ഭക്ഷ്യ സാധനങ്ങൾ കരിചന്തയിലേക്ക് കടത്തി ; 26 മാവേലി സ്റ്റോർ മാനേജർമാർക്കെതിരെ അന്വേഷണം

ഭക്ഷ്യ സാധനങ്ങൾ കരിചന്തയിലേക്ക് കടത്തി ; 26 മാവേലി സ്റ്റോർ മാനേജർമാർക്കെതിരെ അന്വേഷണം

 

സ്വന്തം ലേഖിക

തിരുവനന്തപുരം: ഓണക്കാലത്ത് വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്ന സബ്‌സിഡി ഭക്ഷ്യസാധനങ്ങൾ കരിഞ്ചന്തയിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട് 26 മാവേലി സ്‌റ്റോർ മാനേജർമാർക്കെതിരെ വകുപ്പുതല നടപടിക്ക് നിർദേശം. സപ്ലൈകോ വിജിലൻസ് നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി. കടത്തിയ സാധനങ്ങളുടെ വിലയും പലിശയുമടക്കം ഇവരിൽനിന്ന് തിരിച്ചു പിടിക്കാനും സപ്ലൈകോ എം.ഡി കെ.എൻ. സതീഷ് കുമാർ നിർദേശം നൽകി.

കോഴിക്കോട് റീജ്യനിലെ 11 മാവേലി സ്‌റ്റോറുകളിലും പാലക്കാട് -രണ്ട്, എറണാകുളം -ആറ്, കോട്ടയം -അഞ്ച്, തിരുവനന്തപുരം -രണ്ടിടങ്ങളിലുമാണ് തട്ടിപ്പ് കണ്ടെത്തിയത്. തിരിമറി സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും 30ഓളം മാനേജർമാർ നിരീക്ഷണത്തിലാണെന്നും വിജിലൻസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ആഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലാണ് തട്ടിപ്പ് കണ്ടെത്തിയിട്ടുള്ളത്. ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽനിന്ന് സംസ്ഥാനത്തെ 86,14,380 റേഷൻ കാർഡുടമകളുടെ കാർഡ് നമ്പർ ശേഖരിച്ചശേഷം മാവേലി സ്‌റ്റോർ മാനേജർമാരുടെ ഒത്താശയോടെ സാധനങ്ങൾ പുറത്തേക്ക് കടത്തുകയായിരുന്നു.

പഞ്ചസാര, വെളിച്ചെണ്ണ, അരി എന്നിവയാണ് കൂടുതലായി കടത്തിയത്. സപ്ലൈകോയുടെ ഓണം ഫെയറുകളിൽനിന്ന് എല്ലാ കാർഡുടമകളും സാധനങ്ങൾ കൈപ്പറ്റാറില്ല. ഇത്തരക്കാരുടെ വിവരങ്ങൾ വെബ്‌സൈറ്റ് മുഖേന ശേഖരിക്കുകയും സ്‌റ്റോറിെൻറ പ്രവർത്തനം കഴിഞ്ഞശേഷം ഇവരുടെ സാധനങ്ങൾ പുറത്തേക്ക് വൻ വിലയ്ക്ക് കടത്തിയെന്നുമാണ് വിജിലൻസ് കണ്ടെത്തൽ.

കോഴിക്കോട്ടെ കാർഡ് ഉടമയുടെ നമ്പർ ഉപയോഗിച്ച് കോട്ടയത്ത് സബ്‌സിഡി ബില്ലിങ് നടത്തിയ സംഭവങ്ങളും അന്വേഷണത്തിൽ കണ്ടെത്തി. ആഗസ്റ്റിൽ മാത്രം രണ്ടായിരത്തോളം അനധികൃത ബില്ലിങ്ങാണ് മാവേലി സ്‌റ്റോറുകളിൽ നടന്നത്. മാസാവസാനമായ ആഗസ്റ്റ് 31ന് രാത്രി എട്ടിന് ശേഷം 964ഓളം സബ്‌സിഡി ബില്ലിങ് സംസ്ഥാനത്തെ മാവേലി സ്‌റ്റോറുകളിൽ നടന്നതായും വിജിലൻസ് കണ്ടെത്തി. തുടർന്ന്, കാർഡുടമകളെ ഫോണിൽ ബന്ധപ്പെട്ട് അവർ സാധനങ്ങൾ കൈപ്പറ്റിയോ എന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് കുറ്റക്കാരെ കണ്ടെത്തിയത്.
ഇത്തരത്തിൽ ഓരോ മാസത്തെയും അനധികൃത ബില്ലിങ്ങുകൾ വിജിലൻസ് പരിശോധിച്ച് വരികയാണ്.