ശബ്ദ സന്ദേശം തന്റേതെന്ന് സമ്മതിച്ച് സ്വപ്ന സുരേഷ് : ശബ്ദസന്ദേശം ജയിലില്‍വെച്ച്‌ റെക്കോര്‍ഡ് ചെയ്തതല്ലെന്ന് ജയില്‍ ഡി.ഐ.ജി ; സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം നിര്‍ണായകഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോൾ പുറത്ത് വന്ന ശബ്ദസന്ദേശം തുടക്കമിട്ടിരിക്കുന്നത് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക്

ശബ്ദ സന്ദേശം തന്റേതെന്ന് സമ്മതിച്ച് സ്വപ്ന സുരേഷ് : ശബ്ദസന്ദേശം ജയിലില്‍വെച്ച്‌ റെക്കോര്‍ഡ് ചെയ്തതല്ലെന്ന് ജയില്‍ ഡി.ഐ.ജി ; സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം നിര്‍ണായകഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോൾ പുറത്ത് വന്ന ശബ്ദസന്ദേശം തുടക്കമിട്ടിരിക്കുന്നത് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക്

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് പറയുന്നതായി പുറത്ത് വന്ന ശബ്ദസന്ദേശം തുടക്കമിട്ടിരിക്കുന്നത് പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് .തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലുള്ള സ്വപ്നയെ ഒട്ടേറെപ്പേര്‍ സന്ദര്‍ശിക്കുന്നുവെന്ന ആരോപണം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വപ്ന സുരേഷ് പറഞ്ഞത് എന്ന പേരിൽ ശബ്ദരേഖ പുറത്തു വന്നത്.

അതേസമയം ശബ്ദസന്ദേശം ജയിലില്‍വെച്ച്‌ റെക്കോര്‍ഡ് ചെയ്തതല്ലെന്ന് ജയില്‍ ഡി.ഐ.ജി. അജയകുമാര്‍ . ജയിലിനു പുറത്ത് സംഭവിച്ചതാണെന്നും ഡി.ഐ.ജി. പറഞ്ഞു. എന്നാൽ പ്രചരിക്കുന്ന ശബ്ദം തന്റേതാണെന്ന് ഡി.ഐ.ജി. അജയകുമാറിനോട് സ്വപ്ന പറഞ്ഞിട്ടുണ്ട്. എപ്പോഴാണ് ഇത് റെക്കോര്‍ഡ് ചെയ്തതെന്ന് ഓര്‍മ്മയില്ലെന്നാണ് സ്വപ്ന പറഞ്ഞതെന്നും ഡി.ഐ.ജി. വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുറത്തുവന്ന ശബ്ദസന്ദേശം സ്വപ്നയുടേതാണോ എന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുമെന്ന ജയില്‍ ഡി.ജി.പി. ഋഷിരാജ് സിങ് അറിയിച്ചിട്ടുണ്ട്. ശബ്ദസന്ദേശവുമായി ബന്ധപ്പെട്ട് ഇ.ഡിയും ഇത് സംബന്ധിച്ച്‌ അന്വേഷണം നടത്തുന്നുണ്ട്.

സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം നിര്‍ണായകഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ ശബ്ദസന്ദേശം പുറത്തുവന്നത് ഇ.ഡി. ഏറെ സംശയത്തോടെയാണ് നോക്കി കാണുന്നത്.

മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചുവെന്നായിരുന്നു പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ സ്വപ്ന സുരേഷ് പറഞ്ഞിരുന്നത്.സ്വപ്നയുടെ അറസ്റ്റിന് നേരത്തെയും ഒരു ശബ്ദരേഖ പുറത്തു വന്നിരുന്നു. മുഖ്യമന്ത്രിക്ക് കേസുമായി ബന്ധമില്ലെന്ന് സ്ഥാപിക്കാനുള്ള സ്വപ്നയുടെ ആ ശ്രമവും വലിയ വിവാദമായിരുന്നു.

മുഖ്യമന്ത്രിയെ ലക്ഷ്യം വച്ചുള്ള രാഷ്ട്രീയ പ്രേരിത അന്വേഷണം എന്ന സര്‍ക്കാര്‍ ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് ശബ്ദരേഖ. എന്നാല്‍ ശബ്ദരേഖ സ്വപ്നയുടെത് ആണോയെന്നും ആണങ്കില്‍ ആരോട് സംസാരിച്ചതാണന്നും വ്യക്തതയില്ല.ഏത് അന്വേഷണ ഏജന്‍സിയെക്കുറിച്ചാണ് ആരോപണമെന്നോ എന്ന് പറഞ്ഞതാണെന്നോ സന്ദേശത്തിലില്ല. സന്ദേശം പുറത്ത് വന്നതിനൊപ്പം ഒട്ടേറെ ദുരൂഹതകളും ചര്‍ച്ചയാവുകയാണ്.

അതേസമയം കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അട്ടക്കുളങ്ങര വനിതാ ജയിലില്‍ ഇന്നലെ ആറ് മണിക്കൂര്‍ ചോദ്യംചെയ്തു. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ എന്‍ഫോഴ്സ്‌മെന്റിന് സ്വപ്ന മൊഴി നല്‍കിയതിന് പിന്നാലെയാണ് കസ്റ്റംസ് ചോദ്യം ചെയ്യാനെത്തിയത്.