തിരുച്ചെന്തൂർ ക്ഷേത്രത്തിൽ ആന ഇടഞ്ഞു ; മലയാളിയടക്കം രണ്ടുപേരെ ചവിട്ടിക്കൊന്നു
തിരുച്ചെന്തൂർ : തമിഴ്‌നാട്ടിലെ പ്രശസ്തമായ തിരുച്ചെന്തൂർ ക്ഷേത്രത്തിലെ ആന മലയാളിയടക്കം രണ്ടുപേരെ ചവിട്ടിക്കൊന്നു. തിരുച്ചെന്തൂർ സ്വദേശിയായ പാപ്പാൻ ഉദയകുമാർ (45), പാറശ്ശാല സ്വദേശിയായ ബന്ധു ശിശുപാലൻ (55) എന്നിവരെയാണ് ആന ചവിട്ടിക്കൊന്നത്.
തിരുച്ചെന്തൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു പുറത്താണ് സംഭവം. ദൈവാനാ എന്ന ആനയാണ് ആക്രമണം നടത്തിയത്. പാറശ്ശാലയ്ക്ക് സമീപം പളുകല്‍ സ്വദേശിയായ ശിശുപാലൻ ദിവസങ്ങള്‍ക്ക് മുമ്ബാണ് ബന്ധുവിന്റെ വീടായ തിരുച്ചെന്തൂരിലെത്തിയത്. ഞായറാഴ്ച വൈകിട്ട് ആനയുടെ ഷെഡില്‍ ഭക്ഷണം കൊടുക്കവേ ആണ് സംഭവം. ആനയ്ക്ക് സമീപം നില്‍ക്കുകയായിരുന്ന ശിശുപാലനെ പെട്ടെന്ന് പ്രകോപിതനായ ആന ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. ഇതുകണ്ട് പാപ്പാൻ ഉദയകുമാർ ആനയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആന അദ്ദേഹത്തേയും ചവിട്ടി വീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു.
ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് ഉപയോഗിക്കുന്ന ആനയാണ് 25 വയസു വരുന്ന ദൈവാനാ.പ്രശസ്തമായ ആറുപടൈ വീട് തീർത്ഥാടനത്തില്‍ രണ്ടാമതായി കരുതപ്പെടുന്നതാണ് തിരുച്ചെന്തൂർ. തമിഴ് നാട്ടിലെ വിവിധ ഇടങ്ങളിലായുള്ള ആറ് പ്രധാനപ്പെട്ട മുരുക ക്ഷേത്രങ്ങളിലേക്കുള്ള തീർത്ഥാടനത്തില്‍ കടല്‍ തീരത്തുള്ള ഏക ക്ഷേത്രമാണിത് .
Whatsapp Group 1 | Whatsapp Group 2 |Telegram Group
തൂത്തുക്കുടി ജില്ലയില്‍ തിരുച്ചെന്തൂർ പട്ടണത്തിൻ്റെ കിഴക്കേ അറ്റത്ത് കടല്‍ തീരത്താണ് ഈ സുബ്രമണ്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്.കന്യാകുമാരിയില്‍ നിന്ന് 75 കിലോമീറ്റർ വടക്കുകിഴക്ക്, തിരുനെല്‍വേലിയില്‍ നിന്ന് 60 കിലോമീറ്റർ തെക്ക് കിഴക്ക്, തൂത്തുക്കുടിയില്‍ നിന്ന് 40 കിലോമീറ്റർ അകലെ ബംഗാള്‍ ഉള്‍ക്കടലിൻ്റെ തീരത്താണ് ക്ഷേത്ര സമുച്ചയം.