അക്ഷരനഗരിയിൽ കണ്ണിനും കാതിനും വിരുന്നായി തിരുനക്കരയിൽ പൂരം പെയ്തിറങ്ങി ; അണിനിരന്നത് 22 ഗജവീരന്മാർ ; തിരുനക്കരയപ്പൻ്റെ തിടമ്പേറ്റി തൃക്കടവൂർ ശിവരാജു
സ്വന്തം ലേഖകൻ
കോട്ടയം : തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ 22 ഗജവീരന്മാരുടെ തലപൊക്കത്തിൽ നടന്ന തിരുനക്കര പൂരം അവിസ്മരണീയമായി. ഏഴാം ഉത്സവ ദിവസമായ ഇന്ന് വൈകുന്നേരം നാല് മണി മുതലാണ് ഗജവീരന്മാർ ക്ഷേത്ര മൈതാനത്തേക്ക് എത്തിയത്.
11 ആനകൾ വീതമാണ് ഇരു ചേരുവാരങ്ങളിലുമായി അണിനിരന്നത്. ശിവശക്തി ഓഡിറ്റോറിയത്തിന് സമീപം പടിഞ്ഞാറൻ ചേരുവാരത്തിൽ ഗജവീരൻ തൃക്കടവൂർ ശിവരാജു 125 പവൻ തൂക്കമുള്ള തിരുനക്കരയപ്പന്റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ചതോടെ മേളത്തിന് തുടക്കമായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്ഷേത്ര മൈതനത്തിന് കിഴക്കേ അറ്റത്ത് ഗണപതി കോവിലിനു സമീപത്ത് കിഴക്കൻ ചേരുവാരത്ത് ഉഷശ്രീ ശങ്കരൻകുട്ടി ദേവിയുടെ തിടമ്പേറ്റി.
എഴുന്നള്ളിപ്പുകൾ മുഖാമുഖം എത്തിയപ്പോൾ പൂരം കാണാൻ എത്തിയവർക്ക് ആവേശം ഇരട്ടിയായി. നെറ്റിപ്പട്ടമണിഞ്ഞ കരിവീരന്മാർക്ക് മുകളിൽ ആലവട്ടവും, വെൺചാമരവും, മുത്തുക്കുടകളും ഉയർന്ന് താഴ്ന്നു.
തൃശൂർ പൂരത്തിന്റെ ഇലഞ്ഞിത്തറ മേളം പ്രമാണി കിഴക്കൂട്ട് അനിയൻമാരാരും 75 ഓളം കലാകാരന്മാരും ചേർന്നാണ് മേളം കൊഴുപ്പിച്ചത്. ആനച്ചമയം ഒരുക്കിയത് തൃശ്ശൂർ പാറമേക്കാവ് ദേവസ്വമായിരുന്നു.