ദോഷം ചെയ്തവരില്‍ ചില പ്രമുഖര്‍ പശ്ചാത്തപിക്കുന്നതുംകണ്ടു, ഏതായാലും നന്നായി…; ഇത്രയും വികാര വായ്പുകളോടുകൂടിയുള്ള യാത്രയയപ്പ് കേരളത്തിലെ മറ്റൊരു നേതാവിന് കിട്ടിയിട്ടുണ്ടോയെന്ന് ടി. പത്മനാഭന്‍
സ്വന്തം ലേഖിക
തിരുവനന്തപുരം: ഉമ്മൻചാണ്ടിയോട് എനിക്ക് ആദ്യം മുതലേ ഏറെ സ്നേഹവും ബഹുമാനവുമായിരുന്നു.
ഈ രണ്ടു വികാരവും ഞാൻ ഒരിക്കലും മറച്ചുവെക്കുകയും ചെയ്തിട്ടില്ല. എന്റെ വീട്ടില്‍ അദ്ദേഹം പലപ്പോഴും വന്നിട്ടുണ്ട്. ഒടുവില്‍ വന്നത് ഭാര്യ മരിച്ചപ്പോഴാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേന്ദ്ര സാഹിത്യ അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയും അവാര്‍ഡുകള്‍ നിരസിച്ച വ്യക്തിയാണ് ഞാൻ. എഴുത്തുകാര്‍ ഈ അവാര്‍ഡ് ലഭിക്കാനായി ശയനപ്രദക്ഷിണം ചെയ്യുന്ന നാടാണിത്. എന്നിട്ടും ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നകാലത്ത് സാഹിത്യ അക്കാദമിയിലെ വിശിഷ്ടാംഗമായി നിയമിച്ചപ്പോള്‍ ആ ബഹുമതി ഞാൻ സ്നേഹത്തോടെ ഏറ്റുവാങ്ങി. അങ്ങനെ ചെയ്തത് ഉമ്മൻ ചാണ്ടിയോടും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും അന്നത്തെ സാംസ്കാരിക മന്ത്രിയുമായിരുന്ന കെ.സി. ജോസഫിനോടും എനിക്കുള്ള സ്നേഹ ബഹുമാനങ്ങളുടെ അടിസ്ഥാനങ്ങളിലായിരുന്നു.
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് തിരുവനന്തപുരത്തു നടന്ന ലോക മലയാള സാഹിത്യ സമ്മേളനത്തില്‍ ഞാൻ പങ്കെടുത്തത്. അതിനു മുൻപ് മറ്റൊരു ലോക മലയാള സാഹിത്യ സമ്മേളനം തിരുവനന്തപുരത്ത് നടന്നിരുന്നു. എനിക്ക് അന്നും ക്ഷണമുണ്ടായിരുന്നു. പക്ഷേ, ഞാനതില്‍ പങ്കെടുത്തിരുന്നില്ല.
പിന്നെ ഞാൻ ഉമ്മൻചാണ്ടിയെ കാണുന്നത് ഒരു കൊല്ലത്തിനുമുൻപ് തിരുവനന്തപുരത്ത് എന്റെ സുഹൃത്തായ എം.എം. ഹസ്സന്റെ ആത്മകഥ പ്രകാശനം ചെയ്ത വേളയിലായിരുന്നു. ഉമ്മൻചാണ്ടി അങ്ങേയറ്റം അവശനായിരുന്നു. എന്നിട്ടും അദ്ദേഹം വരുകയും രണ്ടു വാക്ക് സംസാരിക്കുകയും ചെയ്തു.
ഇന്നലെ രാവിലെ മുതല്‍ ടി.വി. ചാനലുകളില്‍ ഉമ്മൻചാണ്ടിയെക്കുറിച്ചുള്ള ദൃശ്യങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഇത്രയും വികാര വായ്പുകളോടുകൂടിയുള്ള യാത്രയയപ്പ് കേരളത്തിലെ മറ്റൊരു നേതാവിന് കിട്ടിയിട്ടുണ്ടോ എന്ന് ഞാൻ സംശയിക്കുന്നു.
ഉമ്മൻചാണ്ടിക്ക് ആരോടും ദേഷ്യമില്ലായിരുന്നു. അദ്ദേഹം തന്നോട് ദോഷം ചെയ്തവരെയും സ്നേഹിച്ചു. ബുധനാഴ്ച രാവിലത്തെ പത്രങ്ങളില്‍ ദോഷം ചെയ്തവരില്‍ ചില പ്രമുഖര്‍ പശ്ചാത്തപിക്കുന്നതുംകണ്ടു. ഏതായാലും അത് നന്നായി.