വിവാഹവാഗ്ദാനം നല്കി രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെ നിരന്തരം പീഡിപ്പിച്ചു; തൊടുപുഴയിൽ അധ്യാപകനായ യുവാവ് അറസ്റ്റിൽ ; കുമളി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്; പിടിയിലാകുമ്പോൾ പ്രതിക്കൊപ്പം മറ്റൊരു സ്ത്രീയും
സ്വന്തം ലേഖകൻ
തൊടുപുഴ: വിവാഹ വാഗ്ദാനം നൽകി യുവതിയെ നിരന്തരം പീഡിപ്പിച്ച കേസിൽ അധ്യാപകനായ യുവാവ് അറസ്റ്റിൽ. അറക്കുളം കൂവപ്പള്ളി കുന്നപറമ്പിൽ അനിൽ പ്രഭയാണ് അറസ്റ്റിലായത്. കുമളി സ്വദേശിനിയുടെ പരാതിയിലാണ് ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ ബോറമ്പാലം എന്ന ഉൾഗ്രാമത്തിൽ നിന്നുമാണ് തൊടുപുഴ പൊലീസ് ഇയാളെ പിടികൂടിയത്. മൂന്നു വിവാഹം കഴിച്ചിട്ടുള്ള ഇയാളെ പിടികൂടുമ്പോഴും ഒപ്പം ഒരു സ്ത്രീയുണ്ടായിരുന്നു.
അനിലും സുഹൃത്തും ചേർന്ന് തൊടുപുഴയിൽ സ്വകാര്യ ജോബ് കൺസൾട്ടൻസി സ്ഥാപനം നടത്തിയിരുന്നു. സമൂഹ മാദ്ധ്യമങ്ങൾ വഴിയാണ് സ്ഥാപനത്തിന്റെ പ്രചാരണം നടത്തിയിരുന്നത്. ഹോം നഴ്‌സിനെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണ് രണ്ട് കുട്ടികളുടെ അമ്മയായ യുവതി സ്ഥാപനവുമായി ബന്ധപ്പെട്ടത്. തുടർന്ന് ജോലി ശരിയായിട്ടുണ്ടെന്ന് അറിയിച്ച് യുവതിയെ തൊടുപുഴയിലേക്ക് വിളിച്ചുവരുത്തി. 2022 മേയ് 28ന് തൊടുപുഴയിൽ പരാതിക്കാരിയെത്തി. തുടർന്ന് ജോലി ശരിയാക്കിത്തരാമെന്ന് ഉറപ്പ് നൽകിയ പ്രതി യുവതി താമസിച്ച നഗരത്തിലെ ലോഡ്ജിൽ അതിക്രമിച്ചുകയറി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ശേഷമാണ് വിവാഹവാഗ്ദാനം നൽകിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
താൻ വിവാഹ മോചിതനാണെന്നും കല്യാണം കഴിച്ച് ഒന്നിച്ച് ജീവിക്കാമെന്നും പറഞ്ഞാണ് യുവതിയെ വിശ്വസിപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരി 15വരെ ഇത് തുടർന്നെന്നും പൊലീസ് പറഞ്ഞു. പിന്നീട് പ്രതി യുവതിയെ കബളിപ്പിച്ച് ജോലിക്കായി തെലുങ്കാനയിലെ സെക്കന്ത്രാബാദിലേക്ക് പോയി. ഇതോടെയാണ് യുവതി പരാതി നൽകിയത്.
കഴിഞ്ഞ ഏപ്രിൽ നാലിനാണ് കുമളി സ്വദേശിനിയായ പട്ടികജാതി യുവതി ഡി.ജി.പി.ക്ക് പീഡന പരാതി നൽകിയത്. തുടർന്ന് കേസ് തൊടുപുഴ പൊലീസിന് കൈമാറുകയായിരുന്നു. പരാതിയിലെ വിവരങ്ങളിലൂടെ പ്രതിയെ മനസിലായ പൊലീസ് നിരന്തരമായി ആന്ധ്രാപ്രദേശ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തി.
സെക്കന്ത്രാബാദിലെത്തിയ പൊലീസ് സംഘം ലോക്കൽ പൊലീസിന്റെയും മലയാളി സമാജത്തിന്റെയും സഹായത്തോടെ അന്വേഷണം നടത്തുന്നതിനിടെ പ്രതി ഈസ്റ്റ് ഗോദാവരി ജില്ലയിലെ ബോറംമ്പാലം എന്ന സ്ഥലത്തേക്ക് കടന്നുകളഞ്ഞു. ഇവിടെയെത്തി ഒരു സ്‌കൂളിൽ അദ്ധ്യാപക ജോലി തരപ്പെടുത്തി. സ്‌കൂൾ അധികൃതർ ഏർപ്പാടാക്കിയ വീട്ടിൽ താമസവും തുടങ്ങി.പ്രതിക്ക് പിന്നാലെ ബോറമ്പാലത്തെത്തിയ പൊലീസ് സംഘം ലോക്കൽ പൊലീസിന്റെ സഹായത്തോടെ വീട് വളഞ്ഞ് പ്രതിയെ പിടികൂടുകയായിരുന്നു.
പ്രതി മൂന്ന് തവണ വിവാഹം കഴിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. പിടിയിലാകുമ്പോഴും ഒപ്പം ഒരു സ്ത്രീയും കുട്ടിയുമുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞുബുധനാഴ്ച കസ്റ്റഡിലെടുത്ത പ്രതിയെ ഇന്നലെ ഉച്ചകഴിഞ്ഞ് തൊടുപുഴയിൽ എത്തിച്ചു. പരാതിക്കാരിയെ എത്തിച്ച് പ്രതിയെ തിരിച്ചറിഞ്ഞ ശേഷം അറസ്റ്റ് രേഖപ്പെടുത്തി.
തൊടുപുഴ എസ്.ഐ ജി. അജയകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ പി.കെ. സലീം, സി.പി.ഒമാരായ ഇ.എ. നിസാർ, പി.ജി. മനു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.