ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ഇരുട്ടടി; ക്രെഡിറ്റ് കാർഡ് കുടിശ്ശിക തിരിച്ചടവ് വൈകുന്നതിന് ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കിൻ്റെ 30 ശതമാനം പരിധി നീക്കി സുപ്രിംകോടതി; ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതിഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി
ഡൽഹി: ക്രെഡിറ്റ് കാർഡ് കുടിശ്ശിക തിരിച്ചടവ് വൈകുന്നതിന് ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കിൻ്റെ 30 ശതമാനം പരിധി നീക്കി സുപ്രിംകോടതി. ലക്ഷക്കണിക്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് തിരിച്ചടിയാകുന്നതാണ് വിധി. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതിഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
ക്രെഡിറ്റ് കാർഡ് പലിശാ പരിധി 30 ശതമാനമായി നിശ്ചയിച്ച നാഷണൽ കൺസ്യൂമർ ഡിസ്പ്യൂട്ട് റിഡ്രസൽ കമ്മിഷന്റെ (എൻസിഡിആർസി) വിധിക്ക് എതിരെ വിവിധ ബാങ്കുകൾ സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ടാണ് സുപ്രിം കോടതി വെള്ളിയാഴ്ച വിധി പുറപ്പെടുവിച്ചത്. സ്റ്റാന്റേർഡ് ചാർട്ടേർഡ് ബാങ്ക്, സിറ്റിബാങ്ക്, അമേരിക്കൻ എക്സ്പ്രസ്, എച്ച്എസ്ബിസി എന്നീ ബാങ്കുകളാണ് സുപ്രിംകോടതിയെ സമീപിച്ചത്. 2008-ലാണ് എൻസിഡിആർസി ക്രെഡിറ്റ് കാർഡ് പലിശാ പരിധി നിശ്ചയിച്ച് ഉത്തരവിറക്കിയത്.
എൻസിഡിആർസിയുടെ പരിധി കുറയ്ക്കൽ ക്രെഡിറ്റ് കാർഡ് വ്യവസായവുമായി ബന്ധപ്പെട്ട വിവിധ ചെലവുകളെ അവഗണിച്ചായിരുന്നു എന്ന് ബാങ്കുകൾ സുപ്രിം കോടതിയിൽ വാദിച്ചു. വീഴ്ച വരുത്തുന്ന ഉപയോക്താക്കളിൽ നിന്ന് മാത്രമാണ് പലിശ നിരക്ക് ഈടാക്കുന്നതെന്നും കൃത്യമായി പണമടയ്ക്കുന്നവർക്ക് 45 ദിവസത്തെ പലിശ രഹിത ക്രെഡിറ്റ് അനുവദിക്കുന്നുണ്ടെന്നും ബാങ്കുകൾ ചൂണ്ടിക്കാട്ടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവിധ എൻജിഒകളും വ്യക്തികളും സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിയിരുന്നു എൻസിഡിആർസിയുടെ നടപടി. ബാങ്കുകളും നോൺ ബാങ്കിങ് ഫിനാൻഷ്യൽ സ്ഥാപനങ്ങളും ഈടാക്കിവന്ന 49 ശതമാനം പലിശയിൽ നിന്നാണ് നിരക്ക് 30 ശതമാനമാക്കി കുറച്ചത്. ഇത്തരം സ്ഥാപനങ്ങൾ അമിതമായ നിരക്കിൽ പലിശ ഈടാക്കുന്നത് തടയുന്നതിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിനേയും ആർബിഐയേയും അന്ന് എൻസിഡിആർഡിസി രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.