play-sharp-fill
ആ സൗമ്യസാന്നിധ്യം ഇനിയില്ല; തങ്ങള്‍ക്ക് വിട;  പുലര്‍ച്ചെ രണ്ട് മണിക്ക് ശേഷം പാണക്കാട് ജുമാ മസ്ജിദിൽ ഖബറടക്കം നടന്നു

ആ സൗമ്യസാന്നിധ്യം ഇനിയില്ല; തങ്ങള്‍ക്ക് വിട; പുലര്‍ച്ചെ രണ്ട് മണിക്ക് ശേഷം പാണക്കാട് ജുമാ മസ്ജിദിൽ ഖബറടക്കം നടന്നു

സ്വന്തം ലേഖിക

പാണക്കാട്: അന്തരിച്ച മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം നടന്നു.

പുലര്‍ച്ചെ രണ്ട് മണിക്ക് ശേഷമാണ് പാണക്കാട് ജുമാ മസ്ജിദില്‍ ഖബറടക്കം നടന്നത്. പാതിരാത്രിയിലും തടിച്ചുകൂടിയ ജനക്കൂട്ടത്തിന്‍റെ സാന്നിധ്യത്തിലാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. മുതിര്‍ന്ന മുസ്ലീംലീഗ് നേതാക്കളും മതനേതാക്കളും കുടുംബാഗങ്ങളും ഖബറടക്കത്തില്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാരിന്‍റെ ഔദ്യോഗിക ബഹുമതികളോടെയാണ് ഖബറടക്കം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ വന്‍ ജനതിരക്ക് കാരണം മലപ്പുറം ടൗണ്‍ഹാളിലെ പൊതുദര്‍ശനം അവസാനിപ്പിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഖബറടക്കം എന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പിന്നീട് നാടകീയമായി മൃതദേഹം പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ എത്തിച്ച്‌ പുലര്‍ച്ചെ ഒരു മണിയോടെ ശരീരം മറവ് ചെയ്യുമെന്ന് പാണക്കാട് കുടുംബം അറിയിക്കുകയായിരുന്നു.

ഭൗതിക ശരീരം ഏറെനേരം വയ്ക്കാന്‍ സാധിക്കാത്തതിനാലാണ് ഇത്തരം ഒരു തീരുമാനം എന്നാണ് കുടുംബാഗങ്ങള്‍ അറിയിച്ചത്. എങ്കിലും അവസാന നിമിഷത്തില്‍ എത്തിയ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യവും അനിയന്ത്രിതമായ തിരക്കും കാരണം ഖബറടക്കം രണ്ട് മണിക്ക് ശേഷമാണ് നടന്നത്.

അതേ സമയം പ്രമുഖരടക്കം ആയിരങ്ങള്‍ മലപ്പുറം ടൗണ്‍ ഹാളില്‍ പാണക്കാട് തങ്ങള്‍ക്ക് അന്തോപചാരം അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍, മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാന്‍, എ.കെ ശശീന്ദ്രന്‍ മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് അടക്കമുള്ള പ്രമുഖരെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.

മുസ്ലീം ലീഗ് പ്രവര്‍ത്തകരടക്കം ആയിരക്കണക്കിന് പേരാണ് കിലോമീറ്ററുകളോളം ക്യൂവില്‍ നിന്ന് ഹൈദരലി തങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ചത്. ടൗണ്‍ ഹാളിനുള്ളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിക്കിലും തിരക്കിലും ഒരാള്‍ കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

തങ്ങളുടെ ഭൗതികശരീരം മലപ്പുറം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കുന്ന സാഹചര്യത്തിലെ തിരക്ക് കണക്കിലെടുത്ത് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. മലപ്പുറം നഗരസഭയിലെ സ്കൂളുകളുടെ പ്രവൃത്തി സമയം നാളെ 12 മണി മുതല്‍ നാല് മണി വരെയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

അങ്കമാലിയിലെ ആശുപത്രിയില്‍ നിന്നും ആദ്യം പാണക്കാട് വസതിയിലേക്കാണ് ഭൗതിക ശരീരം എത്തിച്ചത്. കുടുംബാഗംങ്ങള്‍ക്ക് മാത്രമാണ് ഇവിടെ ആദരമര്‍പ്പിക്കാന്‍ സജ്ജീകരണമൊരുക്കിയിരുന്നത്. അതിന് ശേഷമാണ് ടൌണ്‍ഹാളിലേക്ക് എത്തിച്ചത്.

അര്‍ബുദ ബാധിതനായി എറണാകുളം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിടവാങ്ങല്‍ അപ്രതീക്ഷിതമായിരുന്നു. 2009 ല്‍ ജ്യേഷ്ഠന്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അപ്രതീക്ഷിതമായ മരണത്തെത്തുട‍ര്‍ന്നാണ് ഹൈദരാലി തങ്ങള്‍ മുസ്ലിം ലീഗിന്റെ അധ്യക്ഷനായത്. അതിന് മുൻപ്19 വര്‍ഷം പാര്‍ട്ടിയുടെ മലപ്പുറം ജില്ലാ പ്രസിഡണ്ടായിരുന്നു അദ്ദേഹം. നൂറ് കണക്കിന് പേ‍ര്‍ ആത്മീയ ഉപദേശങ്ങള്‍ തേടി ദിവസവും പാണക്കാട്ടെത്തിയിരുന്നു. അവരെയൊക്കെ പ്രാര്‍ത്ഥനയാലും സ്നേഹത്താലും ചേര്‍ത്ത് നിര്‍ത്തിയ വ്യക്തിത്വമായിരുന്നു അദ്ദേഹം.

നി‍ര്‍ധനര്‍ കൈ നിറയെ സഹായവുമായാണ് പാണക്കാട്ട് നിന്നും തിരിച്ച്‌ പോയത്. അധികാരത്തിന്റെ വെള്ളിവെളിച്ചത്തില്‍ നിന്നും എപ്പോഴും മാറി നടന്ന വ്യക്തിയായിരുന്നു തങ്ങള്‍. വീതം വെപ്പുകളില്‍ അദ്ദേഹത്തിന് താല്പര്യമില്ലായിരുന്നു. പാര്‍ട്ടിയിലെ വലിയ തര്‍ക്കങ്ങള്‍ക്കിടയില്‍ ചെറിയ ചിരിയോടെ നിന്ന് തീരുമാനങ്ങളെടുത്ത അദ്ദേഹം 12 വര്‍ഷം കേരളത്തിലെ ലീഗിനെ നയിച്ചത് ആറ്റിക്കുറുക്കിയ വാക്കുകളിലെ പുഞ്ചിരിയോടെയായിരുന്നു.