‘കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു’; കേരളത്തിന്റെ ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്
സ്വന്തം ലേഖിക
കടമെടുപ്പ് പരിധി വെട്ടി കുറച്ചതിനെതിരായ കേരളത്തിന്റെ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്.സാമ്ബത്തികമായി കേന്ദ്രം ഞെരുക്കുന്നുവെന്നായിരുന്നു കേരളം ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. അടിയന്തരമായി വിഷയം പരിഗണിക്കണമെന്നും കടമെടുക്കാൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിപ്പിക്കണമെന്നും കേരളം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കപില്‍ സിബലാണ് കേരളത്തിന് വേണ്ടി ഹാജരായത്. ഹര്‍ജി ഈ മാസം 25നാണ് പരിഗണിക്കുക.
കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു കൊണ്ട് കേന്ദ്രം പുറത്തിറക്കിയ രണ്ട് ഉത്തരവുകള്‍ക്കെതിരെയാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. ഭരണഘടനയുടെ 131-ാം അനുച്ഛേദം അനുസരിച്ചാണ് ഹര്‍ജി. സംസ്ഥാനത്തിന്റെ സാമ്ബത്തിക സ്വയം ഭരണാവകാശത്തില്‍ കേന്ദ്രം ഭരണഘടനാപരമായി ഇടപെടുന്നത് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് കേന്ദ്രം കടമെടുപ്പ് പരിധി വെട്ടിക്കുറക്കുന്നതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വിഷയം ഭരണഘടനാ ബെഞ്ച് പരിഗണിക്കേണ്ട വിഷയമാണെന്ന് കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. ഇതിനോട് കോടതി വാക്കാല്‍ യോജിച്ചു. സ്യുട്ട് ഹര്‍ജി ആയതിനാല്‍ അറ്റോര്‍ണി ജനറലിന്റെ ഓഫീസ് മുഖേന കേന്ദ്രത്തിന് സമൻസ് കൈമാറാൻ സുപ്രീംകോടതി നിര്‍ദേശിക്കുകയായിരുന്നു.
നേരത്തെ സംസ്ഥാന സര്‍ക്കാരിന്റെ കടമെടുപ്പ് പരിധി 2017ന് മുമ്ബുള്ള സ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കേരളം ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഗ്യാരണ്ടികളുടെ പിന്‍ബലത്തില്‍ എടുക്കുന്ന വായ്പകള്‍ സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള ബാധ്യതകളല്ലെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.
എന്നാല്‍ സംസ്ഥാന പൊതുമേഖലാ കമ്ബനികള്‍-കോര്‍പ്പറേഷനുകള്‍, പ്രത്യക ഉദ്ദേശ സ്ഥാപനങ്ങള്‍ എന്നിവ സംസ്ഥാന ബജറ്റ് വഴിയോ അവര്‍ക്കായി നിശ്ചയിച്ചു നല്‍കിയ സംസ്ഥാനത്തിന്റെ നികുതി (സെസ്) ഏതെങ്കിലും തരത്തിലുള്ള സംസ്ഥാന വരുമാനം എന്നിവ വഴിയോ തിരിച്ചടയ്ക്കുന്ന വായ്പകള്‍, അനുച്ഛേദം 293(3) പ്രകാരം കടമെടുപ്പിനുള്ള സമ്മതപത്രം പുറപ്പെടുവിക്കുമ്ബോള്‍ സംസ്ഥാനം എടുത്ത കടമായി കണക്കാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്.
സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ചില പ്രത്യേക ഉദ്ദേശ സ്ഥാപനങ്ങളായ കിഫ്ബി, കെഎസ്‌എസ്പിഎല്‍ മുതലായവ എടുക്കുന്ന എല്ലാ കടമെടുപ്പുകളും സംസ്ഥാന സര്‍ക്കാരിന്റെ പൊതുകടത്തിലാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നത്.