ടാറ്റൂ ചെയ്യേണ്ടത് സ്ത്രീകള്‍ക്കാണെങ്കില്‍ അവരെ മാത്രം അകത്തേക്ക് കൊണ്ടുപോകും; കൂടെ വന്ന ആളെ പുറത്തിരുത്തി കാബിന്റെ ഡോര്‍ ലോക്ക് ചെയ്യും; ടാറ്റൂ സ്റ്റൂഡിയോയിലെ പല അതിക്രമങ്ങളും ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്; ടാറ്റു ആര്‍ട്ടിസ്റ്റിനെതിരെയുള്ള മീടു ആരോപണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി മുന്‍ സഹപ്രവര്‍ത്തകന്‍
സ്വന്തം ലേഖിക
കൊച്ചി: കൊച്ചിയിലെ ടാറ്റു ആര്‍ട്ടിസ്റ്റിനെതിരെയുള്ള മീ ടു ആരോപണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി മുന്‍ സഹപ്രവര്‍ത്തകന്‍.
അവിടെ ഇത്തരം ലൈംഗികാതിക്രമം ഉണ്ടാകുന്നുവെന്ന് സ്ഥീരീകരിക്കുന്നതാണ് സഹപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍. കൊച്ചിയില്‍ ടാറ്റൂ സ്റ്റുഡിയോ നടത്തുന്ന സുജീഷ് പലരോടും മോശമായി പെരുമാറുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്നും സ്റ്റുഡിയോയില്‍ വരുന്ന പലര്‍ക്കും ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും സഹപ്രവര്‍ത്തകന്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
“ഒരു കസ്റ്റമര്‍ വന്നാല്‍, അതിപ്പോള്‍ ഒരു കപ്പിള്‍ ആണെങ്കില്‍ കൂടി, ടാറ്റൂ ചെയ്യേണ്ടത് സ്ത്രീകള്‍ക്കാണെങ്കില്‍ അവരെ മാത്രം അകത്തേക്ക് കൂട്ടികൊണ്ട് പോകും. കൂടെ വന്ന ആളെ പുറത്തിരുത്തി, കാബിന്റെ ഡോര്‍ ലോക്ക് ചെയ്യും. ചെയ്യേണ്ട മിനിമല്‍ ടാറ്റൂ ആണെങ്കിലും 2-3 മണിക്കൂര്‍ വരെയൊക്കെ എടുത്തിട്ടാണ് തീര്‍ക്കുക. സത്യത്തില്‍ അത്രയും സമയം ഒരു മിനിമല്‍ ടാറ്റുവിന് ആവശ്യമില്ല. ഒരു വര്‍ക്ക് ചെറിയ സമയം കൊണ്ട് തീര്‍ക്കുന്ന വ്യക്തി ഒരു മിനിമല്‍ വര്‍ക്കിന് ഇത്രയും സമയം എന്തുകൊണ്ട് എടുക്കുന്നുവെന്ന് ഞങ്ങള്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഇതെല്ലാം അവിടെ കയറിയ കാലത്താണ്. പിന്നെ പിന്നെയാണ് കാര്യങ്ങള്‍ മനസിലായി തുടങ്ങിയത്….” സുഹൃത്ത് പറയുന്നു.
ഞാന്‍ അനിമേഷന്‍ ഇന്‍ഡസ്ട്രിയില്‍ നിന്നാണ് വരുന്നത്. സുജീഷിന്റെ കൂടെ ഒരു ഒന്നര വര്‍ഷം ഒക്കെയേ നിന്നിട്ടുള്ളൂ. ഈ ഫീല്‍ഡിലുള്ള ഒത്തിരി ആര്‍ട്ടിസ്റ്റുകളെ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ അവിടെ ആര്‍ട്ടിനെ പ്രസന്റ് ചെയ്യുന്നത് മറ്റൊരു രീതിയിലാണ് ഞാന്‍ കണ്ടത്. എനിക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ അല്ല പലപ്പോഴും അവിടെ നടന്നിട്ടുള്ളത്.
‘ഒരിക്കല്‍ സ്റ്റൂഡിയോയില്‍ ഒരു സംഭവം ഉണ്ടായി. അന്ന് ഞാന്‍ ലീവായിരുന്നു അടുത്ത ദിവസം അവിടുത്തെ ബാക്കിയുള്ളവരാണ് കാര്യം എന്നോട് പറഞ്ഞത്. ഒരു പെണ്‍കുട്ടി അവളുടെ ഫാമിലിയെയും കൂട്ടി സ്റ്റൂഡിയോയില്‍ വന്നു. അവര്‍ വന്ന ഉടനെ ഇയാളുടെ അടുത്ത് പോയി പേഴ്സണലായി സംസാരിക്കണമെന്ന് പറഞ്ഞു. പുള്ളി അവരെയും കൂട്ടി അകത്ത് കാബിനിലേക്ക് പോയി. ആ ഫാമിലി ഡീസന്റ് ആയതുകൊണ്ട് അവിടെ വേറെ സീനൊന്നും ഉണ്ടാക്കിയില്ല. പക്ഷേ അകത്ത് കൂട്ടി പോയി നല രീതിയില്‍ പെരുമാറി. മുഖം വിങ്ങി ഇരിക്കുന്നത് കണ്ട് കൂടെയുള്ളവര്‍ ചോദിച്ചപ്പോള്‍ എന്തോ മിസണ്ടര്‍സ്റ്റാന്റിങ് ആണ്. ആ കുട്ടി വെറുതെ എന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ നോക്കുകയാണ് എന്നൊക്കെയാ എല്ലാവരോടും പറഞ്ഞത്.
ഈ വിഷയത്തില്‍ ഞാന്‍ ഉള്‍പ്പെടെ പലരും മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. ഇത് തമാശയല്ല. നല്ല പേരും ഒത്തിരി ബന്ധങ്ങളുമൊക്കെയുണ്ട്. എന്തെങ്കിലും പണി കിട്ടിയാല്‍ എല്ലാം ഒറ്റ നിമിഷം കൊണ്ട് തീരുമെന്നെല്ലാം. ഒരാളെ അല്ലല്ലോ, ഒരു ഇന്‍ഡസ്ട്രിയെ മുഴുവനായി ബാധിക്കുന്ന കാര്യമല്ലെ. എനിക്ക് അന്നൊക്കെ ഒത്തിരി വിഷമം തോന്നിയിട്ടുണ്ട്. അയാള്‍ വര്‍ക്കിനെയും ഇന്‍ഡസ്ട്രിയെയും അത്രയ്ക്കും നശിപ്പിക്കുന്നുണ്ട്.
‘പെണ്‍കുട്ടികള്‍ ടാറ്റു ചെയ്യാന്‍ വരുമ്പോള്‍ ഞാന്‍ പറ്റുന്നപോലെ പറയാറുണ്ട് നിങ്ങള്‍ ഒറ്റയ്ക്ക് വരരുത്, ഫ്രണ്ട്സിനെയോ വീട്ടുകാരെയോ ആരേയെങ്കിലും കൂടെ കൊണ്ട് വരണം. പ്രൈവറ്റ് പാര്‍ട്ട്സില്‍ ടാറ്റൂ ചെയ്യാനാണെങ്കില്‍ അവരോട് കൂടെ നില്‍ക്കാന്‍ പറയണം, പ്രത്യേകിച്ച് ഇവിടുത്തെ കേസില്‍ എന്നെല്ലാം ഞാന്‍ പറയാറുണ്ട്. അതുവേണ്ട എന്ന് പുള്ളി പറഞ്ഞാലും നിങ്ങള്‍ നിര്‍ബന്ധിക്കണം ഇല്ലെങ്കില്‍ ശരിയാവില്ല എന്നും എടുത്ത് പറയും.
പക്ഷേ സുജീഷുമായി നല്ല അടുപ്പമുള്ളവരോട് ഒരിക്കല്‍ പറഞ്ഞിട്ട് അവര്‍ അത് അങ്ങനെ തന്നെ പുള്ളിയോട് പോയി പറഞ്ഞു. ഇവിടുത്തെ സ്റ്റാഫ് ഞങ്ങളോട് ഈ രീതിയില്‍ പറഞ്ഞു എന്നൊക്കെ. അതിന്റെ പേരില്‍ ചെറിയ സംസാരവും വഴക്കും ഉണ്ടായിട്ടാണ് ഞാന്‍ അവിടെ നിന്നും ഇറങ്ങുന്നത്. പിന്നെ ഞാന്‍ സ്വന്തമായി ഒരു സ്റ്റൂഡിയോ തുടങ്ങുകയായിരുന്നു. അങ്ങനെ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് പ്ലാന്‍ ഒന്നും ഇല്ലായിരുന്നു. ഇതെല്ലാം എന്നെങ്കിലും പുറത്ത് വരും എന്ന് അന്നേ ഞാന്‍ സുജീഷിനോട് പറഞ്ഞതാ. ഇത് താമസിച്ചു പോയി. ഒരാള്‍ കാരണം ഒത്തിരി പേര്‍ അനുഭവിക്കേണ്ടി വരുന്നതിലാണ് വിഷമം. ആ കുട്ടി കോടതിയില്‍ പോകണം എന്ന് തന്നെയാണ് ആഗ്രഹം…
ഒത്തിരി പെണ്‍കുട്ടികള്‍ ഇനിയും തുറന്നുപറയും എന്ന് തന്നെയാണ് കരുതുന്നത്. അയാള്‍ക്ക് തക്ക ശിക്ഷ കിട്ടണം. എല്ലാത്തിനും അവരുടെ കൂടെ നില്‍ക്കും. അറിയാവുന്ന കാര്യങ്ങള്‍ പറയും. നമ്മളെ പോലുള്ള ആര്‍ട്ടിസ്റ്റുകളെ വിശ്വസിച്ചാണ് പലരും വരുന്നത്, അവരോട് ഇങ്ങനെയൊക്കെ ചെയ്യുന്നത് ഒരു ആര്‍ട്ടിനെ സ്നേഹിക്കുന്ന ആളെന്ന നിലയില്‍ ഒരിക്കലും ക്ഷമിക്കാന്‍ കഴിയാത്ത ഒന്നാണെന്നും….” സുഹൃത്ത് പറഞ്ഞ് നിര്‍ത്തുന്നു.
യുവതികളുടെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ലൈംഗികാക്രമണം സംബന്ധിച്ച് ഇതുവരെ പൊലീസിന് പരാതിയൊന്നും ലഭിച്ചിട്ടില്ല. കൊച്ചിയിലെ ഒരു കേന്ദ്രത്തില്‍ ടാറ്റൂ ചെയ്യുമ്പോള്‍ ആര്‍ട്ടിസ്റ്റ് സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ചെന്നും മാനഭംഗപ്പെടുത്തിയെന്നുമാണ് ഒരു യുവതി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. തുടര്‍ന്ന് കൂടുതല്‍ യുവതികള്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവം പങ്കുവച്ചു.
സമൂഹമാധ്യമങ്ങളില്‍ ഇത് ചര്‍ച്ചയായതോടെയാണ് പൊലീസ് സ്വമേധയാ അന്വേഷണം ആരംഭിച്ചത്. ആരോപണം ഉന്നയിച്ച യുവതിയെ പൊലീസ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇവര്‍ വരും ദിവസങ്ങളില്‍ പരാതി നല്‍കുമെന്നാണ് അറിയുന്നത്.