തലയാഴത്ത് ഹിറ്റാച്ചി പണി തുടങ്ങിയപ്പോൾ നാട്ടുകാർക്ക് പണി കിട്ടി

തലയാഴത്ത് ഹിറ്റാച്ചി പണി തുടങ്ങിയപ്പോൾ നാട്ടുകാർക്ക് പണി കിട്ടി

 

സ്വന്തം ലേഖകൻ
വൈക്കം: വീതികുറഞ്ഞ നാട്ടു തോട്ടിൽ വലിയ ഹിറ്റാച്ചി ഇറക്കി ആഴത്തിൽ മണ്ണ് കോരിയതിനെ തുടർന്ന് മണ്ണിടിഞ്ഞ് തോടിനോടു ചേർന്നു താമസിക്കുന്ന പത്ത് നിർധന കുടുംബങ്ങളുടെ വീടുകൾ തകർച്ചാഭീഷണിയിൽ. തലയാഴം പഞ്ചായത്ത് 15-ാം വാർഡായ അമ്പാനപ്പള്ളിയിലെ അമ്പാനപ്പള്ളി തോടിൻ്റെ ഇരുകരകളിലും അഞ്ചു സെൻ്റിലും ആറു സെൻ്റിലുമൊക്കെ താമസിക്കുന്ന നിർധനരുടെ വീടും കിണറും സെപ്റ്റിക് ടാങ്കുമൊക്കെയാണ് ഏതു നിമിഷവും തോട്ടിലേയ്ക്ക് ഇടിയുമെന്ന നിലയിലാണന്ന് നാട്ടുകാർ പരാതിപ്പെട്ടു. തുടരും

തലയാഴം പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കരിയാറിൽ നിന്ന് തുടങ്ങി ഉൾപ്രദേശത്തു കൂടി കടന്നുപോകുന്ന തോട് ഹിറ്റാച്ചി ഉപയോഗിച്ച് ആഴം കൂട്ടിയത്. പൊടി മണലും ചെളിയും ഇടകലർന്ന പ്രദേശത്തെ മണ്ണിന് ഉറപ്പില്ലാത്തതിനാൽ തോട്ടരികിൽ താമസിക്കുന്നവർ മുളംകുറ്റികളും മറ്റും തോട്ടിറമ്പിൽ നാട്ടി ഇടയിൽ ഷീറ്റുകൾ സ്ഥാപിച്ചും മറ്റുമാണ് മണ്ണ് വാർന്നുപോകാതെ സംരക്ഷിച്ചിരുന്നത്. വലിയ ഹിറ്റാച്ചി തോട്ടിൽ ഇറക്കി പണിതുടങ്ങിയപ്പോൾ തന്നെ തോടിൻ്റെ സമീപ പുരയിടങ്ങൾ ഇടിഞ്ഞു തുടങ്ങി.

ഹിറ്റാച്ചി പ്രവർത്തിപ്പിച്ച ഇതര സംസ്ഥാനക്കാരനോട് പണി നിർത്താൻ ആവശ്യപ്പെട്ടെങ്കിലും പഞ്ചായത്ത് അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് പണി നടത്തുകയായിരുന്നു. മണിമന്ദിരത്തിൽ മോഹനൻ, വലിയ പറമ്പിൽ ഗോപകുമാർ, പുഷ്പ ഇണ്ടംതുരുത്തിൽ, മിനി, സന്തോഷ്, എൽസ, സുഭാഷ്, ഷൈല ,ഷൈജു, വിഷ്ണു സുബൈർ, അജി തുടങ്ങിയവരുടെ വീടും പുരയിടവുമാണ് തകർച്ചാഭീഷണിയിലായത്. ഇതിൽ ആറു സെൻ്റിൽ താമസിക്കുന്ന മണിമന്ദിരത്തിൽ മോഹനൻ രണ്ട് വർഷം മുമ്പാണ് പുതിയ വീട് നിർമ്മിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിനു സമീപത്തുള്ള കിണർ, സെപ്റ്റിക് ടാങ്ക് തുടങ്ങിയ തോട്ടിലേയ്ക്കു ഏതു നിമിഷവും പതിക്കുമെന്ന നിലയിലാണ്. തോട്ടരികിൽ ഭൂമി സംരക്ഷണത്തിനായി നാട്ടിയിരുന്ന മുളവേലി ഹിറ്റാച്ചി മണ്ണു കോരിയപ്പോൾ ഇളകിയതിനാൽ ഇപ്പോൾ കയർ കെട്ടി നിർത്തിയിരിക്കുകയാണ്. രണ്ട് വർഷം മുമ്പ് 50000 രൂപ മുടക്കി നിർമിച്ച സംരക്ഷണഭിത്തിയും മറ്റൊരു കുടുംബത്തിൻ്റെ വീടും തോട്ടിലേക്കിടിയുമെന്ന സ്ഥിതിയിലാണ്. ലൈഫ് പദ്ധതിയിൽ വീടു നിർമ്മിക്കാൻ മുൻ ഗുണനാ പട്ടികയിലുളള ഷെഡിൽ താമസിക്കുന്ന കുടുംബങ്ങൾ വീടുവയ്ക്കാനായി ധനസഹായം ലഭിക്കുമ്പോൾ സ്ഥലമുണ്ടാകുമോയെന്ന ആശങ്കയിലാണ് .

ഈ പ്രദേശത്തെ വെള്ളക്കെട്ടൊഴിവാക്കാനാണ് തോടിന് ആഴം കൂട്ടിയതെന്നാണ് അധികൃതരുടെ ഭാഷ്യം. എന്നാൽ ഈ തോട്ടിലേയ്ക്ക് പെയ്ത്തു വെള്ളം ഒഴുകിയെത്തുന്ന കൈത്തോടുകളും നീർ ചാലുകളും മണ്ണിട്ടു നികത്തിയതിനാൽ വെള്ളക്കെട്ടു ദുരിതം നീങ്ങില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. പഞ്ചായത്ത് അധികൃതരുടെ നിരുത്തരവാദപരമായ പ്രവർത്തനത്തിൻ്റെ ഫലമായി വീടുകൾക്കും പുരയിടത്തിനുമുണ്ടാകുന്ന നാശമൊഴിവാക്കാൽ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.