തിരുനക്കര എൻ എസ് എസ് കരയോഗത്തിലെ കരുതൽ ഫണ്ടിലെ 10 ലക്ഷം കാണാനില്ല; ഭരണ സമിതിയിൽ കൂട്ടരാജി; കരയോഗ ഭരണ സമിതിയെ പറ്റി സമുദായ അംഗങ്ങളുടെ ഇടയിൽ നിന്ന് എണ്ണമറ്റ പരാതികൾ

തിരുനക്കര എൻ എസ് എസ് കരയോഗത്തിലെ കരുതൽ ഫണ്ടിലെ 10 ലക്ഷം കാണാനില്ല; ഭരണ സമിതിയിൽ കൂട്ടരാജി; കരയോഗ ഭരണ സമിതിയെ പറ്റി സമുദായ അംഗങ്ങളുടെ ഇടയിൽ നിന്ന് എണ്ണമറ്റ പരാതികൾ

സ്വന്തം ലേഖകൻ
കോട്ടയം : തിരുനക്കര എൻ എസ് എസ് കരയോഗത്തിലെ കരുതൽ ഫണ്ടിലെ 10 ലക്ഷം കാണാനില്ല. ഇതേ തുടർന്ന് കരയോഗ ഭരണ സമിതിയിൽ കൂട്ടരാജി സംഭവിച്ചു കഴിഞ്ഞു.
ഒരു കാലത്ത് ഏറ്റവും നല്ല കരയോഗത്തിനുള്ള അംഗീകാരം ലഭിച്ച തിരുനക്കര കരയോഗത്തിലെ ഭരണസമിതിയിലാണ് ഇപ്പോൾ തമ്മിലടി രൂക്ഷമായത്. കരയോഗ കെട്ടിട നവീകരണത്തിന് ശേഷം അവതരിപ്പിച്ചെന്ന് പറയുന്ന കണക്കിനെ ചൊല്ലിയാണ് പുതിയ വിവാദം.
 കെട്ടിടം പണിക്ക് സ്പോൺസർമാരുണ്ടെന്നും കരയോഗത്തിന് സാമ്പത്തിക ബാധ്യത ഇല്ലാതെ പണി പൂർത്തിയാക്കുമെന്ന് ഭരണ സമിതിയിലെ ഒരു കൂട്ടർ സമുദായ അംഗങ്ങൾക്ക് കരയോഗ വാർത്താ മാസികയായ ” സന്ദേശം ” വഴി രേഖാമൂലം ഉറപ്പ് നൽകിയിരുന്നു. ഇതിനെ തുടർന്ന് സമുദായത്തിലെ തന്നെ രണ്ട് വ്യക്തികൾ സ്പോൺസർമാരായി മുന്നോട്ട് വന്ന് കരയോഗ കെട്ടിട നവീകരണം പൂർത്തികരിച്ചു.
എന്നാൽ ഇതിനിടയ്ക്ക് പ്രസിഡൻ്റ് അറിയാതെ കരയോഗ കരുതൽ ഫണ്ടിലെ 10 ലക്ഷം രൂപ പിൻവലിച്ചതാണ് വിവാദങ്ങൾക്ക് തുടക്കം.
ഇതിന് പുറമെ കരയോഗത്തിലേക്ക് ഡസ്ക് , ജനറേറ്റർ എന്നിവ വാങ്ങുന്നതിന് വ്യാപക പിരിവും സമുദായ അംഗങ്ങൾക്കിടയിൽ ഇക്കൂട്ടർ നടത്തിയിരുന്നു .ഒരു വർഷം കഴിഞ്ഞിട്ടും പിരിച്ച തുകയുടെ കണക്കോ , വാങ്ങിയ സാധനങ്ങളോ കരയോഗത്തിൽ കാണുന്നില്ല.
ഇതിൽ പ്രതിക്ഷേധിച്ച് കരയോഗം പ്രസിഡൻ്റ് എ.കെ.ശിവൻകുട്ടി , മുനിസിപ്പൽ കൗൺസിലർ എസ്.ജയകൃഷ്ണൻ എന്നിവർ ഉൾപ്പെടെ 10 അംഗങ്ങൾ 15 അംഗ ഭരണ സമിതിയിൽ നിന്ന് രാജിവച്ചു. തുടർന്ന് ഭൂരിപക്ഷം നഷ്ടപ്പെട്ട കരയോഗത്തിലെ പ്രവർത്തനം ഇപ്പോൾ തടസപ്പെട്ട നിലയിലാണ്.
ഇക്കാലയളവിൽ കരയോഗ കെട്ടിടത്തിൽ വാടകയ്ക്ക് പ്രവർത്തിച്ചിരുന്ന കമ്പ്യൂട്ടർ സ്ഥാപനം പ്രവർത്തനം അവസാനിപ്പിക്കുന്നതായി അറിയിപ്പ് കൊടുത്ത് അഡ്വാൻസ് തുക തിരിച്ച് ചോദിച്ചത് രാജി വയ്ക്കാത്ത സെക്രട്ടറി നിരസിച്ചു.
സാങ്കേതികമായി ഭരണ സമിതി നിലവിൽ ഇല്ലാത്തതിനാൽ വാങ്ങിയ തുക ഇപ്പോൾ തരാൻ സാധിക്കില്ല എന്നായിരുന്നു മറുപടി.
എന്നാൽ  സെക്രട്ടറിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം മറ്റൊരു പിരിവ് കരയോഗ അംഗങ്ങളുടെ ഇടയിൽ നടത്തി കൊറോണ സഹായ ധന വിതരണം നടത്തുന്നതിൻ്റെ ചിത്രം നവമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു. ഒന്നര വർഷ കൊറോണ കാലത്തിനിടയ്ക്ക് ഒരു സഹായവിതരണവും നടക്കാത്ത തിരുനക്കര കരയോഗത്തിൽ ഇപ്പോൾ ഇങ്ങനെ ഒരു ചടങ്ങ് നടത്തിയത് സമീപകാലത്ത് നടക്കാനിരിക്കുന്ന ഭരണസമിതി തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ളതാണ് എന്നത് വ്യക്തം.
ശരിയായ മാനദണ്ഡങ്ങൾ പാലിക്കാതെ അർഹതയുള്ളവരെ തഴഞ്ഞ് നടത്തിയ ധനസഹായ വിതരണം കരയോഗ അംഗങ്ങളുടെ ഇടയിൽ ഇപ്പോൾ വൻ പ്രതിഷധത്തിന് കാരണമായിട്ടുണ്ട് .ഭൂരിപക്ഷം നഷ്ടപ്പെട്ട കരയോഗ ഭരണ സമിതിയെ പറ്റി സമുദായ അംഗങ്ങളുടെ ഇടയിൽ നിന്ന് ധാരാളം പരാതികൾ എൻ എസ് എസ് താലൂക്ക് യൂണിയനിലേക്ക് പ്രവഹിക്കുകയാണ്.
Tags :