കോട്ടയത്ത് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടയാളെ സഹായിക്കാനെന്ന വ്യാജേനയെത്തി മോഷണം; രണ്ട് യുവാക്കൾ പിടിയിൽ
സ്വന്തം ലേഖിക
കോട്ടയം: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെട്ടിടനിര്മാണത്തൊഴിലാളിയെ സഹായിക്കാനെന്ന വ്യാജേന എത്തി പണവും സ്വര്‍ണവും സ്കൂട്ടറും മോഷ്ടിച്ച കേസില്‍ രണ്ട് യുവാക്കള്‍ പൊലീസ് പിടിയിൽ.
വടവാതൂര്‍ പുത്തന്‍പുരയ്ക്കല്‍ ജസ്റ്റിന് സാജന് (20), മുട്ടമ്പലം സ്വദേശിയും മാന്നാനം കുട്ടിപ്പടി ഭാഗത്തു താമസിക്കുന്നയാളുമായ പരിയരത്തുശേരി ഡോണ്‍ മാത്യു (25) എന്നിവരെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആലപ്പുഴ എഴുപുന്ന സ്വദേശി രജീഷിന്റെ മാലയും സ്കൂട്ടറും ഉള്‍പ്പെടെയാണ് മോഷണം പോയത്. 6,500 രൂപയും സ്വര്‍ണമാലയും സ്കൂട്ടറും ആണ് മോഷ്ടിച്ചത്.
രണ്ടാഴ്ച മുന്‍പ് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. കഞ്ഞിക്കുഴിയില്‍ കെട്ടിടനിര്‍മാണ ജോലിയുമായി ബന്ധപ്പെട്ട് എത്തിയ രജീഷിന് സംഭവ ദിവസം വെറ്റിലയും പുകയിലയും ചേര്‍ത്തു മുറുക്കിയതിനെ തുടര്‍ന്ന് സ്കൂട്ടറില്‍ യാത്രചെയ്യാന്‍ ഒരുങ്ങവേ തലകറക്കം അനുഭവപ്പെടുകയായിരുന്നു.
ഈ സമയം എത്തിയ ജസ്റ്റിനും ഡോണും ആശുപത്രിയില്‍ എത്തിക്കാമെന്നു വിശ്വസിപ്പിച്ച് രജീഷിനെ സ്കൂട്ടറില്‍ കയറ്റി റെയില്‍വേ സ്റ്റേഷന് ഗോഡൗണ്‍ ഭാഗത്തെത്തിച്ചു കവര്‍ച്ച നടത്തുകയായിരുന്നു. ഇവരുടെ 2 സുഹൃത്തുക്കളും ചേര്‍ന്നാണ് മോഷണം നടത്തിയത്.
രജീഷിന്റെ കാതില്‍ ഉണ്ടായിരുന്ന സ്വര്‍ണ കടുക്കനും ഇവര്‍ ഊരിയെടുത്തു. പിന്നീട് രജീഷിനെ ട്രാക്കിനു സമീപത്തേക്ക് തള്ളിയിട്ടശേഷം സ്കൂട്ടറില്‍ കടന്നുകളയുകയായിരുന്നുവെന്ന് സ്റ്റേഷന് ഹൗസ് ഓഫിസര്‍ റിജോ പി.ജോസഫ് പറഞ്ഞു.
സംഭവത്തില്‍ രജീഷ് പരാതി നല്കി അന്വേഷണം ആരംഭിച്ചതോടെ പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു.
ഡിവൈഎസ്പി ജെ.സന്തോഷ്കുമാറിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് ഒന്നും രണ്ടും പ്രതികള്‍ പൊലീസ് പിടിയിലായത്. എസ്ഐമാരായ അനീഷ് കുമാര്‍, ചന്ദ്രബാബു, ഗ്രേഡ് എസ്ഐമാരായ ഷിബുക്കുട്ടന്, ശ്രീരംഗന്‍, രാജ്മോഹന്‍ എന്നിവരും അന്വേഷണത്തില്‍ പങ്കെടുത്തു.
പ്രതികളെ കോടതി ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസില്‍ രണ്ടു പേരെക്കൂടി പിടികൂടാനുണ്ട്.