കുടംബവഴക്കിനെ തുടര്‍ന്ന് ഭാര്യ ഉപേക്ഷിച്ചുപോയി; ഇതിന് കാരണം മാതാപിതാക്കളാണെന്ന് ആരോപിച്ച് നിരന്തരം മര്‍ദ്ദനം; അച്ഛനോടും അമ്മയോടുമുള്ള പക ഉള്ളില്‍ കൊണ്ടുനടന്നത് പതിനാല് വര്‍ഷം; കൊന്നതിന് പിന്നാലെ അനില്‍ പറഞ്ഞത് കടമ നിറവേറ്റിയെന്ന്; തിരുവല്ലയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്……!
സ്വന്തം ലേഖിക
തിരുവല്ല: കുടുംബ വഴക്കിനെ തുടര്‍ന്ന് മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
കടപ്ര ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ പരുമല നാക്കട ആശാരിപറമ്പില്‍ കൃഷ്‌ണൻകുട്ടി (76), ഭാര്യ ശാരദ (70) എന്നിവരാണ് മരിച്ചത്.
സംഭവശേഷം കത്തിയുമായി അക്രമാസക്തനായി നിന്ന മകൻ അനില്‍കുമാറിനെ (52) നാട്ടുകാരും പൊലീസും ചേര്‍ന്ന് ബലംപ്രയോഗിച്ച് കീഴടക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ രാവിലെ 8.45 നാണ് സംഭവം. ദമ്പതികളുടെ ഇളയ മകനാണ് അനില്‍കുമാര്‍. മദ്യപാനിയായ ഇയാള്‍ നാലുവര്‍ഷം മുൻപുവരെ മാനസികരോഗത്തിന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കുടംബവഴക്കിനെ തുടര്‍ന്ന് 14 വര്‍ഷം മുൻപ് ഭാര്യ ഇയാളെ ഉപേക്ഷിച്ചുപോയിരുന്നു. ഇതിനുകാരണം മാതാപിതാക്കളാണെന്ന് ആരോപിച്ച് ഇയാള്‍ ഇവരെ മര്‍ദ്ദിക്കുമായിരുന്നു. സഹികെട്ട കൃഷ്ണൻകുട്ടിയും ശാരദയും മാസങ്ങള്‍ക്കു മുൻപ് വാടകവീട്ടിലേക്ക് മാറി.
മകനെതിരെ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.
രണ്ടു ദിവസം മുൻപ് ഇയാള്‍ മാതാപിതാക്കളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഇന്നലെ രാവിലെ വീണ്ടും വഴക്കുണ്ടായി. തുടര്‍ന്ന് കത്തി ഉപയോഗിച്ച് അനില്‍ ഇരുവരെയും വെട്ടുകയായിരുന്നു.
പരിക്കേറ്റ ഇരുവരും വീട്ടുമുറ്റത്തേക്ക് ഓടി. പിന്നാലെയെത്തിയ അനില്‍ വീണ്ടും വെട്ടി. ബഹളംകേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ കിണറിനു സമീപം കൃഷ്‌ണൻകുട്ടിയും ശാരദയും രക്തവാര്‍ന്ന് കിടക്കുന്നതാണ് കണ്ടത്.
ഇവരെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും കത്തിയുയര്‍ത്തി ഭീഷണിമുഴക്കി അനില്‍ നാട്ടുകാരെ ഓടിച്ചു. പിന്നീട് സ്ഥലത്തെത്തിയ പുളിക്കീഴ് പൊലീസ് നാട്ടുകാരുടെ സഹായത്തോടെ ഇയാളെ കീഴടക്കുകയായിരുന്നു.