play-sharp-fill
ഒടുവില്‍ മേയര്‍ സമ്മതിച്ചു; വെട്ടിച്ചത് മൂന്ന് സോണുകളില്‍ നിന്ന് നികുതിയായി പിരിച്ച 33 ലക്ഷം രൂപ; തട്ടിപ്പിന് കുടപിടിച്ചത് സിപിഎം; നികുതി അടച്ചവര്‍ വീണ്ടും കരം അടക്കേണ്ട ഗതികേടില്‍;  കോര്‍പ്പറേഷനില്‍ അരങ്ങേറിയത് വന്‍ തട്ടിപ്പ്

ഒടുവില്‍ മേയര്‍ സമ്മതിച്ചു; വെട്ടിച്ചത് മൂന്ന് സോണുകളില്‍ നിന്ന് നികുതിയായി പിരിച്ച 33 ലക്ഷം രൂപ; തട്ടിപ്പിന് കുടപിടിച്ചത് സിപിഎം; നികുതി അടച്ചവര്‍ വീണ്ടും കരം അടക്കേണ്ട ഗതികേടില്‍; കോര്‍പ്പറേഷനില്‍ അരങ്ങേറിയത് വന്‍ തട്ടിപ്പ്

സ്വന്തം ലേഖിക

തിരുവനന്തപുരം: കോര്‍പറേഷന്‍ ഓഫിസുകളില്‍ നടന്ന ലക്ഷങ്ങളുടെ നികുതി തട്ടിപ്പ് ഒടുവില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ സമ്മതിച്ചു.


തിരുവനനന്തപുരം കോര്‍പ്പേറഷനിലെ 33 ലക്ഷത്തിന്റെ നികുതി വെട്ടിപ്പിന് കുടപിടിച്ചത് ഭരണകക്ഷിയായ സിപിഎം. നാട്ടുകാര്‍ നികുതിയായി അടച്ച തുക രേഖപ്പെടുത്താതെയും രേഖപ്പെടുത്തിയത് അക്കൗണ്ടില്‍ വരവു വയ്ക്കാതെയുമായിരുന്നു വന്‍ വെട്ടിപ്പു നടന്നിരിക്കുന്നത്. ബിജെപി ഈ വിഷയം സജീവമായി ഉയര്‍ത്തി കൊണ്ടുവന്നതോടെയാണ് സിപിഎം വിഷയത്തില്‍ വെട്ടിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വന്‍ തട്ടിപ്പാണ് കോര്‍പ്പറേഷനില്‍ അരങ്ങേറിയത്. വീട്ടുകരം അടക്കം കൃത്യമായി അടച്ചവര്‍ക്ക് ഭീമമായ കുടിശിക നോട്ടീസുകള്‍ വന്നുതുടങ്ങിയതോടെയാണ് സംഭവം പുറത്തായത്. വസ്തു (കെട്ടിട) നികുതി, ലൈസന്‍സ് ഫീസ് ഇനങ്ങളില്‍ നഗരവാസികള്‍ അടച്ച തുക വര്‍ഷങ്ങളായി കണക്കില്‍ വരവു വച്ചിട്ടില്ല. 3 സോണല്‍ ഓഫിസുകളില്‍ നിന്നായി 33,54,169 രൂപ വരവു വയ്ക്കാത്തത് ഇതിനകം വ്യക്തമായി.

റസിഡന്റ്‌സ് അസോസിയേഷന്‍ മേഖലകളിലും മറ്റും കോര്‍പറേഷന്‍ ജീവനക്കാര്‍ നേരിട്ടെത്തി നികുതി ശേഖരിക്കാറുണ്ട്. ഇങ്ങനെ കൃത്യമായി നികുതി അടച്ചിരുന്ന മിക്കവരുടെ പേരിലും വന്‍ കുടിശികയാണു കംപ്യൂട്ടറില്‍ കാണിക്കുന്നത്.

പണം അടച്ചതിന്റെ മുന്‍ രസീതുകള്‍ കൃത്യമായി സൂക്ഷിച്ചു വച്ചവര്‍ അതുമായി നേരിട്ടെത്തി കണക്കു ശരിയാക്കേണ്ട സ്ഥിതിയാണ്. രസീതുകള്‍ ഇല്ലാത്തവരുടെ കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.

സോണല്‍ ഓഫിസുകളില്‍ ജനങ്ങളില്‍ നിന്നു സ്വീകരിക്കുന്ന പണം അന്നോ, തൊട്ടടുത്ത പ്രവൃത്തി ദിവസം രാവിലെ 12 ന് മുന്‍പോ വികാസ് ഭവനിലെ എസ്‌ബിഐ ബാങ്കിലെ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് അടയ്ക്കണമെന്നാണു നിര്‍ദ്ദേശം. ഇതിനായി ചുമതലപ്പെടുത്തിയ ജീവനക്കാര്‍ പണം ബാങ്കില്‍ അടയ്ക്കാതെയാണ് 33.54 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയത്.

കോര്‍പ്പറേഷനുമായി ബന്ധമുള്ള ബാങ്കുകളുടെ ശാഖകളിലൂടെ ടാക്സ് കളക്ടര്‍മാരുടെ കൂടി സഹായത്തോടെയാണ് ക്രമക്കേട് നടത്തിയിരിക്കുന്നത്. ടാക്സ് കളക്ടര്‍മാര്‍ രണ്ടരലക്ഷം പിരിച്ചാല്‍ അതില്‍ 25000 മാത്രം അടയ്ക്കുകയും ബാക്കി പണം സോണല്‍ ഓഫീസിലെ ജീവനക്കാര്‍ പങ്കിട്ടെടുക്കുന്നതുമാണ് പതിവ്. എല്ലാമാസവും കൃത്യമായ പങ്ക് കോര്‍പ്പറേഷനിലെയും ബാങ്കിലെയും ഉന്നതര്‍ക്ക് എത്തുന്നതായും സൂചനകളുണ്ട്.

ലോക്കല്‍ ഫണ്ട് ഓഡിറ്റ് പരിശോധനയിലാണ് ആദ്യം ക്രമക്കേടു കണ്ടെത്തിയത്. 5 ഉദ്യോഗസ്ഥരെ ഇതുവരെ സസ്‌പെന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം ഇവരെ അറസ്റ്റു ചെയ്യാന്‍ ഇതുവരെ തയ്യാറാകാത്തത്ത് ഒത്തുകളി സൂചിപ്പിക്കുന്നതാണ്.

അതിനിടെ നികുതി വെട്ടിപ്പിനെ ചൊല്ലിയുള്ള ബിജെപി സമരം അവസാനിപ്പിക്കാനുള്ള മേയറുടെ ശ്രമവും പാളിയതിനെ തുടർന്ന് ഇനി ചര്‍ച്ചയില്ലെന്ന് മേയര്‍ വ്യക്തമാക്കി. നികുതിയായി പിരിച്ച പണം ബാങ്കിലടയ്ക്കാതെ തട്ടിപ്പ് നടത്തി പിടിക്കപ്പെട്ട ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ബിജെപി നഗരസഭാ കൗണ്‍സില്‍ ഹാളില്‍ സമരം നടത്തുന്നത്. അന്വേഷണം പൂര്‍ത്തിയാകാതെ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാനുള്ള നിര്‍ദ്ദേശം നല്‍കാനാവില്ലെന്ന നിലപാട് മേയര്‍ ആവര്‍ത്തിച്ചതോടെ സമരം നഗരസഭയുടെ പുറത്തേക്ക് വ്യാപിപ്പിക്കാനാണ് ബിജെപി തീരുമാനം.