
വാദിയുടെ വക്കാലത്തും പണവും ,പ്രതിഭാഗത്തിനൊപ്പം കൂടിയ വക്കീലിന് എട്ടിൻ്റെ പണി; അഭിഭാഷകനെ മൂന്ന് വർഷത്തേക്ക് ബാർ കൗൺസിൽ വിലക്കി
സ്വന്തം ലേഖകൻ
കൊല്ലം: കേസുകളില്‍ പ്രതിഭാഗവുമായി ചേര്‍ന്ന് വാദിയെ കബളിപ്പിച്ച് പണം തട്ടിയ അഭിഭാഷകനെ കോടതികളില്‍ ഹാജരാകുന്നതില്‍ നിന്ന് കേരള ബാര്‍ കൗണ്‍സില്‍ മൂന്നു വര്‍ഷത്തേക്ക് വിലക്കി.
കരുനാഗപ്പള്ളി ബാറിലെ അഭിഭാഷകന് സജ്ജു കിരണിനാണ് നടപടി നേരിടേണ്ടി വന്നത്. കരുനാഗപ്പള്ളി കാട്ടില്‍ക്കടവ് ഓംകാര സ്വരൂപാനന്ദ മഠം (ശിവപുരി ട്രസ്റ്റ്) മഠാധിപതി സ്വാമി പിതാ ജ്യോതിര്‍മയാനന്ദ നല്കിയ പരാതിയിലാണ് വിലക്ക്. കേസിന് ചെലവായ 50,000 രൂപ വാദിഭാഗത്തിന് അഭിഭാഷകന് നല്‍കണമെന്നും കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിനെപ്പറ്റി മഠം അധികൃതര്‍ പറയുന്നതിങ്ങനെ!
അര നൂറ്റാണ്ട് പഴക്കമുള്ള മഠത്തില്‍ 2012 കാലയളവില്‍ പിരിവിനെത്തിയവര്‍ക്ക് തുക നല്‍കാതിരുന്നതാണ് സംഭവങ്ങളുടെ തുടക്കം. 50,000 രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്. അടിസ്ഥാനമില്ലാത്ത ആവശ്യമാണെന്ന് മനസിലാക്കിയാണ് പിരിവ് നിഷേധിച്ചത്.
ഇതോടെ മഠത്തിനെതിരെ കള്ളക്കേസുകള്‍ വിവിധ കോടതികളും പൊലീസ് സ്റ്റേഷനുകളിലുമൊക്കെ നല്കി. കേസുകളുടെ നടത്തിപ്പിന് വേണ്ടിയാണ് അഡ്വ. സജ്ജു കിരണിനെ മഠത്തില്‍ നിന്ന് ബന്ധപ്പെട്ടത്. മുഴുവന്‍ കേസുകളുടെയും വക്കാലത്ത് ഏറ്റെടുത്ത സജ്ജു ഇതിനായി വക്കീല്‍ ഫീസായി വൻ തുക വാങ്ങി.
മഠത്തിന്റെ ലീഗല്‍ അഡ്വൈസറാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. എന്നാല്‍ കേസുകള്‍ പലതും മഠത്തിനെതിരെ വരുന്ന നിലയിലായി. മഠം നല്കിയ കേസുകളില്‍ അഭിഭാഷകന് ഹാജരാവാതിരുന്നതിനാല്‍ പലതും തള്ളിപ്പോവുകയും ചെയ്തു. ഇതോടെ സംശയം തോന്നി രഹസ്യമായി അന്വേഷിച്ചപ്പോള്‍, എതിര് കക്ഷികളുമായും അവരുടെ അഭിഭാഷകരുമായും ചേര്‍ന്ന് മഠത്തിനെതിരെയാണ് സജ്ജു കിരണ്‍ നീങ്ങിയതെന്നും വക്കീല്‍ ഫീസിന്റെ പേരില്‍ പണാപഹരണമാണ് ലക്ഷ്യമിട്ടതെന്നും ബോദ്ധ്യമായി.
ഇതോടെ എല്ലാ കേസുകളുടെയും വക്കാലത്ത് ഒഴിയണമെന്ന് മഠത്തില്‍ നിന്ന് പലതവണ ആവശ്യപ്പെട്ടു. എന്നാല്‍, സജ്ജു വഴങ്ങിയില്ല. മഠാധിപതി ഉള്‍പ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് മഠം കരുനാഗപ്പള്ളി ലീഗല്‍ സര്‍വീസ് അതോറിട്ടിയില്‍ പരാതി നല്കി.
സജ്ജു കിരണിന്റെ ഭാഗം കേള്‍ക്കാനായി അതോറിട്ടിയില്‍ നിന്ന് മൂന്നുമാസം തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും എത്തിയില്ല. 2017ലാണ് ബാര്‍ കൗണ്‍സിലിന് പരാതി നല്‍കിയത്. ഇവിടെ ഹാജരായ സജ്ജുവിന്റെ വാദങ്ങള്‍ ബാര്‍ കൗണ്‍സില്‍ തള്ളുകയായിരുന്നു.
തുടർന്നാണ് 3 വർഷത്തേക്ക് കോടതികളിൽ കയറുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്