play-sharp-fill
പൊലീസുകാരും മറ്റു സർക്കാർ ഉദ്യോഗസ്ഥരും വെള്ളത്തിൽ: അവധി ആഘോഷിച്ച് വീട്ടിലിരുന്ന് അധ്യാപകർ; പ്രളയത്തിൽ സർക്കാർ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചപ്പോൾ ഒന്നും ചെയ്യാതെ കരയ്ക്കിരുന്ന് കളി കണ്ട് ഭൂരിഭാഗം അധ്യാപകരും

പൊലീസുകാരും മറ്റു സർക്കാർ ഉദ്യോഗസ്ഥരും വെള്ളത്തിൽ: അവധി ആഘോഷിച്ച് വീട്ടിലിരുന്ന് അധ്യാപകർ; പ്രളയത്തിൽ സർക്കാർ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചപ്പോൾ ഒന്നും ചെയ്യാതെ കരയ്ക്കിരുന്ന് കളി കണ്ട് ഭൂരിഭാഗം അധ്യാപകരും

സ്വന്തം ലേഖകൻ

കോട്ടയം: പ്രളയത്തിൽ നാട് മുങ്ങിക്കിടന്നപ്പോൾ കഴുത്തറ്റം വെള്ളത്തിൽ മുങ്ങിക്കിടന്ന് പൊലീസും എക്‌സൈസ് സംഘവും റവന്യു ആരോഗ്യം തദേശ സ്വയംഭരണ വകുപ്പുകളിലെ ഉദ്യോഗസ്ഥരും കഷ്ടപ്പെട്ടപ്പോൾ ഭൂരിഭാഗം അധ്യാപകരും വീട്ടിലിരുന്ന് അവധി ആഘോഷിച്ചു. സർക്കാർ നിർദേശ പ്രകാരം 99 ശതമാനം ജിവനക്കാരും പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തിറങ്ങിയപ്പോൾ, 99 ശതമാനം അധ്യാപകരും ഈ പ്രവർത്തനങ്ങളിൽ ഒന്നും പങ്കാളികളാകാതെ വീട്ടിൽ തന്നെ ഇരിക്കുകയായിരുന്നു. സാമൂഹ്യ പ്രതിബന്ധത വിദ്യാർത്ഥികളിൽ പകർന്നു നൽകേണ്ട അധ്യാപകരിൽ ഭൂരിഭാഗവും പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുക്കാതെ വീട്ടിൽ തന്നെ ഇരുന്നതിനെതിരെ കടുത്ത പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്.
കഴിഞ്ഞ പത്തു ദിവസമായി ജില്ലയിലെ സ്‌കൂളുകൾക്ക് അവധിയാണ്. കഴിഞ്ഞ തിങ്കളാഴ്ച തുടങ്ങിയ മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ അടക്കം വെള്ളത്തിലായതോടെയാണ് ജില്ലയിലെ സ്‌കൂളുകൾ അടച്ചിട്ടത്. സ്‌കൂൾ അടച്ചതോടെ അധ്യാപകർ നേരെ വീടുകളിലേയ്ക്ക് മാറുകയായിരുന്നു. ചില സ്ഥലങ്ങളിൽ സാമൂഹ്യ പ്രതിബന്ധതയുള്ളവരും, രാഷ്ട്രീയ – സന്നദ്ധ സംഘടനകളുടെ ഭാഗമായി പ്രവർത്തിക്കുന്നവരുമായി അധ്യാപകർ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പങ്കാളികളായി രംഗത്തിറങ്ങിയിരുന്നു. എന്നാൽ, മറ്റൊരു വിഭാഗം അധ്യാപകർ ഇത്തരം പ്രവർത്തനങ്ങളിലൊന്നും സജീവമായി പങ്കെടുത്തതേയില്ല.
ഇത് അടക്കം ചൂണ്ടിക്കാട്ടിയാണ് മറ്റ് സർക്കാർ ജീവനക്കാരും പൊലീസുകാരും അടക്കമുള്ളവർ രംഗത്ത് എത്തിയിരിക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മറ്റു സർക്കാർ ജീവനക്കാർ ഞായറാഴ്ചയും അവധി ദിനങ്ങളും ഉപേക്ഷിച്ച് പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ രാത്രിയും പകലുമില്ലാതെ രംഗത്തിറങ്ങുമ്പോഴാണ് അധ്യാപകർ ഒരു ദിവസം പോലും പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേണ്ടി മാറ്റി വയ്ക്കാതെ വീട്ടിലിരിക്കുന്നത്. അവധി ലഭിച്ച ദിവസങ്ങളിലെല്ലാം ഇവർക്ക് സർക്കാർ ശമ്പളവും നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ പ്രതിഷേധവുമായി മറ്റു വകുപ്പിലെ ജീവനക്കാർ രംഗത്ത് എത്തിയിരിക്കുന്നത്.