രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരുനക്കര പകല്‍പ്പൂരം തിരികെ വരുന്നു; പ്രസിദ്ധമായ ഉത്സവത്തിന് മാര്‍ച്ച് 15ന് കൊടിയേറും; ഏറ്റുമാനൂര്‍ ഉത്സവവും പൊലിമയോടെ
സ്വന്തം ലേഖിക
കോട്ടയം: ഭക്തര്‍ക്കും ആനപ്രേമികള്‍ക്കും ആവേശം പകര്‍ന്ന് രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ പകല്‍പ്പൂരം തിരികെ വരുന്നു.
ക്ഷേത്രത്തിലെ പ്രസിദ്ധമായ ഉത്സവത്തിന് മാര്‍ച്ച് 15 ന് കൊടിയേറും. 24ന് സമാപിക്കും. പള്ളിവേട്ട ദിവസമായ 23നാണ് പകല്‍പ്പൂരം നടത്താന്‍ ക്ഷേത്രം ഉപദേശക സമിതി തീരുമാനിച്ചത്. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം കഴിഞ്ഞ രണ്ടു വര്‍ഷമായി പകല്‍പ്പൂരം നടത്താന്‍ സാധിച്ചിരുന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉത്സവത്തോടനുബന്ധിച്ച് 22നു നടക്കുന്ന വലിയവിളക്ക് ദേശവിളക്കായി ആഘോഷിക്കും. കഥകളി, സംഗീതസദസ്, ബാലെ, നാടകം, ഗാനമേള തുടങ്ങിയവയും ഉള്‍പ്പെടുത്തിയാണ് ഇത്തവണ ഉത്സവം ക്രമീകരിക്കുന്നതെന്ന് ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് ടി.സി. ഗണേഷും സെക്രട്ടറി അജയ് ടി. നായരും പറഞ്ഞു.
ഇത്തവണത്തെ ഏറ്റുമാനൂര്‍ ഉത്സവം ഏറെ പൊലിമയോടെ നടത്താന്‍ ഏറ്റുമാനൂര്‍ ക്ഷേത്രോപദേശക സമിതി യോഗത്തില്‍ തീരുമാനമായി. മാര്‍ച്ച് മൂന്ന് മുതല്‍ 12 വരെയാണ് ഉത്സവം. കഴിഞ്ഞവര്‍ഷം ഒഴിവാക്കിയ കൊടിക്കൂറ, കൊടിക്കയര്‍ സമര്‍പ്പണ ഘോഷയാത്രകള്‍ ഇത്തവണയുണ്ട്.
മാര്‍ച്ച് 10നാണ് ഏഴരപ്പൊന്നാന ദര്‍ശനവും വലിയ കാണിക്കയും. മതില്‍ക്കെട്ടിനുള്ളില്‍ ഏഴരപ്പൊന്നാനയെ ദര്‍ശിക്കാന്‍ സൗകര്യമൊരുക്കും. ഒന്നാം ഉത്സവം മുതല്‍ ആറാം ഉത്സവം വരെ മൂന്ന് ആനകളും ആറാം ഉത്സവം മുതല്‍ 10-ാം ഉത്സവം വരെ അഞ്ച് ആനകളും എഴുന്നള്ളിപ്പിന് ഉണ്ടാകും.
പൂവത്തുംമൂട്ടില്‍ നടക്കുന്ന ആറാട്ടിന് തിടമ്പെടുക്കുന്ന ആനയ്ക്കു പുറമേ രണ്ട് ആനകളും അകമ്പടിയേകും. ഉത്സവദിവസങ്ങളില്‍ രാത്രി 12നുശേഷം കലാപരിപാടികള്‍ ഉണ്ടാകില്ല.
ഏറ്റുമാനൂരിലും പകല്‍പ്പൂരം
2023ലെ ഉത്സവനാളില്‍ തൃശൂര്‍ പൂരം മോഡലില്‍ ഏറ്റുമാനൂരില്‍ പകല്‍പ്പൂരം നടത്തും. ക്ഷേത്രം ഉപദേശക സമിതിയുമായി സഹകരിച്ചാണ് പകല്‍പ്പൂരത്തിന് തുടക്കം കുറിക്കുന്നതെന്ന് സ്ഥലം എംഎല്‍എയും മന്ത്രിയുമായ വി.എന്‍. വാസവന് പറഞ്ഞു.
കേരളത്തിലെ തലയെടുപ്പുള്ള ഗജവീരന്മാരേയും മേളപ്രമാണിമാരേയും പങ്കെടുപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും മന്ത്രി വാസവന് പറഞ്ഞു. ഇന്നലെ ഏറ്റുമാനൂരില്‍ നടന്ന ഉത്സവ അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.