play-sharp-fill
കുതിരാനിലെ രണ്ടാം തുരങ്കം തുറന്നു; കടത്തിവിടുന്നത് പാലക്കാട്ടേക്കുള്ള വാഹനങ്ങൾ

കുതിരാനിലെ രണ്ടാം തുരങ്കം തുറന്നു; കടത്തിവിടുന്നത് പാലക്കാട്ടേക്കുള്ള വാഹനങ്ങൾ

സ്വന്തം ലേഖകൻ

തൃശൂർ: കുതിരാനിലെ റോഡ് നിർമാണ പ്രവൃത്തിയുടെ വേഗം കൂട്ടുന്നതിനുള്ള ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായി രണ്ടാം തുരങ്കം തുറന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.35ന് ജില്ലാ കലക്ടർ ഹരിത വി കുമാർ, സിറ്റി പൊലീസ് കമ്മീഷണർ ആർ ആദിത്യ എന്നിവരുടെ നേതൃത്വത്തിൽ സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തിയ ശേഷമാണ് തുരങ്കം തുറന്നത്. കുതിരാൻ രണ്ടാം തുരങ്കം ഇന്ന് തുറക്കണമെന്ന് കാണിച്ച് നാഷണൽ ഹൈവേ അതോറിറ്റി അധികൃതർ കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നതായി ജില്ലാ കലക്ടർ പറഞ്ഞു.


തുടർന്ന് ഇക്കാര്യം ചർച്ച ചെയ്യാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ജില്ലയിലെ മൂന്ന് മന്ത്രിമാരുടെയും എം പിയുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നാണ് രണ്ടാമത്തെ തുരങ്കത്തിലൂടെ വാഹനങ്ങൾ കടത്തിവിടാൻ തീരുമാനമായത്. രണ്ടു മാസം കൊണ്ട് അനുബന്ധ പ്രവൃത്തികൾ പൂർത്തിയാക്കി ഗതാഗതം പൂർണ സജ്ജമാക്കുമെന്നും കലക്ടർ അറിയിച്ചു. ജില്ലാ വികസന കമ്മീഷണർ അരുൺ കെ വിജയൻ, അസി. കലക്ടർ സുഫിയാൻ അഹമ്മദ് എന്നിവരും കുതിരാനിൽ എത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗതാഗത ക്രമീകരണത്തിനായി രണ്ടാം തുരങ്കം തുറന്നതോടെ തൃശൂരിൽ നിന്ന് പാലക്കാട്ടേക്കുള്ള വാഹനങ്ങൾ ഇതിലൂടെ പോകും. നേരത്തെ ഒന്നാം തുരങ്കത്തിലൂടെയാണ് ഇരുവശത്തേക്കും വാഹനങ്ങൾ കടത്തിവിട്ടിരുന്നത്. ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായാണ് തീരുമാനമെന്നും ഇപ്പോൾ ടോൾ പിരിക്കാൻ അനുമതി നൽകിയിട്ടില്ലെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് രണ്ടാം തുരങ്കം തുറക്കുന്നത് സംബന്ധിച്ച് ചേർന്ന ഓൺലൈൻ യോഗത്തിൽ അറിയിച്ചു. നിർമാണ പ്രവൃത്തികൾ 90 ശതമാനം പൂർത്തിയാക്കിയ ശേഷമായിരിക്കും ടോൾ പിരിവ് കാര്യത്തിൽ തീരുമാനം എടുക്കുക. രണ്ടാം തുരങ്കത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ എൻഎച്ച് അതോറിറ്റി ഉറപ്പു വരുത്തണമെന്നും മന്ത്രി പറഞ്ഞു. വരും ദിവസങ്ങളിൽ മന്ത്രിമാരും എംപിയും പ്രദേശം സന്ദർശിച്ച് പ്രവൃത്തി പുരോഗതി വിലയിരുത്തും.