നാലു ലക്ഷം രൂപയുടെ ഓട്ടോമോഷ്ടിക്കും: തോന്നുന്ന വിലയ്ക്ക് തമിഴ്‌നാട്ടിൽ വിൽക്കും; സോക്‌സിട്ട് പ്രഫഷണൽ രീതിയിൽ മോഷണം നടത്തുന്ന കള്ളൻ സി.സി.ടി.വി ക്യാമറയിൽ കുടുങ്ങി
സ്വന്തം ലേഖകൻ
കൊച്ചി: സ്‌കൂളിൽ മോഷണം നടത്തുകയും, ഓട്ടോറിക്ഷകൾ മോഷ്ടിച്ച് തമിഴ്‌നാട്ടിൽ എത്തിച്ച് കുറഞ്ഞ വിലയ്ക്കു വിൽക്കുകയും ചെയ്യുന്ന മോഷ്ടാവിനെ എറണാകുളത്തു നിന്നും പൊലീസ് പിടികൂടി. സ്‌കൂളിൽ മോഷണം നടത്തിയതിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ കണ്ടാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്‌കൂളിൽ മോഷണം നടത്തിയ കേസിൽ പിടിയിലായ സുഹൈലാണ് പിടിയിലായത്. ഇയാൾ അറുപതോളം മോഷണകേസിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. മോഷണം നടത്തിയിട്ട് തെളിവൊന്നും അവശേഷിപ്പിക്കാതെ കടന്നു കളയുന്നതാണ് സുഹൈലിന്റെ മോഷണ രീതി. മുഖം മറച്ച് എത്തുന്ന ഇയാൾ വിരലടയാളം പോലും അവശേഷിപ്പിക്കാതിരിക്കാൻ സോക്സ് കൈയിൽ ധരിച്ചാണ് മോഷണം നടത്താറെന്ന് പൊലീസ് പറഞ്ഞു. അതുകൊണ്ട് തന്നെ മോഷണസ്ഥലത്ത് നിന്ന് ലഭിച്ച തെളിവിൽ ഇയാളുടെ വിരലടയാളം ലഭിച്ചിരുന്നില്ല.
എന്നാൽ സി.സി. ടി.വി യുടെ കണക്ഷൻ വിച്ഛേദിക്കുന്നതിന് മുമ്ബ് അവശേഷിച്ച വീഡിയോ ദൃശ്യങ്ങളാണ് ഇയാളെ കുടുക്കിയത്. പാലക്കാട് ജില്ലയിലെ മോഷണ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത പ്രതിയെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വരാപ്പുഴ പൊലീസ് ചോദ്യം ചെയ്തതിൽ നിന്നാണ് കുറ്റം തെളിഞ്ഞത്. ഓട്ടോ സുഹൈൽ എന്ന വിളിപ്പേരുള്ള ഇയാൾ ആപ്പേ വാഹനം മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് മറിച്ചു വിൽക്കുന്ന സംഘത്തിലെ പ്രധാനിയാണ്. നാലു ലക്ഷം രൂപ വില വരുന്ന വാഹനം കുറഞ്ഞ തുകയ്ക്കാണ് ഇയാളടങ്ങുന്ന നാലംഗ സംഘം പഴനി, തേനി തുടങ്ങിയ സ്ഥലങ്ങളിൽ മറിച്ചു വിൽക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അടുത്തകാലത്താണ് ഇയാൾ സ്‌കൂളുകളിലെ മോഷണത്തിലേക്ക് തിരിയുന്നത്. കൂനമ്മാവ് സെന്റ്. ഫിലോമിനാസ് ഹൈസ്‌കൂളിൽ നിന്നും 1,51,000 രൂപയും വൈഫൈ റൂട്ടർ, കമ്ബ്യൂട്ടർ ഹാർഡ് ഡിസ്‌ക് എന്നിവയുമാണ് മോഷ്ടിച്ചത്. സ്വകാര്യ ബസിലെത്തി മോഷണം നടത്തിയ ഇയാൾ രാത്രി മുഴുവൻ സ്‌കൂളിൽ ചെലവഴിച്ചതായി പൊലീസ് പറയുന്നു. ഇയാൾക്കെതിരെ എറണാകുളം, മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലായി നാൽപ്പതോളം വാഹന മോഷണ കേസുകളും തൃശൂർ ജില്ലയിലെ മതിലകം സ്‌കൂളിൽ നിന്നും 4 ലക്ഷത്തോളം രൂപ മോഷണം ചെയ്ത കേസുമുണ്ട്. ഹൈസ്‌കൂൾ വിദ്യാഭ്യാസം മാത്രമുള്ള ഇയാൾ മോഷണത്തിനായി കമ്ബ്യൂട്ടർ ഹാർഡ് വെയറിലും, സി.സി.ടി.വി. ഓപ്പറേഷനിലും ക്രാഷ് കോഴ്‌സ് ചെയ്തിരുന്നു. പ്രതിയെ വരാപ്പുഴ സബ് ഇൻസ്‌പെക്ടർ ഇ.വി.ഷിബുവിന്റെ നേതൃത്വത്തിൽ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. സ്‌കൂൾ പരിസരത്തെ കിണറിൽ പ്രതി ഉപേക്ഷിച്ച സാമഗ്രികൾ കണ്ടെടുത്തു. തൃശൂർ വാടാനപ്പള്ളി രായം സ്വദേശിയാണ് സുഹൈൽ.