ട്രാൻസ്ഫോർമറുകളിലെ ഫ്യൂസ് ഊരി തോട്ടിൽ എറിഞ്ഞു: പലചരക്ക്, ബേക്കറി കടകൾ ഉൾപ്പെടെ വ്യാപക മോഷണം, പ്രതിക്കായുള്ള സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊർജിതമാക്കി പോലീസ്
ഇടുക്കി: ട്രാൻസ്ഫോർമറിലെ ഫ്യൂസ് ഊരി തോട്ടിൽ എറിഞ്ഞ് വൈദ്യുതി മുടക്കിയ ശേഷം സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക മോഷണം. തൊടുപുഴ മൂലമറ്റം റൂട്ടിൽ കുടയത്തൂര്‍ കോളപ്ര മേഖലയിലെ വ്യാപാര സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്.
കോളപ്ര ഹൈസ്‌കൂള്‍ ജങ്ഷനിലുള്ള കല്ലംമാക്കല്‍ സ്റ്റോഴ്‌സ്, കുടയത്തൂര്‍ ബാങ്ക് ജംഗ്ഷനിലുള്ള പൊന്നൂസ് ബേക്കറി, പച്ചക്കറികട , ഡാഫോഡില്‍സ് ഫാമിലി ഷോപ്പ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. എല്ലായിടത്തും സ്ഥാപനങ്ങളുടെ താഴ് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്.
കല്ലംമാക്കല്‍ സ്റ്റോഴ്‌സില്‍ നിന്നും 800 രൂപയും, പച്ചക്കറി കടയില്‍ നിന്ന് 700 ഓളം രൂപയും, ഡാഫോഡില്‍സ് ഫാമിലി ഷോപ്പില്‍ നിന്ന് 3000 ത്തോളം രൂപയും നഷ്ടപ്പെട്ടു. കോളപ്ര, ശരംകുത്തി, കുടയത്തൂര്‍ സരസ്വതി സ്‌കൂള്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലെ ട്രാന്‍സ്‌ഫോര്‍മറിലെ ഫ്യൂസുകള്‍ എല്ലാം ഊരി മാറ്റിയതിന് ശേഷമാണ് മോഷ്ടാക്കള്‍ പ്രദേശത്ത് എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോളപ്രയിലെ ട്രാന്‍സ്‌ഫോര്‍മറിലെ എ ബി സ്വിച്ചിന്റെ ലിവര്‍ താഴ്ത്തിയ നിലയിലായിരുന്നു. സരസ്വതി സ്‌കൂള്‍ ജംഗ്ഷനിലെ ട്രാന്‍സ്‌ഫോര്‍മറിലെ ഫ്യൂസുകള്‍ സമീപത്തെ തോട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പുലർച്ച ആയതു കൊണ്ട് വൈദ്യുതി മുടങ്ങിയത് ജനങ്ങള്‍ അറിഞ്ഞിരുന്നില്ല.
തുടർന്ന് പിറ്റേ ദിവസം രാവിലെ വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് ട്രാന്‍സ് ഫോര്‍മറിലെ ഫ്യൂസുകള്‍ ഊരി മാറ്റിയ നിലയില്‍ കണ്ടത്. തിങ്കളാഴ്ച രാവിലെ തന്നെ വൈദ്യുതി വകുപ്പ് ജീവനക്കാര്‍ എത്തി വൈദ്യുതി വിതരണം പുനസ്ഥാപിച്ചു.
വ്യാപാര സ്ഥാപനങ്ങളില്‍ ഉണ്ടായിരുന്ന സി.സി.ടി.വി കാമറകളില്‍ മോഷ്ടാക്കളുടെ മുഖം പതിയാതിരിക്കാന്‍ ദിശ മാറ്റിയ നിലയിലാണ്. കുടയത്തൂരിലെ തടിമില്ലില്‍ നിന്നും കമ്പി നഷ്ടപ്പെട്ടു. ഇത് ഉപയാഗിച്ചാണ് വ്യാപാര സ്ഥാപനങ്ങളിലെ താഴ് തകര്‍ത്തത് എന്ന് കരുതുന്നു. സംഭവത്തിൽ കാഞ്ഞാര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.