യാമ്പുകൾ പൂർത്തിയാക്കി 1100 ഓളം ഗുണഭോക്താക്കളെ ഇതിനോടകം തെരഞ്ഞെടുത്തിട്ടുണ്ട്. അവർക്കുള്ള ചലന സഹായ ഉപകരണങ്ങൾ അലിംകോ ഫാക്ടറിയിൽ നിർമിച്ചു വരുന്നു. കോട്ടയം ജില്ലയിലെ രണ്ടാം ഘട്ടം ക്യാമ്പിലെ ഗുണഭോക്താക്കളെ കൂടി തിരഞ്ഞെടുത്തതിനുശേഷം ഏപ്രിൽ മാസത്തിൽ ചലന സഹായി ഉപകരണങ്ങൾ വിതരണം ചെയ്യുമെന്നും എംപി അറിയിച്ചു.