play-sharp-fill
തീക്കോയിയിൽ ഉരുൾപൊട്ടി തകർന്നത് പത്തു ലക്ഷം രൂപയുടെ കൃഷി

തീക്കോയിയിൽ ഉരുൾപൊട്ടി തകർന്നത് പത്തു ലക്ഷം രൂപയുടെ കൃഷി

സ്വന്തം ലേഖകൻ

കോട്ടയം: ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ തീക്കോയി ഗ്രാമപഞ്ചായത്തിൽ വൻ കൃഷി നാശം. 10 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമാണ് ഇതുവരെ കണക്കാക്കിയിരിക്കുന്നത്.
പ്രകൃതിക്ഷോഭം രൂക്ഷമായിരുന്ന അഞ്ചാം വാർഡിലെ 30 ഏക്കർ, കാരികാട് ടോപ്പ് പ്രദേശങ്ങളിലെ നാശനഷ്ടങ്ങൾ ഇനിയും വിലയിരുത്താൻ കഴിഞ്ഞിട്ടില്ല. കട്ടുപ്പാറ, ഒറ്റയീട്ടി എന്നിവിടങ്ങളിൽ മാത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഏഴു ലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങളാണ്.
മലയോര മേഖലയായ ഇവിടെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മണ്ണിടിച്ചിലിൽ 1200 ലധികം റബർ മരങ്ങൾ വീണിരുന്നു. ടാപ്പിങ്ങില്ലാത്ത 500 റബർ മരങ്ങളും നശിച്ചു. മുപ്പതോളം കർഷകർക്ക് കനത്ത നഷ്ടമുണ്ടായി.
മണ്ണിടിച്ചിലിൽ 10 ഹെക്ടർ സ്ഥലത്തെ കൃഷി പൂർണമായും നശിച്ചു. വാഴകൾ, തെങ്ങ്, കവുങ്ങ്, കശുമാവ്, കാപ്പി, കുരുമുളക്, ഗ്രാമ്പൂ ,ജാതി, കൊക്കോ, കപ്പ, ഇഞ്ചി തുടങ്ങിയ കൃഷികളാണ് നശിച്ചത്. മഹാഗണി, തേക്ക് തുടങ്ങിയ മരങ്ങളും മണ്ണിടിച്ചിലിൽ കടപുഴകി വീണു.