ചാക്കു നിറയെ നോട്ടുകെട്ടുമായി ട്രെയിനിലും ബസിലുമായി യാത്ര; ചാക്ക് ഉപേക്ഷിച്ച് പമ്പയാര്‍ നീന്തിക്കടന്ന് രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ കൈയ്യോടെ പൊക്കി ആറന്മുള പൊലീസ്; കുപ്രസിദ്ധ അമ്പലം മോഷ്ടാവ് മാത്തുക്കുട്ടിയെ പിടികൂടിയത് തിരുവല്ലയിലെ രഹസ്യാന്വേഷണ വിഭാഗം പൊലീസുകാരന് കിട്ടിയ വിവരത്തെ തുടർന്ന്
സ്വന്തം ലേഖിക
പത്തനംതിട്ട: ആരാധനാലയങ്ങളുടെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തുന്നതില്‍ വിദഗ്ധനായ തലവടി നീരേറ്റുപുറം കാരിക്കുഴി വാഴയില്‍ വീട്ടില്‍ മാത്തുക്കുട്ടിയെ(52) മോഷണ മുതലുമായി ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു.
ചോറ്റാനിക്കര റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഒരു ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി മോഷ്ടിച്ച് ട്രെയിനിലും ബസിലുമായി സഞ്ചരിച്ചിരുന്ന മാത്തുക്കുട്ടി പിടിയിലാകാൻ കാരണമായത് തിരുവല്ലയിലെ സ്പെഷല്‍ ബ്രാഞ്ച് പൊലീസുകാരൻ സജിത്തിന് കിട്ടിയ വിവരമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാളെ പിന്തുടര്‍ന്ന് തിരുവല്ല, ആറന്മുള പൊലീസ് നടത്തിയ സംയുക്ത നീക്കത്തിനൊടുവില്‍ പമ്പയാര്‍ നീന്തിക്കടന്ന് രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ കൈയോടെ പിടികൂടുകയായിരുന്നു. നാണയവും നോട്ടുകളുമുള്‍പ്പെടെ 8858 രൂപ മാത്തുക്കുട്ടിയുടെ കൈവശമുണ്ടായിരുന്ന ചാക്കില്‍ നിന്ന് ലഭിച്ചു.
സ്വര്‍ണം, വെള്ളിത്തകിടുകളും ലോഹക്കട്ടികളും നാഗരൂപങ്ങളുമൊക്കെ ചാക്കിലുണ്ടായിരുന്നു.
പിടിയിലായ മാത്തുക്കുട്ടി നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്.
2021 ലാണ് അവസാനമായി ജയിലില്‍ നിന്ന് ഇറങ്ങുന്നത്. അതിന് ശേഷം വിവിധ ജില്ലകളിലായി മോഷണം നടത്തി സുഖമായി കഴിഞ്ഞു വരികയായിരുന്നു. കാണിക്ക വഞ്ചി കുത്തിത്തുറന്ന് എടുക്കുന്ന പണം കൊണ്ട് ഭക്ഷണവും മദ്യവും വാങ്ങിക്കഴിക്കും. ബസ് സ്റ്റാൻഡുകളിലും കടത്തിണ്ണകളിലും കിടന്നുറങ്ങും. ഇതാണ് പതിവ് രീതി.