പോലീസുകാർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കുന്നത് പതിവ് പരിപാടിയായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പോലീസുകാർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കുന്നത് പതിവ് പരിപാടിയായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

മാളവിക

ആലുവ: എടത്തല ബൈക്ക് യാത്രികനെ മർദിച്ച സംഭവത്തിൽ എ.എസ്.ഐ. ഉൾപ്പെടെ നാലു പോലീസുകാർക്കെതിരേ ക്രിമിനൽ കുറ്റത്തിനു കേസെടുത്തു. അന്യായമായ തടങ്കലിനും കൈയേറ്റം ചെയ്തു മുറിവേൽപ്പിച്ചതിനും സെക്ഷൻ 342, 323 വകുപ്പുപ്രകാരമാണു കേസെടുത്തതെന്നു ഡി.വൈ.എസ്.പി കെ.ബി. പ്രഫുല്ലചന്ദ്രൻ പറഞ്ഞു. പോലീസ് മർദനത്തിൽ പരുക്കേറ്റ എടത്തല കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാൻ (39) ചുണങ്ങംവേലി രാജഗിരി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പോക്സോ കേസ് പ്രതിയുമായി പോലീസുകാർ സഞ്ചരിച്ച വാഹനമിടിച്ച് ഉസ്മാന്റെ ബൈക്ക് മറിഞ്ഞതിലെ തർക്കമാണു മർദനത്തിൽ കലാശിച്ചത്. കൃത്യനിർവഹണം തടസപ്പെടുത്തിയതിന് ഉസ്മാനെതിരേയും കേസെടുത്തിട്ടുണ്ട്. 2011 ൽ എസ്.ഐയായിരുന്ന നിഷാദ് ഇബ്രാഹിമിനെ ആക്രമിച്ച കേസിൽ ഇയാൾ പ്രതിയാണെന്നു സി.ഐ വിശാൽ ജോൺസൺ പറഞ്ഞു. കേസിന്റെ വിചാരണ പുരോഗമിക്കുകയാണ്. അന്നു മർദനത്തിനിരയായ എസ്.ഐ. നിലവിൽ മജിസ്ട്രേറ്റാണ്. ഗ്രേഡ് എ.എസ്.ഐ പുഷ്പരാജ്, സീനിയർ സി.പി.ഒ ജലീൽ, സി.പി.ഒ അഫ്സൽ എന്നിവരെയാണ് എ.ആർ ക്യാമ്പിലെ തീവ്രപരിശീലന വിഭാഗത്തിലേക്കു മാറ്റിയത്. എസ്.ഐ ജി. അരുൺ, ഗ്രേഡ് എ.എസ്.ഐ ഇന്ദുചൂഢൻ എന്നിവർക്കെതിരെയാണു വകുപ്പുതല അന്വേഷണം.
സംഭവത്തിൽ പോലീസുദ്യോഗസ്ഥർക്ക് വീഴ്ച്ച സംഭവിച്ചെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പോലീസ് നടപടികളിൽ തെറ്റുണ്ടായെന്ന് അദ്ദേഹം വ്യക്തമാക്കിയതേടെ തുടർച്ചയായി മൂന്നാം ദിവസവും പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചിരുന്നു. ഉസ്മാനിൽ നിന്നും മോശം പെരുമാറ്റം ഉണ്ടായെങ്കിൽ അയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുകയാണ് പോലീസ് ചെയ്യേണ്ടത് എന്നാൽ ഇവിടെ സാധാരണക്കാരെ പോലെ രോക്ഷം തീർക്കുകയാണ് പോലീസ് ചെയ്തത്. ഉസ്മാനെക്കുറിച്ച് അന്വേഷിക്കാൻ പോയ തന്റെ ബന്ധുകൾക്ക് നേരെ പോലീസ് അസഭ്യ പറഞ്ഞെന്നും അൻവാർ സാദത്ത് പരാതിപ്പെട്ടു. പോലീസുകാർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കുന്നത് പതിവ് പരിപാടിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.