
ചെന്നൈ: കെ. അണ്ണാമലൈ ബിജെപി വിട്ട് പുതിയ രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിച്ചതിന് പിന്നാലെ പാർട്ടി പ്രവർത്തകർ ബിജെപിയിൽ തന്നെ ഉറച്ചുനിൽക്കണമെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ.
പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന ബിജെപി ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയാണെന്നും പ്രവർത്തകർ മറ്റ് പ്രസ്ഥാനങ്ങളിലേക്ക് പോകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അണ്ണാമലൈയുടെ പടിയിറക്കം തമിഴ്‌നാട്ടിൽ ബിജെപിയുടെ ജനസ്വാധീനത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി പ്രവർത്തകരോട് എനിക്ക് ഒരു അഭ്യർത്ഥനയുണ്ട്- നിങ്ങൾ മറ്റ് പാർട്ടികളിലേക്കോ പ്രസ്ഥാനങ്ങളിലേക്കോ പോകരുത്. ബിജെപി ലോകത്തിലെ തന്നെ ഏറ്റവും വലിയ പാർട്ടിയാണ്. ലോകത്തിലെ ഒന്നാം നമ്പർ നേതാവായ പ്രധാനമന്ത്രി മോദിയാണ് നമ്മെ നയിക്കുന്നത്,’ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ നാഗേന്ദ്രൻ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപിയിൽ നിന്ന് രാജിവെച്ച അണ്ണാമലൈ ‘ഇത് നമ്മ ഇയക്കം’ എന്ന പേരിൽ പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചിരുന്നു. അണ്ണാമലൈയുടെ രാജി ബിജെപി അധ്യക്ഷൻ നിതിൻ നവിൻ സ്വീകരിക്കുകയും ചെയ്തു. തമിഴ്‌നാടുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ് പാർട്ടി വിടാൻ കാരണമെന്നും വർഷങ്ങളായി തനിക്ക് നൽകിയ പിന്തുണയ്ക്ക് കേന്ദ്ര നേതൃത്വത്തിന് നന്ദി പറയുന്നതായും അണ്ണാമലൈ തന്റെ രാജിക്കത്തിൽ വ്യക്തമാക്കിയിരുന്നു.







