play-sharp-fill
ടാറ്റു സെന്‍റര്‍ പീഡനക്കേസ്: സുജീഷ് കുറ്റം ചെയ്തെന്ന് കണ്ടെത്തൽ; തെളിവ് ലഭിച്ചെന്ന് പൊലീസ്

ടാറ്റു സെന്‍റര്‍ പീഡനക്കേസ്: സുജീഷ് കുറ്റം ചെയ്തെന്ന് കണ്ടെത്തൽ; തെളിവ് ലഭിച്ചെന്ന് പൊലീസ്

സ്വന്തം ലേഖിക

കൊച്ചി: ടാറ്റു സെന്‍റര്‍ പീഡനക്കേസില്‍ പ്രതി സുജീഷ് കുറ്റം ചെയ്‍തെന്ന് കണ്ടെത്തിയെന്ന് ഡിസിപി വി.യു കുര്യാക്കോസ്.

കേസില്‍ കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചു. വീഴ്ച വരുത്തുന്ന ടാറ്റു സ്ഥാപനങ്ങള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും ഡിസിപി പറഞ്ഞു. പ്രതിയുമായി കൊച്ചിയിലെ ഇങ്ക് ഫെക്ടഡ് എന്ന സ്ഥാപനത്തില്‍ പൊലീസ് തെളിവെടുപ്പ് നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. പ്രതി കുറ്റം ചെയ്തെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ധാരാളം തെളിവുകള്‍ കിട്ടിയിട്ടുണ്ട്. നിലവില്‍ ആറ് പരാതികളാണ് കിട്ടിയിട്ടുള്ളത്. വേറെ പരാതികള്‍ വന്നിട്ടില്ല. വന്നാല്‍ അതിലും നടപടിയെടുക്കും. ടാറ്റു ചെയ്യുന്ന പല സ്ഥാപനങ്ങളും ശരിയല്ലാത്ത രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. എറണാകുളത്തെ എല്ലാ ടാറ്റു സെന്‍ററുകളിലും സെര്‍ച്ച്‌ നടത്തി. എല്ലാ സെന്‍ററുകളിലും ക്യാമറകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്”- ഡിസിപി പറഞ്ഞു.

ഒളിവിലായിരുന്ന സുജീഷിനെ ഇന്നലെയാണ് പൊലീസ് പിടികൂടിയത്. സുജേഷ് ബംഗളൂരുവിലേക്ക് കടന്നതായി പൊലീസ് സംശയിച്ചിരുന്നു. ഇതിനിടെയിലാണ് പ്രതിയെ കൊച്ചിയില്‍ നിന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതി കേരളത്തിനു പുറത്തേക്ക് കടന്നശേഷം പിന്നീട് തിരിച്ചു വന്നതാണെന്ന് പൊലീസ് അറിയിച്ചു.
ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് പ്രതിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

പൊലീസിന് ലഭിച്ച ആറ് പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. പാലാരിവട്ടം, ചേരാനല്ലൂര്‍ സ്റ്റേഷനുകളില്‍ ആയിരുന്നു കേസുകള്‍. പീഡനത്തിനിരയായ യുവതികളുടെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.

ടാറ്റു ചെയ്യാന്‍ പോയപ്പോഴുണ്ടായ ദുരനുഭവം സോഷ്യല്‍ മീഡിയയില്‍ യുവതി പങ്കുവെച്ചതോടെയാണ് പീഡന വിവരം പുറത്തുവന്നത്. ഇതിന് പിന്നാലെ സമാന ആരോപണവുമായി കൂടുതല്‍ യുവതികള്‍ രംഗത്തെത്തുകയായിരുന്നു.