തിരുനക്കര ബസ് സ്റ്റാന്‍ഡ് ഇനി പഴയ ബസ് സ്റ്റാന്‍ഡ് മൈതാനം : ആദ്യ പരിപാടി മുഖ്യമന്ത്രിയുടെ നവകേരള സദസ് 28നകം കെട്ടിടം പൊളിച്ച് മൈതാനമാക്കും
സ്വന്തം ലേഖകന്‍
കോട്ടയം: തിരുനക്കര ബസ് സ്റ്റാന്‍ഡ് ഇനി തിരുനക്കര പഴയ ബസ് സ്റ്റാന്‍ഡ് മൈതാനം എന്നറിയപ്പെടും. മൈതാനത്തെ ആദ്യ പരിപാടി മുഖ്യമന്ത്രിയുടെ നവകേരള സദസ്.
തിരുനക്കര മൈതാനത്ത് 13ന് നവകേരള സദസ് നടത്തായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ 5000 പേര്‍ക്കുള്ള ഇരിപ്പിടം തിരുനക്കര മൈതാനത്ത് ഒരുക്കാവില്ലന്ന് ജില്ലാ ഭരണകൂടം റിപ്പോര്‍ട്ട് നല്കി. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ പൊളിച്ചുകൊണ്ടിരിക്കുന്ന തിരുക്കര ബസ് സ്റ്റാന്‍ഡിലേക്ക് പരിപാടി മാറ്റാന്‍ കാരണം.
കെട്ടിടം പൊളിക്കല്‍ പകുതിയാകുന്നതേയുള്ളു. 28നകം പൊളിച്ച് അവശിഷ്ടങ്ങളെല്ലാം നീക്കി മൈതാനമാക്കി നല്കാനാണ് കരാറുകാര്‍ക്ക് നല്കിയ നിര്‍ദേശം. ഇവിടെ 5000 പേര്‍ക്ക് ഇരിക്കാനുള്ള വലിയ പന്തല്‍ നിര്‍മിക്കും. ഇതിന്റെ ഭാഗമായി ബുധനാഴ്ച മുതല്‍ രാത്രിയിലും കെട്ടിടം പൊളിക്കല്‍ നടക്കും. എംസി റോഡ് അടച്ചുകൊണ്ടാണ് രാത്രിയില്‍ കെട്ടിടം പൊളിക്കുന്നത്. എംസി റോഡിലൂടെ വരുന്ന വാഹനങ്ങള്‍ മറ്റു വഴികളിലൂടെ തിരിച്ചു വിട്ടിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗതാഗത നിയന്ത്രണം ബുധനാഴ്ച രാത്രി 10 മുതല്‍ രാവിലെ അഞ്ചു വരെയാണ്. ചങ്ങനാശേരി ഭാഗത്തു നിന്ന് ഏറ്റുമാനൂര്‍ ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങള്‍ നാട്ടകം സിമന്റു കവലയില്‍ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് പാറേച്ചാല്‍ ബൈപാസ് വഴി കയറി തിരുവാതുക്കല്‍, അറുത്തൂട്ടി, ചാലുകുന്ന് വഴി പോകേണ്ടതാണ്.
ചങ്ങനാശേരി ഭാഗത്തു നിന്ന് എംസി റോഡിലൂടെ വന്ന് കഞ്ഞിക്കുഴി,മണര്‍കാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മണിപ്പുഴ കവലയില്‍ നിന്ന് തിരിഞ്ഞ് മേല്‍പ്പാലം കയറി ദിവാന്‍ കവല, ദേവലോകം വഴി കഞ്ഞിക്കുഴിയില്‍ എത്തി പോകണം. രാത്രി വാഹന നിയന്ത്രണത്തിന് നഗരത്തില്‍ കൂടുതല്‍ പോലീസിനെയും നിയോഗിച്ചിട്ടുണ്ട്.