ജീവനക്കാർ കല്യാണം കൂടാൻ കൂട്ടത്തോടെ മുങ്ങിയതോടെ പുനലൂർ സപ്‌ളൈ ഓഫീസിൽ എത്തിയ പൊതുജനങ്ങളെ സ്വീകരിച്ചത് ഒഴിഞ്ഞ കസേരകൾ.
സ്വന്തംലേഖകൻ
പുനലൂർ: പുനലൂർ താലൂക്ക് സപ്ലൈ ഓഫീസിൽ എത്തിയവർ മൂക്കത്ത് വിരൽവച്ചു നിന്നുപോയി. ആരും പ്രവേശിക്കാതിരിക്കാൻ വാതിലിനോട് ചേർന്ന് മേശ പിടിച്ചിട്ട് വഴി അടച്ചിരിക്കുന്നു! ഒരു സ്വീപ്പർ മാത്രം പരിസരത്തുണ്ട്. അസി. സപ്ലൈ ഓഫീസറുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ജീവനക്കാർ കൂട്ടത്തോടെ മുങ്ങിയെന്നാണ് ആക്ഷേപം. കിലോമീറ്ററുകൾ അകലെയുള്ള അഞ്ചലിൽ നടന്ന വിവാഹത്തിൽ പങ്കെടുക്കാൻ പോയതാണ്. വിവിധ ആവശ്യങ്ങൾക്ക് ഓഫീസിൽ എത്തിയവർക്ക് മടങ്ങിപ്പോകേണ്ടിവന്നു. ചിലർ പ്രതിഷേധിച്ചുനിന്നു. 18 ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥാപനമാണ് ഉച്ചവരെ അടച്ചിട്ടത്. ഉച്ചയോടെ താലൂക്ക് സപ്ലൈ ഓഫീസർ അടക്കമുള്ള ജീവനക്കാർ തിരിച്ചെത്തി. എന്നാൽ, സംഭവം വിവാദമായതോടെ ജീവനക്കാർ രജിസ്റ്ററിൽ ഒപ്പിടാൻ ശ്രമിച്ചത് ഓഫീസർ വിലക്കി. അവധി എഴുതി വാങ്ങുകയും ചെയ്തു.ജീവനക്കാരിയുടെ മകളുടെ വിവാഹത്തിന് പുറമെ, ഒരു റേഷൻ കടയുടമയും, ഒരു ജീവനക്കാരന്റെ പിതാവും മരിച്ചതുകൊണ്ടാണ് കൂട്ടത്തോടെ ഓഫീസ് വിട്ടുപോകേണ്ടി വന്നതെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അനിൽകുമാർ പറഞ്ഞു. ഒരു റേഷനിംഗ് ഇൻസ്‌പെക്ടറെ താലൂക്ക് സപ്ലൈ ഓഫീസ് നോക്കാൻ ഏല്പിച്ചശേഷമാണ് മറ്റുള്ള ജീവനക്കാർ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയതെന്ന് ജില്ലാ സപ്ലൈ ഓഫീസർ ജയശ്രീ അറിയിച്ചു. ഇത് ശരിയായ നടപടിയല്ല. ഇത് സംബന്ധിച്ച് ഇന്ന് പുനലൂരിലെ ഓഫീസിൽ എത്തി അന്വേഷിക്കും. സിവിൽ സപ്ലൈസ് വകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകുമെന്നും അവർ പറഞ്ഞു.