പ്രിയ ദീദിയുടെ വേർപാടിൽ പൊട്ടിക്കരഞ്ഞു മോദി ; കണ്ണീരോടെ വിടനൽകാനെത്തിയത് പതിനായിരങ്ങൾ

പ്രിയ ദീദിയുടെ വേർപാടിൽ പൊട്ടിക്കരഞ്ഞു മോദി ; കണ്ണീരോടെ വിടനൽകാനെത്തിയത് പതിനായിരങ്ങൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: വിദ്യാർത്ഥിയായിരുന്ന കാലം മുതൽ സംഘരാഷ്ട്രീയത്തിൽ ഉറച്ചുനിന്നപ്പോഴും കർക്കശമായ നിലപാടുകളിലൂടെ ശ്രദ്ധേയയായ മുൻ വിദേശകാര്യ മന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ സുഷമാ സ്വരാജിന് വിടനൽകാനെത്തിയത് ആയിരങ്ങൾ. നിറകണ്ണുകളോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കൾ സുഷമാ സ്വരാജിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. സുഷമയുടെ ബന്ധുക്കളെ ആശ്വസിപ്പിക്കുമ്പോൾ മോദി വിങ്ങിപ്പൊട്ടി. ഇന്ത്യൻ രാഷ്ട്രീയത്തിലെ തിളക്കമാർന്ന ഒരു അദ്ധ്യായം അവസാനിച്ചിരിക്കുന്നുവെന്ന് മോദി ട്വിറ്ററിൽ കുറിച്ചു. ജനങ്ങളുടെ നൻമയ്ക്കും പാവപ്പെട്ടവരുടെ പുരോഗതിക്കുമായി സ്വജീവിതം അർപ്പിച്ച അവരുടെ നിര്യാണത്തിൽ ഇന്ത്യ ദുഃഖിക്കുന്നു. കോടിക്കണക്കിന് ജനങ്ങളുടെ പ്രചോദനമായിരുന്നു സുഷമ സ്വരാജെന്ന് നരേന്ദ്രമോദി പറഞ്ഞു. ഇന്നലെ രാത്രി ഹൃദയാഘാതത്തെ തുടർന്ന് ഡൽഹിയിലെ ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിലായിരുന്നു സുഷമയുടെഅന്ത്യം. ഇന്നു പുലർച്ചെയോടെ മൃതദേഹം സുഷമയുടെ വസതിയിലേക്ക് കൊണ്ടു വന്നു. ഇന്നുച്ചയ്ക്ക് 12 മുതൽ 3 മണി വരെ ന്യൂഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് പൊതുദർശനത്തിന് വയ്ക്കും.

ഒന്നാം മോദി മന്ത്രിസഭയിൽ വിദേശ കാര്യ മന്ത്രിയെന്ന നിലയിൽ മികച്ച പ്രകടനമാണ് സുഷമ നടത്തിയത്. മറ്റ് രാജ്യങ്ങളുമായ സൗഹൃദം ശക്തിപ്പെടുത്താനും ലോക നേതാക്കളുമായുള്ള ഭാരതത്തിന്റെ ബന്ധം ഊഷ്മളമാക്കാനും കഴിഞ്ഞു. മാതൃ സഹജമായ സ്‌നേഹത്തോടെ വിദേശത്തുള്ള ഇന്ത്യക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ സുഷമ അതീവ ജാഗ്രത പുലർത്തിയിരുന്നു. ഗൾഫിലെ സംഘർഷങ്ങൾക്കിടയിൽ അവിടെ അകപ്പെട്ട മലയാളി നഴ്‌സുമാരെ തിരികെയെത്തിക്കുന്നതിലും അതാത് സമയങ്ങളിൽ ഈ നീക്കത്തിന്റെ പുരോഗതി കേരള സർക്കാരിനെയും ബന്ധുക്കളെയും അറിയിക്കുന്നതിലും അവർ ശുഷ്‌കാന്തി കാണിച്ചിരുന്നു. ലോകത്തിന്റെ വിവിധകോണുകളിൽ അകപ്പെട്ടു പോകുന്ന ഇന്ത്യക്കാരെ രക്ഷിച്ച് നാട്ടിലെത്തിക്കുന്നതിലും സുഷമ ജാഗരൂകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1952ൽ ഹരിയാനയിലെ അംബാല കന്റോൺമെന്റിലാണ് സുഷമയുടെ ജനനം. കോളേജ് വിദ്യാഭ്യാസത്തിനിടെ എ.ബി.വി.പി പ്രവർത്തകയായിരുന്നു. പിന്നീട് അവർ ജനതാ പാർട്ടിയിലെത്തി. 1977ൽ ഹരിയാനയിലെ ദേവിലാൽ മന്ത്രിസഭയിൽ അംഗമാവുമ്പോൾ 25 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു. 1987ലും ഹരിയാനയിൽ മന്ത്രിയായിരുന്നു. പിന്നീട് ബി.ജെ.പി നേതൃനിരയിലെത്തി. ഒരു ദേശീയ പാർട്ടിയുടെ ഔദ്യോഗിക വക്താവുന്ന ആദ്യത്തെ വനിതയാണ്. ആദ്യത്തെ വനിതാ വിദേശ കാര്യമന്ത്രിയും ലോക്‌സഭയിലെ ആദ്യത്തെ വനിതാ പ്രതിപക്ഷ നേതാവുമായിരുന്നു. വാജ്‌പേയി മന്ത്രിസഭയിൽ വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായിരുന്നു. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായപ്പോൾ ലോക്‌സഭയിൽ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു.