തേക്കടി ബോട്ട് ദുരന്തം; 15 വർഷങ്ങള്‍ക്ക് ശേഷം കേസിന്റെ വിചാരണ നാളെ ആരംഭിക്കും; കുറ്റപത്രം സമർപ്പിച്ച് 5 വർഷം കഴിഞ്ഞിട്ടും വിചാരണ ആരംഭിക്കാത്തതിനെതിരെ രൂക്ഷ വിമർശനം
ഇടുക്കി: കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച തേക്കടി ബോട്ട് ദുരന്തം നടന്ന് 15 വർഷങ്ങള്‍ക്ക് ശേഷം കേസിന്റെ വിചാരണ നാളെ ആരംഭിക്കും.
കുറ്റപത്രം സമർപ്പിച്ച് 5 വർഷം കഴിഞ്ഞിട്ടും വിചാരണ ആരംഭിക്കാതിരുന്നത് രൂക്ഷ വിമർശനത്തിനിടയാക്കിയിരുന്നു. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ബോട്ട് ദുരന്തമായിരുന്നു തേക്കടി ബോട്ട് ദുരന്തം.
വ്യാഴാഴ്ച തൊടുപുഴ ഫോര്‍ത്ത് അഡീഷണല്‍ സെക്ഷന്‍സ് കോടതിയിലാണ് കേസിന്‍റെ വിചാരണ തുടങ്ങുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഇ എ റഹീമാണ് ഹാജരാകുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2009 സെപ്റ്റംബര്‍ 30നായിരുന്നു കെടിഡിസിയുടെ ഇരുനില ബോട്ടായ ജലകന്യക മുങ്ങി 23 വനിതകളടക്കം 45 പേര്‍ മരിച്ച തേക്കടി ദുരന്തമുണ്ടായത്. മരിച്ചവരെല്ലാം 50 വയസില്‍ താഴെയുള്ളവരായിരുന്നു. ഇതില്‍ ഏഴിനും 14നും ഇടയില്‍ പ്രായമുള്ള 13 കുട്ടികളുണ്ടായിരുന്നു.
ബോട്ടില്‍ 82 വിനോദ സഞ്ചാരികളാണ് ഉല്ലാസയാത്ര നടത്തിയത്. ബോട്ട് ലാന്‍ഡിംഗില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലയായിരുന്നു അപകടം. നേവിയുടെ മുങ്ങല്‍ വിദഗ്ദ്ധര്‍ക്കൊപ്പം കുമളിയിലെ ടാക്‌സി ഡ്രൈവര്‍മാരും ജനങ്ങളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
നാട്ടുകാരാണ് 26 മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നേവിയുടെ സഹായത്തിലാണ് മറ്റ് ശവശരീരങ്ങള്‍ കണ്ടത്തിയത്. മരണപ്പെട്ടവരിലേറെയും തമിഴ്‌നാട്, ബംഗളൂരു, ആന്ധ്രാപ്രദേശ്, ഹൈദരാബാദ്, മുംബൈ, ഹരിയാന, ഡൽഹി, കല്‍ക്കട്ട എന്നീ പ്രദേശങ്ങളില്‍ നിന്നുള്ളവരായിരുന്നു.