Spread the love

ഡൽഹി: ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ സിപിഐഎം തങ്ങളുടെ വിയോജിപ്പുകൾ തുറന്നുപറഞ്ഞതായി സിപിഐഎം എംപിയും രാജ്യസഭാ അംഗവുമായ ജോൺ ബ്രിട്ടാസ്. പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നതിനെതിരെ എല്ലാ കക്ഷികളും ഒരുമിച്ച് ശക്തമായി പ്രതികരിക്കേണ്ട സാഹചര്യമാണുള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. യോഗം ആരോഗ്യകരമായ അന്തരീക്ഷത്തിലായിരുന്നുവെന്നും അടുത്ത യോഗം ഓഗസ്റ്റിൽ ചേരുമെന്നും അദ്ദേഹം അറിയിച്ചു.

video
play-sharp-fill

സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ പാർട്ടിയുടെ നിലപാടുകൾ യോഗത്തിൽ അവതരിപ്പിച്ചതായും ബ്രിട്ടാസ് പറഞ്ഞു. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരെ സംബന്ധിച്ചും ചില വിമർശനങ്ങളും അഭിപ്രായ വ്യത്യാസങ്ങളും യോഗത്തിൽ ഉയർന്നുവന്നതായി അദ്ദേഹം വ്യക്തമാക്കി. എല്ലാ വിമർശനങ്ങളും ഉൾക്കൊള്ളുന്നുവെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചതായും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ഐക്യം കൂടുതൽ ശക്തമാക്കാൻ യോഗങ്ങൾ കൂടുതൽ ഇടവിട്ട് നടത്തണമെന്ന അഭിപ്രായവും ചില നേതാക്കൾ പങ്കുവെച്ചതായി ബ്രിട്ടാസ് കൂട്ടിച്ചേർത്തു.

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാക്കളെ ബിജെപി സമീപിക്കുന്നുവെന്ന മമത ബാനർജിയുടെ ആശങ്കയും യോഗത്തിൽ ചർച്ചയായതായി ബ്രിട്ടാസ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട ഗുരുതര ആശങ്കകൾ പ്രതിപക്ഷം ഉയർത്തിയതായും അദ്ദേഹം വ്യക്തമാക്കി. ഡിഎംകെ യോഗത്തിൽ പങ്കെടുക്കാതിരുന്നത് സഖ്യത്തിന് ആശങ്കയുണ്ടാക്കിയെന്നും കോൺഗ്രസും ഡിഎംകെയും തമ്മിൽ ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കണമെന്ന ആവശ്യം സിപിഐഎം മുന്നോട്ടുവെച്ചതായും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group