തിരുനക്കര ഉത്സവം പ്രതിസന്ധിയിൽ; കഴിഞ്ഞ വർഷം ഉത്സവം നടത്തിയതിൻ്റെ കണക്ക് ഒരു വർഷമായിട്ടും പുറത്ത് വിടാത്ത ഉപദേശക സമിതി കാലാവധി നീട്ടിത്തരണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ;65 ലക്ഷത്തിൻ്റെ കണക്ക് മുക്കിയ ഉപദേശക സമിതിക്കാരെ ക്ഷേത്രത്തിൻ്റെ പരിസരത്ത് അടുപ്പിക്കില്ലന്ന് ഭക്തർ

തിരുനക്കര ഉത്സവം പ്രതിസന്ധിയിൽ; കഴിഞ്ഞ വർഷം ഉത്സവം നടത്തിയതിൻ്റെ കണക്ക് ഒരു വർഷമായിട്ടും പുറത്ത് വിടാത്ത ഉപദേശക സമിതി കാലാവധി നീട്ടിത്തരണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ;65 ലക്ഷത്തിൻ്റെ കണക്ക് മുക്കിയ ഉപദേശക സമിതിക്കാരെ ക്ഷേത്രത്തിൻ്റെ പരിസരത്ത് അടുപ്പിക്കില്ലന്ന് ഭക്തർ

സ്വന്തം ലേഖകൻ

കോട്ടയം: കോവിഡ് പ്രതിസന്ധിക്കിടെ കഴിഞ്ഞ വർഷത്തെ ഉൽസവം ആഘോഷങ്ങളില്ലാതെ നടത്തിയിട്ടും വരവ് ചിലവ് കണക്ക് ദേവസ്വം ബോർഡിന് നല്കാതെ ഒളിച്ചുകളിച്ച് തിരുനക്കരയിലെ ക്ഷേത്ര ഉപദേശക സമിതി

ഉത്സവം നടത്തിപ്പിനു ഫണ്ട് കണ്ടെത്തുന്നതിനായി 65 ലക്ഷം രൂപയുടെ കൂപ്പണുകൾ ദേവസ്വം ബോർഡിൽ നിന്നും വാങ്ങിയിരുന്നു. ഈ കൂപ്പണുകൾ ഉപയോഗിച്ച് പിരിവ് നടത്തിയാണ് ഉത്സവ നടത്തിപ്പിനുള്ള പണം കണ്ടെത്തുന്നത്. എന്നാൽ 65 ലക്ഷം രൂപയുടെ കൂപ്പണുകൾ കിട്ടിയതല്ലാതെ എത്ര പിരിച്ചെന്നോ എത്ര ചിലവാക്കിയെന്നോ കണക്കില്ല; ഉൽസവം നടന്നിട്ട് ഒരു വർഷം ആയിട്ടും നാളിതുവരെ ഉപദേശക സമിതി കണക്ക് അവതരിപ്പിക്കുകയോ, ദേവസ്വം ബോർഡിന് കൈമാറുകയോ ചെയ്തിട്ടില്ല. കണക്ക് ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഉപദേശക സമിതി സെക്രട്ടറിക്ക് ദേവസ്വം ബോർഡ് പല തവണ കത്ത് നല്കിയെങ്കിലും കണക്കും ,കൂപ്പണും മിനിറ്റ്സ് ബുക്കും ഓഫീസിൽ നിന്നും പ്രസിഡൻ്റ് എടുത്തു കൊണ്ട് പോയി എന്നാണ് പറയുന്നത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ സെക്രട്ടറിയുടെ ഉത്തരവാദിത്വത്തിൽ സൂക്ഷിക്കേണ്ട രേഖകൾ പ്രസിഡൻ്റ് എടുത്തു കൊണ്ട് പോയി എന്ന് പറയുന്നതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്നിട്ടുണ്ട്. രേഖകൾ എടുത്തു കൊണ്ട് പോയി മാസങ്ങൾ കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് പോലിസിൽ പരാതി നല്കാത്തതെന്നും ഭക്തജനങ്ങൾ ചോദിക്കുന്നു.

ഇതിനിടെ ജനുവരി 8 ന് ഉപദേശക സമിതിയുടെ കാലാവധിയും കഴിഞ്ഞു. ഇതിനെ തുടർന്ന് ദേവസ്വം ബോർഡ് നിയമനടപടി ആരംഭിച്ചിട്ടുണ്ട്.

ഇതിനിടെ ഉപദേശക സമിതിയുടെ കാലാവധി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് ഉപദേശക സമിതി പ്രസിഡൻറ് ബി.ഗോപകുമാർ അടക്കമുള്ളവർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാൽ, ഉത്സവത്തിന്റെ കണക്ക് അടക്കമുള്ള രേഖകൾ ഹാജരാക്കിയതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനം എടുക്കാവൂ എന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു.

കണക്കും രേഖകളും തൻ്റെ കൈവശമുണ്ടെന്നും സെക്രട്ടറിയും ട്രഷററും ഒപ്പിടുന്ന മുറയ്ക്ക് ദേവസ്വം ബോർഡിന് കൈമാറുമെന്നും പ്രസിഡന്റ് ബി.ഗോപകുമാർ പറഞ്ഞു.

എന്നാൽ മിനിറ്റ്‌സ് ബുക്കും കുപ്പണുകളും കൊണ്ട് പോയിട്ട് മാസങ്ങളായെന്നും, തൻ്റെ അറിവും സമ്മതവുമില്ലാതെ അനധികൃതമായി എഴുതിയ മിനിറ്റ്‌സിൽ ഒപ്പിട്ട് നിയമ ലംഘനത്തിന് കൂട്ടുനിൽക്കാനാവില്ലന്നും, താനറിയാതെയാണ് ഉപദേശക സമിതിയുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് പ്രസിഡൻ്റ് ഗോപകുമാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നതെന്നും സെക്രട്ടറി പറഞ്ഞു.

എന്നാൽ ഭക്തജനങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ലന്നും നിയമ നടപടികൾ നീണ്ടുപോകുന്ന സാഹചര്യമുണ്ടായാൽ ദേവസ്വം ബോർഡ് നേരിട്ട് ഉത്സവം നടത്തുമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു