കോട്ടയം മാമ്മൂടിന് സമീപം പ്രവാസിയുടെ വീട്ടിൽ മോഷണം; സിസിടിവി ക്യാമറകളുടെ ഡി വി ആർ തകർത്തു നാലരലക്ഷം രൂപയുടെ മോഷണം നടത്തി ;പ്രതികൾ മറ്റൊരു കേസിൽ സബ് ജയിലിൽ ശിക്ഷ അനുഭവിക്കുന്നതിനിടയിൽ അറസ്റ്റ്
സ്വന്തം ലേഖകൻ
ചങ്ങനാശേരി: പ്രവാസി മലയാളിയുടെ മാമ്മൂട്ടിലുള്ള അടഞ്ഞു കിടന്ന വീട്ടില്‍ എട്ടുമാസംമുൻപ് മോഷണം നടത്തിയ കേസില്‍ കോട്ടയം സബ് ജയിലില്‍ കഴിഞ്ഞിരുന്ന രണ്ടു പേരെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല തുകലശേരി ശരത് ശശി(33), കായംകുളം പുല്ലുകുളങ്ങര സുധീഷ്(35) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സ്വിറ്റ്സര്‍ലന്‍ഡില്‍ കുടുംബസമേതം താമസിക്കുന്ന മാമ്മൂട് പാറുകണ്ണില്‍ ജോസഫ് ദേവസ്യയുടെ അടഞ്ഞു കിടന്ന വീട്ടിലാണ് മോഷണം നടന്നത്. വീട്ടിനകത്തെ വിദേശ നിര്‍മിതവും വിലപ്പിടിപ്പുള്ളതുമായ പൈപ്പ് ഫിറ്റിംഗ്സ്, ഉരുളി, നിലവിളക്ക്, വിലകൂടിയ പാത്രങ്ങള്‍ എന്നിവ ഉള്‍പ്പെടെ നാലരലക്ഷത്തോളം രൂപയുടെ സാധന സാമഗ്രികള്‍ മോഷണം നടത്തിയതായാണ് പ്രതികളുടെ പേരിലുള്ള കേസ് എന്ന് പോലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചങ്ങനാശേരി ഡിവൈഎസ്പി ശ്രീകുമാറിന്റെ നിര്‍ദേശപ്രകാരം തൃക്കൊടിത്താനം എസ്എച്ച്ഒ ഇ. അജീബ്, എസ്ഐ അഖില്‍ദേവ്, എഎസ്ഐ ഷിബു, സ്ക്വാഡ് അംഗങ്ങളായ തോമസ് സ്റ്റാന്‍ലി, സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: വൈകുന്നേരങ്ങളില്‍ ശരതും സുധീഷും ചേര്‍ന്ന് സ്കൂട്ടറില്‍ സഞ്ചരിച്ച് ആള്‍ത്താമസമില്ലാത്ത വീടുകള്‍ കണ്ടെത്തിവയ്ക്കും. പിന്നീട് അവസരം നോക്കി രാത്രിയില്‍ എത്തി മോഷ്ടിക്കുകയാണ് പതിവ്. ഇതേ രീതിയിലാണ് മാമ്മൂട്ടിലെ വീട് കണ്ടെത്തി പ്രതികള്‍ മോഷണം നടത്തിയത്. വീടിനു കാവല്‍ ഏല്‍പ്പിച്ചിരുന്ന ആള്‍ക്ക് സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വീട്ടില്‍ മോഷണം നടന്ന വിവരം മനസിലായത്.
ജോസഫ് ദേവസ്യ തൃക്കൊടിത്താനം പോലീസിനു നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സമാനരീതിയില്‍ മോഷണം നടത്തുന്ന കുറ്റവാളികളെക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മറ്റൊരു കേസില്‍ കോട്ടയം സബ് ജയിലില്‍ കഴിഞ്ഞിരുന്ന ശരത്തിനേയും സുധീഷനേയും പോലീസിന് പിടികൂടാന്‍ കഴിഞ്ഞത്. ഇരുവരുടെയും പേരില്‍ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളുള്ളതായി പോലീസ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ കോള്‍ വിവര ശേഖരം നടത്തി സൈബര്‍ സെല്ലിന്റെ സഹായത്തോടെയും വിശദമായ അന്വേഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.