തെരുവുനായ് ആക്രമണം; പ്രതിരോധ നടപടി കൂടുതൽ ഫലപ്രദമാക്കും, എ.ബി.സി പദ്ധതി വിപുലമാക്കുമെന്നും കൊച്ചി കോര്പറേഷൻ
കൊച്ചി:തെരുവുനായ് ശല്യം കോർപറേഷന്റെ വിവിധ ഡിവിഷനുകളില്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. തെരുവുനായ് ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ കൂടുതല്‍ ഫലപ്രദമാക്കാൻ കൊച്ചി കോർപറേഷൻ.ഇതിന്റെ ഭാഗമായി തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്ന അനിമല്‍ ബർത്ത് കണ്ട്രോള് (എ.ബി.സി) പദ്ധതി കുറേക്കൂടി വിപുലീകരിക്കും.
ഇതോടനുബന്ധിച്ച് അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കിക്കൊണ്ടിരിക്കുകയാണെന്ന് ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ടി.കെ. അഷ്റഫ് കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. വന്ധ്യംകരിച്ച നായ്ക്കളില്‍ വളർത്താവുന്നവയെ ആവശ്യക്കാർക്ക് ദത്തെടുക്കാൻ അഡോപ്ഷൻ വെബ്സൈറ്റ് ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇത് ഒരുമാസത്തിനുള്ളില്‍ പ്രവർത്തനക്ഷമമാവും.
എ.ബി.സി പദ്ധതിയിലേക്കായി രണ്ട് ഡോക്ടർമാരെയും ഡോഗ് ക്യാച്ചർമാരെയും ശസ്ത്രക്രിയ സഹായികളെയും ഉള്‍പ്പെടെ നിയമിക്കും.ഇതോടൊപ്പം നായ്പിടിത്തത്തിന് പുതിയ വാഹനവും നിരത്തിലിറങ്ങും. ബി.പി.സി.എല്‍ സാമ്ബത്തിക സഹായത്തോടെയാണ് പദ്ധതി കൂടുതല്‍ വിപുലീകരിക്കുന്നത്. ഗോവയിലെ മിഷൻ റാബീസ് പദ്ധതിയില്‍നിന്ന് വിദഗ്ധ പരിശീലനം നേടിയ അഞ്ച് ഡോഗ് ക്യാച്ചർമാരുടെ സേവനം കൊച്ചിയില്‍ ലഭ്യമാക്കാനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തെരുവുനായ് ശല്യം കോർപറേഷന്റെ വിവിധ ഡിവിഷനുകളില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്നതായി കൗണ്‍സിലില്‍ പ്രതിപക്ഷ നേതാവ് ആൻറണി കുരീത്തറയാണ് ഉന്നയിച്ചത്. തന്റെ ഡിവിഷനായ ഫോർട്ട്കൊച്ചിയില്‍ വിദേശികളുള്‍പ്പെടെ തെരുവുനായുടെ കടിയേല്ക്കുകയാണ്.
തെരുവുനായ്ക്കള്‍ക്കുള്ള ഷെല്‍ട്ടർ ഹോം ഫലപ്രദമായി നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എ.ബി.സി പദ്ധതി ഫലപ്രദമല്ലെന്ന് മേയർ എം. അനില്‍കുമാറും തുറന്നടിച്ചു. പദ്ധതിയുണ്ടായിട്ടും നായ്ക്കളുടെ ആക്രമണത്തിന് കുറവില്ലെന്നും പല ഡിവിഷനിലും ആളുകള്‍ പട്ടിപ്പേടിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വന്ധ്യംകരണം സംബന്ധിച്ച് ആരോഗ്യവിഭാഗം കൂടുതല്‍ ഫലപ്രദമായ പരിശീലനവും മറ്റും നടപ്പാക്കേണ്ടതുണ്ടെന്ന് കൗണ്‍സിലർ ആർ. രതീഷ് ചൂണ്ടിക്കാട്ടി. കോർപറേഷനിലെ വിവിധ ഡിവിഷനുകളിലെ തെരുവുനായ്ക്കളുടെ കണക്കെടുക്കണമെന്ന് ഹെൻട്രി ഓസ്റ്റിൻ ആവശ്യപ്പെട്ടു. ബ്രഹ്മപുരത്ത് തെരുവുനായ് വന്ധ്യംകരണ ആശുപത്രിക്ക് അനുബന്ധമായി ഇവയെ താമസിപ്പിക്കാനായി കൂട് നിർമിച്ചിട്ടുണ്ട്. നൂറോളം നായ്ക്കളെ ഇവിടെ പാർപ്പിക്കാനാവുമെന്ന് ടി.കെ. അഷ്റഫ് വ്യക്തമാക്കി.