ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ഭാര്യയും ഭർത്താവും ഒരുമിച്ചിരുന്ന് കാണുക, സിനിമ കണ്ടുതീർന്ന ശേഷം പരസ്പരം ഒരുമിച്ചിരുന്ന് സംസാരിക്കുക ; എന്നിട്ടും തലയിലൂടെ ഒലിച്ചുവീണ ചീഞ്ഞവെള്ളത്തിന്റെ കമർപ്പ് മാറാത്തവരുണ്ടെങ്കിൽ ഒന്ന് പോയി കുളിക്കുക : സമൂഹമാധ്യമങ്ങളിൽ വൈറലായി ഷോബി ശങ്കറിന്റെ കുറിപ്പ്

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ഭാര്യയും ഭർത്താവും ഒരുമിച്ചിരുന്ന് കാണുക, സിനിമ കണ്ടുതീർന്ന ശേഷം പരസ്പരം ഒരുമിച്ചിരുന്ന് സംസാരിക്കുക ; എന്നിട്ടും തലയിലൂടെ ഒലിച്ചുവീണ ചീഞ്ഞവെള്ളത്തിന്റെ കമർപ്പ് മാറാത്തവരുണ്ടെങ്കിൽ ഒന്ന് പോയി കുളിക്കുക : സമൂഹമാധ്യമങ്ങളിൽ വൈറലായി ഷോബി ശങ്കറിന്റെ കുറിപ്പ്

വിഷ്ണു ഗോപാൽ

കോട്ടയം : കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന സിനിമയാണ് ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. ഒരുപക്ഷെ ഏറെക്കാലത്തിന് ശേഷം തുറന്ന കുറെ ചർച്ചകൾക്ക് കൂടി വഴിയൊരുക്കിയ മലയാള സിനിമ കൂടിയാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ. രാവിലെ മുതൽ രാത്രി വരെ അടുക്കളയിൽ ജീവിക്കുന്ന ഒരു പെണ്ണിന്റെ കഥയാണ് ചിത്രത്തിലുടെ നീളം പറയുന്നത്.

കോട്ടയം സ്വദേശിയായ ഷോബി ശങ്കറിന്റെ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനെക്കുറിച്ചുള്ള കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. ഭാര്യയും ഭർത്താവും ഒരുമിച്ചിരുന്ന കാണുക. അച്ഛനും അമ്മയും ഉണ്ടെങ്കിൽ അവരും ഒരുമിച്ചിരുന്ന് കാണുക. സിനിമ കണ്ട്തീർന്നതിന് ശേഷം പരസ്പരം ഒരുമിച്ചിരുന്ന് സംസാരിക്കുക എന്ന് ഷോബി കുറിപ്പിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷോബി ശങ്കറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം.

ചാണകം മെഴുകിയ അടുക്കള, ചൂട്ടും വിറകും തീപിടിക്കാതെ പുകഞ്ഞുനിൽക്കുന്ന ഇടവപ്പാതിദിനങ്ങൾ, അടുപ്പിനുമുമ്പിൽ ചെറിയകുഴലുമായി വളഞ്ഞുനിൽക്കാൻ പാകത്തിനുള്ളതാണ് പാതകം. പുകയുടെ തരിപോലും വെളിയിൽ വിടാത്ത ഒരു പുകയോട്. കരിപിടിച്ച കലവും പാത്രങ്ങളും കഴുകുന്നത് പര്യമ്പുറത്തെ വാഴച്ചുവട്ടിലാണ് ചകിരിയിൽ ചാരം പുരട്ടി കലങ്ങൾ തേച്ചുതേച് കയ്യിലെ നഖങ്ങളൊക്കെ എപ്പോഴും തേഞ്ഞുതീർന്നിരിക്കും.

പുളിയില വീണ് നികന്ന ഓടിന്റെ വിടവുകൾ ചാണകത്തറയിൽ വെള്ളത്തുള്ളിവീഴ്ത്തി കുഴികളുണ്ടാക്കും. അടുക്കളച്ചുവരുകൾ കരിപിടിച്ചു തടിച്ചുവന്നതാണ്. വീട് കുമ്മായം പൂശുമ്പോൾ അവിടം അങ്ങുപേക്ഷിക്കും ചീകിയാലോന്നും പോകാത്ത ദശാബ്ദങ്ങളുടെ കറയല്ലേ. തേഞ്ഞൊട്ടിയിട്ടും അരഞ്ഞുകൊടുക്കാത്ത അരകല്ലും കരിന്തിരികത്തുന്ന മണ്ണെണ്ണ വിളക്കുമെല്ലാം ശത്രുക്കളെപോലെയാണ് പെരുമാറ്റം.

വിറകുകൊത്തികീറല് തുടങ്ങി തറയിലെ ചാണകം മെഴുകലും കുമ്മായം പൂശലുമെല്ലാം അമ്മയുടെ അടുക്കളപ്പണിയിലാണ് ഉൾപ്പെടുക. ഇതിന്റെകൂടെ പീരിയഡ്‌സ് അയാൾ തീർന്നു, വയറുവേദനമാത്രമല്ലല്ലോ രാവിലത്തെകുളികഴിഞ്ഞു കിടന്നപായുൾപ്പെടെ കഴുകിയിട്ടാവും അടുക്കളയിലെത്തുക പിന്നെ യുദ്ധം. മഴക്കാലമായാൽ ദുരിതം ഇരട്ടിയാകും. കടമയും ഉത്തരവാദിത്തവും വിധിയുമൊക്കെയായിദുരിത ദിനങ്ങൾ വേവലാതികളായി പരാതികളില്ലാതെ അങ്ങനൊക്കെ എങ്ങനെയോ കടന്നുപോയി.

നടുനിവർത്താൻ സമയമില്ലാതെ അടുക്കള കവർന്നെടുത്ത ഞങ്ങളുടെ അമ്മയുടെ നല്ല നാളുകൾ….പഴയ വീട് പൊളിച്ചു പണിതപ്പോഴും അടുക്കളയിലെ വിറകടുപ്പിൽ തൊടാൻ അമ്മ സമ്മതിച്ചില്ല….. നനഞ്ഞ വിറകുകളോട് തീർത്താൽ തീരാത്ത പകയാണ് ഇപ്പോഴും. എന്നെങ്കിലും ഒരു കിടപ്പാടം വെച്ചാൽ ഒഴിഞ്ഞമൂലയ്ക്കാകില്ല അടുക്കളയെന്ന് ഉറപ്പിച്ചിരുന്നു. വിറകടുപ്പിലാത്ത വീട്, ലിവിങ് റൂമിന്റെ കൂടെ തുറന്നിരിക്കുന്ന പാചകസ്ഥലം. വീട്ടിൽ വന്നിട്ട് അടുക്കളയും വിറകടുപ്പും തിരഞ്ഞവരൊക്കെയുണ്ട്. അമ്മയുടെ പരിഭവം കുറച്ചുകാലം കൊണ്ടാണ് മാറിയത് അതോ ഇപ്പോഴും മാറിയിട്ടുണ്ടോ എന്നും അറിയില്ല.

പറഞ്ഞുവന്നത് വിഖ്യാതമായ ഇന്ത്യൻ അടുക്കളയെപ്പറ്റിയാണ്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ നിങ്ങൾ ഭാര്യയും ഭർത്താവും ഒരുമിച്ചിരുന്ന് കാണുക അച്ഛനും അമ്മയുമുണ്ടെങ്കിൽ അവരും ഒരുമിച്ചിരുന്ന് കാണാൻപറയുക. സിനിമ കണ്ടുതീർന്ന ശേഷം പരസ്പ്പരം മനസ്സ് തുറന്ന് സംസാരിക്കുക എന്നിട്ടും തലയിലൂടെ ഒലിച്ചിറങ്ങിയ ചീഞ്ഞവെള്ളത്തിന്റെ കമ്മർപ്പ് മാറാത്തവരുണ്ടെങ്കിൽ ഒന്ന് പോയി കുളിക്കുക.

കഥാപാത്രങ്ങളായി ജീവിച്ച നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടിന്റെയും ആർജ്ജവത്തിനാണ് എന്റെ കയ്യടി. സംവിധായകൻ ജിയോ ബേബിയുടെ ചങ്കുറപ്പുള്ള നിലപാടിന് അഭിനന്ദനങ്ങൾ.

#TheGreatIndianKitchen