ഭർത്താവിന്റേയും ഭർതൃപിതാവിന്റേയും ശാരീരിക മാനസിക പീഡനം ; ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു; വിവാഹസമ്മാനമായി നൽകിയ സ്വർണാഭരണം ബിസിനസിനായി നല്കാത്തതിനാൽ മർദ്ദനം പതിവായി; വെണ്ണിയോട് ഗർഭിണിയായ യുവതി കുഞ്ഞുമായി പുഴയിൽചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃകുടുംബത്തിനെതിരെ ​ഗുരുതര ആരോപണം പുറത്ത്

ഭർത്താവിന്റേയും ഭർതൃപിതാവിന്റേയും ശാരീരിക മാനസിക പീഡനം ; ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു; വിവാഹസമ്മാനമായി നൽകിയ സ്വർണാഭരണം ബിസിനസിനായി നല്കാത്തതിനാൽ മർദ്ദനം പതിവായി; വെണ്ണിയോട് ഗർഭിണിയായ യുവതി കുഞ്ഞുമായി പുഴയിൽചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃകുടുംബത്തിനെതിരെ ​ഗുരുതര ആരോപണം പുറത്ത്

സ്വന്തം ലേഖകൻ

വയനാട്: വെണ്ണിയോട് ഗർഭിണിയായ യുവതി കുഞ്ഞുമായി പുഴയിൽചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനും ഭർത്താവിൻറെ അച്ഛനുമെതിരെ ഗുരുതര പരാതിയുമായി ബന്ധുക്കൾ. യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചുവെന്നും ഭർത്താവും ഭർത്താവിൻറെ അച്ഛനും ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നുമാണ് ആരോപണം. പാത്തിക്കൽ ഓംപ്രകാശിൻറെ ഭാര്യ ദർശനയാണ് കഴിഞ്ഞ പതിമൂന്നിന് അഞ്ചുവയസുള്ള മകൾ ദർശനയുമായി പുഴയിൽ ചാടിയത്.

ദർശനയുടെ ഭർത്താവ് ഓംപ്രകാശ്, ഭർത്താവിൻറെ അച്ഛൻ റിഷഭരാജൻ എന്നിവരാണ് മകളുടെ മരണത്തിന് കാരണമെന്ന് വിശാലാക്ഷി വിതുമ്പലോടെ പറയുകയാണ്. ദർശനയെ രണ്ട് തവണ ഓംപ്രകാശ് നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തി. നാല് മാസം ഗർഭിണിയായിരിക്കെ വീണ്ടും ഗർഭച്ഛിദ്രം നടത്താൻ ആവശ്യപ്പെട്ടതിൻറെ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. വിവാഹം കഴിഞ്ഞ് മാസങ്ങൾ കഴിയും മുമ്പ് വിവാഹസമ്മാനമായി നൽകിയ സ്വർണാഭരണം ഭർത്താവിൻറെ അച്ഛൻ കാപ്പിക്കച്ചവടത്തിന് ചോദിച്ചപ്പോൾ നൽകാത്തതുമുതൽ പീഡനം തുടങ്ങിയതയാണ് പരാതി. ദർശനയെ ഇരുവരും മർദിക്കാറുണ്ടെന്നും പരാതിയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശാരീരിക മാനസിക പീഡനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം മാർച്ചിൽ കമ്പളക്കാട് പൊലീസിൽ പരാതി നൽകിയിട്ടും നീതി ലഭിച്ചില്ല. മകൾ ദക്ഷയെ കരുതിയാണ് പോകരുതെന്നാവശ്യപ്പെട്ടിട്ടും ദർശന ഭർത്താവിൻറെ വീട്ടിൽ പോയത്. ഭർത്താവിൻറെ അച്ഛൻ ദർശനയെ അസഭ്യം പറയുന്നതും ആത്മഹത്യ ചെയ്യാൻ ആവശ്യപ്പെടുന്നതുമായ സംഭാഷണം വീട്ടുകാർ പുറത്തുവിട്ടു.

ദർശനയുടെയും മകളുടെയും മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ജില്ലാ കലക്ടർക്കും പൊലീസ് മേധാവിക്കും പരാതി നൽകി. വീട്ടുകാരുടെ പരാതിയിൽ തുടർനടപടികൾ പുരോഗമിക്കുകയാണെന്ന് കൽപ്പറ്റ ഡിവൈഎസ്പി ടിഎൻ സജീവ് അറിയിച്ചു.