തിയേറ്റർ ഉടമയ്‌ക്കെതിരെ കേസെടുത്ത പോലീസ് നാണക്കെട്ട് ഒടുവിൽ കേസ് പിൻവലിച്ചു.

തിയേറ്റർ ഉടമയ്‌ക്കെതിരെ കേസെടുത്ത പോലീസ് നാണക്കെട്ട് ഒടുവിൽ കേസ് പിൻവലിച്ചു.

Spread the love

ബാലചന്ദ്രൻ

തിരുവനന്തപുരം: എടപ്പാൾ തിയേറ്റർ പീഡനകേസിൽ പീഡനദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നും സംഭവം യഥാസമയം പോലീസിനെ അറിയിച്ചില്ലെന്നും ആരോപിച്ച് ഉടമ ഇ.സി. സതീശനെതിരേ ചങ്ങരംകുളം പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കുന്നു. സതീശനെ അറസ്റ്റ് ചെയ്തതു വൻവിവാദമായതിനെ തുടർന്നാണ് തീരുമാനം. സതീശനെതിരായ കേസ് പിൻവലിക്കാനുള്ള നിർദേശം ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ഇന്നലെ രാത്രി തൃശൂർ ഐ.ജി എം.ആർ.അജിത്കുമാറിനു കൈമാറി. കൂടാതെ അദ്ദേഹത്തെ കേസിൽ മുഖ്യസാക്ഷിയാക്കും. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻ നായരുടെ നിയമോപദേശപ്രകാരമാണിത്.
അന്വേഷണം വൈകിപ്പിച്ചതു ചങ്ങരംകുളം എസ്.ഐ കെ.ജി. ബേബിയാണെന്നും സതീശനെ പ്രതിയാക്കിയതു കേസ് അട്ടിമറിക്കാനാണെന്നും നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടി. ഒരു പ്രാദേശിക രാഷ്ട്രീയനേതാവിനോടു ചർച്ചചെയ്തശേഷമാണു പെൻഡ്രൈവിൽ പകർത്തിയ ദൃശ്യങ്ങൾ തിയേറ്റർ അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകർക്കു കൈമാറിയത്. അതിൽ അപാകതയില്ല. അന്വേഷണം ആറുദിവസം വൈകിച്ചതിന്റെ ഉത്തരവാദിത്വം എസ്.ഐക്കാണെന്നും നിയമോപദേശത്തിൽ പറയുന്നു. സതീശന്റെ അറസ്റ്റ് വിവാദമായതോടെ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയാണു പ്രേസിക്യൂഷൻസ് ഡയറക്ടർ ജനറലിന്റെ ഉപദേശം തേടിയത്. അതേസമയം, അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറാൻ ഡി.ജി.പി ബെഹ്റ ഉത്തരവിട്ടു. തിയേറ്റർ ഉടമയെ അറസ്റ്റ് ചെയ്ത മലപ്പുറം ഡി.സി.ആർ.ബി. ഡി.വൈ.എസ്.പി: ഷാജി വർഗീസിനെ സ്ഥലംമാറ്റി. അടിയന്തരമായി പോലീസ് ആസ്ഥാനത്തു റിപ്പോർട്ട് ചെയ്യാനാണു ഡി.ജി.പിയുടെ നിർദേശം. സതീശന്റെ അറസ്റ്റ് വിവാദത്തിൽ അന്വേഷണോദ്യോഗസ്ഥനായ തൃശൂർ ഐ.ജി എം.ആർ. അജിത്കുമാറിനെ ഡി.ജി.പി. ശാസിച്ചിരുന്നു. ഇതേത്തുടർന്നു മലപ്പുറം എസ്.പി പ്രതീഷ്‌കുമാർ ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് അന്വേഷണത്തിൽ പുലർത്തേണ്ട ജാഗ്രത സംബന്ധിച്ചു നിർദേശം നൽകി.