
കോട്ടയം: കോട്ടയത്തുകാരുടെ കുടിവെള്ളത്തിൽ ഉപ്പുവെള്ളം കയറുമോ എന്ന് ആശങ്ക. മീനച്ചിലാറ്റിലും അനുബന്ധ തോടുകളിലും ഓരുമുട്ടുകൾ സ്ഥാപിക്കുന്ന കാര്യത്തിൽ തർക്കം. ന്തണ്ണീർമുക്കം ബണ്ട് നാളെ തുറന്നു തുടങ്ങും. വാട്ടർ അതോറിറ്റിയുടെ പമ്പിംഗ് ഏരിയകളിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാനാണ് ഓരുമുട്ടുകൾ സ്ഥാപിക്കുന്നത്. എന്നാൽ ഇതുവരെ പണി ആരംഭിച്ചിട്ടില്ല.
വാട്ടർ അതോറിറ്റിയും മൈനർ ഇറിഗേഷനും തമ്മിൽ ഇക്കാര്യത്തിൽ തർക്കം നടക്കുകയാണ്. ആരാണ് മുട്ട് സ്ഥാപിക്കുക എന്ന കാര്യത്തിലാണ് തർക്കം.
ഇതിനിടെ ഉപ്പുവെള്ളം വന്നാൽ ജനങ്ങളുടെ കുടിവെളളം മുട്ടും.
വേലിയേറ്റ സമയത്ത് കായലിൽ നിന്നും ഉപ്പു വെള്ളം അപ്പർ കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒഴുകിയെത്താതിരിക്കാൻ ഓരുമുട്ടുകൾ സ്ഥാപിക്കാത്തതാണ് ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലുള്ളവരെ ഏറെ ആശങ്കയിലാക്കുന്നത്
ആർപ്പുക്കര,അയ്മനം,കുമരകം, തിരുവാർപ്പ് എന്നിവിടങ്ങളിലെ ജനങ്ങൾക്ക് പൈപ്പുവെള്ളം മാത്രമാണ് ഇപ്പോൾ ആശ്രയം. അയ്മനത്ത് പുലിക്കുട്ടിശ്ശേരി, കല്ലുമട എന്നിവിടങ്ങളിലും താഴത്തങ്ങാടി കളപ്പുരക്കടവിലും നിർമ്മിച്ചിരുന്ന ഓരു മുട്ട് നിർമ്മാണം ഈ വർഷം നടന്നിട്ടില്ല എന്നതാണ് കുടിവെള്ളം മുട്ടാൻ കാരണമാകുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടമാളൂർ, താഴത്തങ്ങാടി, വെള്ളൂപ്പറമ്പ് എന്നിവിടങ്ങളിലെ പമ്പ് ഹൗസിൽ നിന്നും വെള്ളം പമ്പ് ചെയ്ത് ചെങ്ങളം ട്രീറ്റ്മെന്റ് പ്ലാന്റിൽ ശുദ്ധീകരിച്ചാണ് അയ്മനം, കുമരകം, തിരുവാർപ്പ്, ആർപ്പുക്കര പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കുന്നത്.
ഇവിടങ്ങളിൽ നിർമ്മിക്കുന്ന ഓര് മുട്ടിൽ അഴിമതി ആരോപണത്തെ തുടർന്ന് വിജിലൻസ് അന്വേഷണം നേരിടുന്നതിനാൽ ഈ ഭാഗത്ത് കഴിഞ്ഞ രണ്ട് വർഷങ്ങളായി ഓരു മുട്ട് നിർമ്മിക്കുന്നില്ല.
അതിനാൽ ഇക്കുറിയും ബണ്ട് തുറക്കുമ്പോൾ ഉപ്പുവെള്ളം കയറി പമ്പിംഗ് മുടങ്ങുമോ എന്നാണ് ആശങ്ക. മുട്ടിടേണ്ടത് വാട്ടർ അതോറിറ്റിയാണെന്നും അല്ല ഇറിഗേഷന്റെ ചുമതലയാണെന്നും പരസ്പരം പഴിചാരി ഉത്തരവാദിത്വത്തിൽ നിന്നും മാറി നിൽക്കുകയാണ് രണ്ട് ഡിപ്പാർട്മെന്റ്കളും. ഫലത്തിൽ
മുട്ട് ഇടുന്നില്ലെങ്കിൽ ഉപ്പുവെള്ളം കയറി നാട്ടുകാരുടെ കുടിവെള്ളം മുടങ്ങുകയോ അല്ലെങ്കിൽ ഉപ്പുരസമുള്ള വെള്ളം നാട്ടുകാർ കുടിക്കേണ്ട ദുരവസ്ഥ ഉണ്ടാകുകയോ ചെയ്യും.
`കഴിഞ്ഞ 25 വർഷക്കാലമായി വാട്ടർ അതോറിറ്റി ഇവിടെ ഓരു മുട്ട് സ്ഥാപിച്ചിട്ടില്ല എന്നും ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് ആണ് ആ പ്രവർത്തികൾ ചെയ്തിരിക്കുന്നതെന്നും വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ അനിൽരാജ് പറയുന്നു.







