തലയോലപ്പറമ്പിൽ വേനല്‍മഴയിൽ പൂര്‍ണമായി നശിച്ച് നെൽകൃഷി; വന്‍സാമ്പത്തിക ബാധ്യതയിലായ അര്‍ബുദരോഗികളുടെ നെല്‍പാടത്ത് കൃഷിയിറക്കാന്‍ ഡോ. ഗംഗാധരനും കാന്‍സര്‍ സൊസൈറ്റിയും…..
സ്വന്തം ലേഖിക
തലയോലപ്പറമ്പ്: കൃഷി പൂര്‍ണമായി നശിച്ച് വന്‍സാമ്പത്തിക ബാധ്യതയിലായ അര്‍ബുദ രോഗികള്‍ക്ക് താങ്ങാകാന്‍ ഡോ. ഗംഗാധരനും കാന്‍സര്‍ സൊസൈറ്റിയും കൃഷിയിറക്കാനെത്തുന്നു.
തലയോലപ്പറമ്പ് മാത്താനം – കൊച്ചംഗ്രാക്കല്‍ പാടശേഖരത്തെ നാല്‍പത് ഏക്കര്‍ നെല്‍കൃഷിയാണ് വിളവെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ മഴയില്‍ മുങ്ങി പൂര്‍ണമായും നശിച്ചത്. ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്കും പാടശേഖര സമിതിക്കും ഇതോടെ ഉണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതില്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിലേറെയായി അര്‍ബുദരോഗവുമായി ബന്ധപ്പെട്ടു ചികിത്സയിലിരിക്കുന്ന സാംസ്കാരിക പ്രവര്‍ത്തകരായ രണ്ടു കര്‍ഷകരുടെ ആറ് ഏക്കര്‍ നെല്‍കൃഷിയും നശിച്ചിരുന്നു.
പ്രശസ്ത കാന്‍സര്‍ രോഗവിദഗ്ധന്‍ ഡോ.വി.പി. ഗംഗാധരന്‍റെ ചികിത്സയില്‍ കഴിയുന്ന ഈ അര്‍ബുദബാധിതരുടെ നെല്‍കൃഷി നശിച്ചതറിഞ്ഞപ്പോള്‍ തന്നെ ഡോക്ടര്‍ ഇവരെ ഫോണില്‍ വിളിച്ച് വിവരം അന്വേഷിക്കുകയും സാംസ്കാരിക പ്രവര്‍ത്തനത്തോടൊപ്പം കൃഷിയിലും ഇവര്‍ കാണിക്കുന്ന താത്പര്യത്തെ അഭിനന്ദിച്ച് സഹായവാഗ്ദാനം നല്‍കിയിരുന്നു.
കാന്‍സര്‍ ബാധിതരുടെയും അവരുടെ കുടുംബാഗങ്ങളുടെയും ക്ഷേമത്തിനായി ഡോ. ഗംഗധരന്‍ കൊച്ചി ആസ്ഥാനമായി കാല്‍നൂറ്റാണ്ട് മുൻപ് രൂപം നല്‍കിയ കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റിയുടെ സഹായവും ഈ കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ട്.
വര്‍ഷങ്ങളായി തരിശ് കിടന്ന മാത്താനം – കൊച്ചംഗ്രാക്കല്‍ പാടശേഖരത്ത് കൃഷി വകുപ്പിന്‍റെ സഹായത്തോടെ റിട്ട. ബാങ്ക് ഉദ്യോഗസ്ഥനായ കെ. രാജേന്ദ്രകുമാര്‍ സെക്രട്ടറിയായുള്ള പാടശേഖര സമിതിയാണ് നെല്‍കൃഷിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ച് വര്‍ഷമായി നേതൃത്വം നല്‍കി വരുന്നത്.
ഇന്നു മുതല്‍ വിത്ത് വിത ആരംഭിക്കും. ഞായറാഴ്ച രാവിലെ 11.30ന് മാത്താനം പാടത്തെ നെല്‍കൃഷി വിത ഉദ്ഘാടനം ഡോ.വി.പി. ഗംഗാധരനും കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റി പ്രവര്‍ത്തകരും ചേര്‍ന്നു നിര്‍വഹിക്കും.