ചുട്ടുപൊള്ളി നാടും നഗരവും ;​ ഏപ്രിലിൽ ചൂട് 40 ഡിഗ്രി കടക്കുമെന്ന് കാലാവസ്ഥ വിദഗ്ദ്ധർ ; കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിൽ ഉയർന്ന താപനില ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ 

ചുട്ടുപൊള്ളി നാടും നഗരവും ;​ ഏപ്രിലിൽ ചൂട് 40 ഡിഗ്രി കടക്കുമെന്ന് കാലാവസ്ഥ വിദഗ്ദ്ധർ ; കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിൽ ഉയർന്ന താപനില ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരഞ്ഞെടുപ്പു പ്രചാരണം ചൂടുപിടിക്കെ വേനൽച്ചൂട് അതികഠിനമായത് രാഷ്ട്രീയ പ്രവർത്തകരെ മാത്രമല്ല എല്ലാ വിഭാഗം ജനങ്ങളെയും എരിതീയിലാക്കി. ഈ നിലയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ ഏപ്രിലിൽ താപനില 40 ഡിഗ്രി കടക്കുമെന്നാണ് കാലാവസ്ഥ വിദഗ്ദ്ധർ നിരീക്ഷിക്കുന്നത്. പാലക്കാടും പുനലൂരുമാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയിരുന്നത്.

എന്നാൽ,​ സമീപവർഷങ്ങളിലായി എല്ലാ ജില്ലകളിലേക്കും കൊടുംചൂട് വ്യാപിക്കുന്ന നിലയായി. കോട്ടയം,​ആലപ്പുഴ,​തൃശൂർ,​കണ്ണൂർ,​കോഴിക്കോട് ജില്ലകളിലും ഉയർന്ന താപനിലയാണ്. ഉയർന്ന താപനില അനുഭവപ്പെടുന്ന ദിവസങ്ങളുടെ എണ്ണവും കൂടുതലായി. മാർച്ച് തുടങ്ങിയതു മുതൽ പുനലൂരിൽ 37 മുതൽ 39 ഡിഗ്രി വരെ ചൂടാണ്. 37 ഡിഗ്രിയിൽനിന്ന് താഴ്ന്നിട്ടുമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാടിന്റെ സ്ഥിതിയും ഇതുതന്നെ. ഇതിനു ആനുപാതികമാണ് മറ്റു ജില്ലകളുടെ അവസ്ഥയും. മാർച്ചിൽ സാധാരണ 36 മുതൽ 37 ഡിഗ്രിവരെ താപനില ഉയരാറുണ്ട്. ഇത്തവണ അതിനും അപ്പുറമായി. മാർച്ച് 20 ആവുമ്പോൾ പാലക്കാട്,കൊല്ലം ജില്ലകളിൽ 39 ഡിഗ്രി വരെ താപനില ഉയരും. ആലപ്പുഴ, പത്തനംതിട്ട,കോട്ടയം ജില്ലകളിൽ 37 ഡിഗ്രിയെത്തും. തൃശൂർ,കോഴിക്കോട് ജില്ലകളിൽ 36 ഡിഗ്രി വരെ താപനില ഉയരും.

93 % മഴകുറവ്

1.4 മില്ലി മീറ്റർ മഴയാണ് ഇന്നലെവരെ സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ശരാശരി 18.1 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്താണിത്. കണ്ണൂർ, കാസർകോട്, മലപ്പുറം, വയനാട് എന്നിവിടങ്ങിളിൽ മഴ പെയ്തില്ല. ചെറിയ മഴ ലഭിച്ചത് എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ്. മാർച്ച് അവസാനവാരം വേനൽ മഴയുണ്ടാകുമെന്നും അത് കഴിഞ്ഞാൽ ഏപ്രിൽ രണ്ടാവാരം മഴയുണ്ടാകുമെന്നുമാണ് കാലാവസ്ഥാപ്രവചനം.വേനൽ മഴ കനിഞ്ഞാലെ ചൂടിന് അറുതി വരൂ.

5വർഷത്തെ മാർച്ച്, ഏപ്രിൽ മാസത്തെ ഉയർന്ന ചൂട് ഡിഗ്രി സെഷ്യൽസിൽ

2019- 41(പാലക്കാട്), 38.9 (പുനലൂർ)

2020-39 (പാലക്കാട്), 39.6 (പാലക്കാട്)

2021- 37 (കണ്ണൂർ), 38.5 (പാലക്കാട്)

2022-41 (പാലക്കാട്), 39.2(പുനലൂർ)

2023-40 (പാലക്കാട്), 40.1(പാലക്കാട്)

2024- 40+ 40+ (അനുമാനം)​

ഈ വർഷം കേരളത്തിൽ ഏറ്റവും ഉയർന്ന ചൂട് ഇതുവരെ രേഖപ്പെടുത്തിയത് – 39.7 ഡിഗ്രി -പാലക്കാട്

ഈ വർഷം രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് – 41.4 ഡിഗ്രി -ആന്ധ്രാപ്രദേശിലെ അനന്തപുർ ജില്ല

ചൂട് കൂടാൻ കാരണം

എൽനിനോ എന്ന പ്രതിഭാസമാണ് കനത്ത ചൂടിന് കാരണമായത്. പസഫിക് സമുദ്രത്തിന്റെ ഭൂമദ്ധ്യരേഖാപ്രദേശത്ത് സമുദ്രോപരിതലത്തെ അസാധാരണമായ വിധത്തിൽ ചൂടുപിടിപ്പിക്കുന്ന പ്രതിഭാസമാണ് എൽനിനോ. ഇത് സജീവമാകുമ്പോൾ അന്തരീക്ഷ താപനില വർദ്ധിക്കും. താപനില ഉയരുന്നതിന് ആനുപാതികമായി അന്തരീക്ഷ ആർദ്രത വർദ്ധിക്കുന്നത് യഥാർത്ഥത്തിൽ ഉള്ളതിനെക്കാൾ കൂടിയ ചൂട് അനുഭവപ്പെടാൻ കാരണമാകും.

ശ്രദ്ധിക്കാൻ
ദാഹമില്ലെങ്കിലും ശുദ്ധജലം ധാരാളം കുടിക്കണം. വെയിൽ ഏൽക്കാതിരിക്കാൻ കുടയോ തൊപ്പിയോ ഉപയോഗിക്കുക. കട്ടി കുറഞ്ഞ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. വെയിലത്ത് പാർക്ക് ചെയ്യുന്ന വാഹനത്തിൽ കുട്ടികളെ ഇരുത്തിയിട്ട് പോകരുത്. വീടിനുള്ളിൽ വായുസഞ്ചാരം ഉറപ്പുവരുത്തുക. മദ്യവും കഫീൻ അടങ്ങിയ പാനീയങ്ങളും ഒഴിവാക്കണം.