തോട്ടുംകരയില്‍ വിമാനമിറങ്ങാന്‍ താവളമുണ്ടാക്കും കൃഷിക്കാര്‍ക്കു കൃഷിഭൂമി പണക്കാര്‍ക്കു മരുഭൂമി.. എന്‍ ജി ഒമാര്‍ക്കെല്ലാം ഇന്നത്തെ ശമ്പളം നാല് നാലിരട്ടി:” 58 വർഷം മുൻപത്തെ തെരഞ്ഞെടുപ്പു ഗാനം: കവികൾ കാലത്തിൻ്റെ പ്രവാചകരാണെന്ന് പറയുന്നത് എത്രയോ ശരി
കോട്ടയം: .വീണ്ടും ഒരു
തിരഞ്ഞെടുപ്പ് കാലം.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിൻ്റെ ഉത്സവമെന്ന് വിശേഷിപ്പിക്കാവുന്ന ഇന്ത്യൻ പാർലമെൻ്റ് തെരഞ്ഞെടുപ്പ് .
ഡെമോക്രസി അഥവാ ജനാധിപത്യത്തിൻ്റെ തുടക്കം ഗ്രീസിൽ നിന്നായിരുന്നെങ്കിലും ഇന്ന് കാണുന്ന രീതിയിലുള്ള ഒരു ജനാധിപത്യ സംവിധാനം നിലവിൽ വരുന്നത് 1688-ൽ ബ്രിട്ടനിൽ ആയിരുന്നു .
ബ്രിട്ടന്റെ കോളനിയായിരുന്ന ഇന്ത്യ 1947-ൽ സ്വതന്ത്രമായതോടെ ജനാധിപത്യ സമ്പ്രദായം ഇന്ത്യയും പിന്തുടരുകയായിരുന്നു .
ജനങ്ങൾക്ക് വേണ്ടി
ജനങ്ങൾ ജനങ്ങളെ ഭരിക്കുന്ന രീതിയാണ് ജനാധിപത്യം.
സ്വാർത്ഥത തൊട്ടു തീണ്ടാത്ത രാജ്യസ്നേഹികളായ പൊതുജന സേവകരായിരുന്നു ആദ്യകാലങ്ങളിൽ ഇന്ത്യൻ ജനാധിപത്യത്തിന് കരുത്തേകിയത്.
ഇന്ത്യന്‍ ജനസംഖ്യയുടെ പകുതിയിലധികം പേർ ഇന്നും കഷ്ടപ്പാടിലും ദുരിതത്തിലുമാണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ ?
വോട്ടർമാരെ
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആകര്‍ഷിക്കാനായി
ഇവിടുത്തെ രാഷ്ട്രീയ പാർട്ടികള്‍ പ്രകടന പത്രികയില്‍ എന്തെല്ലാം മോഹനവാഗ്ദാനങ്ങളാണ് നൽകുന്നത്.
അങ്ങനെ ജനപ്രിയ വാഗ്ദാനങ്ങളിലൂടെ അധികാരം പിടിച്ചെടുക്കുകയും ജനങ്ങളുടെ നികുതിപ്പണം കൊണ്ട് സുഖലോലുപരായി ശതകോടീശ്വരന്മാരായി തീരുകയുയാണ് നമ്മുടെ നാട്ടിലെ ഭൂരിഭാഗം രാഷ്ട്രീയക്കാരും രാഷ്ട്രീയപാര്‍ട്ടികളും.
എന്നാൽ ജനക്ഷേമം
മുന്നിൽ കണ്ടു കൊണ്ട് കർമ്മനിരതരായി പ്രവർത്തിക്കുന്ന
ത്യാഗമനസ്സുള്ള ചില രാഷ്ട്രീയപാർട്ടികളും പ്രവർത്തകരും നമ്മുടെ നാട്ടിലുണ്ട് എന്നുള്ളത് ഏറെ ആശ്വാസകരം തന്നെ .
അധികാരത്തിലെത്താൻ
ചില രാഷ്ട്രീയക്കാർ ജനങ്ങൾക്ക് നൽകുന്ന മോഹന വാഗ്ദാനങ്ങൾ കേട്ടാൽ നമ്മൾ ചിരിച്ചു മണ്ണ് കപ്പിപ്പോകും.
രാഷ്ട്രീയത്തിലെ ഇത്തരം കള്ളനാണയങ്ങളെ തൊലിയുരിച്ച് കാണിക്കുന്ന ഒരു ഗാനം 1966-ൽ പുറത്തിറങ്ങിയ “സ്ഥാനാർഥി സാറാമ്മ ” എന്ന ചിത്രത്തിൽ അടൂർഭാസി പാടി അഭിനയിക്കുന്നുണ്ട്.
ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പാണ് ഈ ഗാനത്തിന് ആസ്പദമായ ചിത്രത്തിലെ പശ്ചാത്തലം .
1952- ലെ ആദ്യ പൊതു തെരഞ്ഞെടുപ്പ് മുതൽ സ്ഥാനാർത്ഥിയുടെ പേരിനേക്കാൾ പ്രാധാന്യം ചിഹ്നത്തിനായിരുന്നു.
അന്ന് നിരക്ഷരരായ വോട്ടർമാർക്ക് തങ്ങളുടെ ഇഷ്ടപ്പെട്ട സ്ഥാനാർത്ഥിക്ക് വോട്ട് രേഖപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയ ഉപാധിയാണ്
ഈ ചിഹ്നങ്ങൾ .
തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഡ്രാഫ്റ്റ്സ്മാനായിരുന്ന
എം എസ് സേത്തിയാണ് ഈ ചിഹ്നങ്ങളുടെ ഉപജ്ഞാതാവ് .
സിനിമയിലെ നായികയായ സ്ഥാനാർത്ഥി സാറാമ്മ (ഷീല ) മത്സരിക്കുന്നത് കുരുവി ചിഹ്നത്തിൽ ആയിരുന്നു .
എതിർസ്ഥാനാർത്ഥി ജോണിക്കുട്ടി (പ്രേംനസീർ) മത്സരിക്കുന്നത് കടുവ ചിഹ്നത്തിലും .
ഗാനത്തിൻ്റെ പല്ലവി ഒന്ന് കേട്ടു നോക്കൂ…
“കുരുവിപെട്ടി നമ്മുടെ പെട്ടി കടുവാ പെട്ടിക്കോട്ടില്ല
വോട്ടില്ലാ വോട്ടില്ല വോട്ടില്ല
കടുവാപ്പെട്ടിക്കോട്ടില്ല
കുരുവിപെട്ടി നമ്മുടെ പെട്ടി കടുവാ പെട്ടിക്കോട്ടില്ല
വോട്ടില്ലാ വോട്ടില്ല വോട്ടില്ല
കടുവാപ്പെട്ടിക്കോട്ടില്ല…..”
സ്ഥാനാർത്ഥിയായ സാറാമ്മ ജയിക്കുകയാണെങ്കിൽ പഞ്ചായത്തിൽ കൊണ്ടുവരാൻ പോകുന്ന മാറ്റങ്ങളാണ് അനുപല്ലവിയിൽ …
“പഞ്ചായത്തിൽ കുരുവി ജയിച്ചാൽ പൊന്നോണം നാടാകെ…
പാലങ്ങൾ..
വിളക്ക് മരങ്ങൾ..
പാടങ്ങൾക്ക് കലുങ്കുകൾ…
പാർക്കുകൾ..
റോഡുകൾ.. തോടുകൾ..
അങ്ങനെ പഞ്ചായത്തൊരു പറുദീസാ…”
സത്യൻ അന്തിക്കാടിന്റെ നാടോടിക്കാറ്റിലെ വിജയൻ (ശ്രീനിവാസൻ) പറയുന്നതുപോലെ ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപ്നങ്ങളാണ് അടുത്ത വരികളിൽ…
“തിരഞ്ഞെടുപ്പിൽ കുരുവി ജയിച്ചാൽ…
അരിയുടെ കുന്നുകളാകും നാടാകേ..
നാടാകെ അരിയുടെ കുന്നുകളാകും തിരഞ്ഞെടുപ്പിൽ കുരുവി ജയിച്ചാൽ…
അരിയുടെ കുന്നുകൾ നാടാകേ..
നികുതി വകുപ്പ് പിരിച്ചു വിടും..
വനം പതിച്ചു കൊടുക്കും – ആർക്കുംവനം പതിച്ചു കൊടുക്കും..”
58 വർഷങ്ങൾക്ക് മുമ്പ് കവി വിഭാവനം ചെയ്തത് എത്ര ശരിയാണെന്ന് പിൽക്കാലത്ത് തെളിയിക്കപ്പെട്ടു.
1947-ൽ കേരളത്തിന്റെ മുപ്പത്തിയഞ്ച്
ശതമാനമുണ്ടായിരുന്ന വനഭൂമി ഇന്ന് വെറും എട്ട് ശതമാനമായി കുറഞ്ഞു.
മാധവ് ഗാഡ്ഗിൽ കമ്മിറ്റിയുടെ റിപ്പോർട്ടിന് കേരളത്തിലെ മാറിമാറി വന്ന സർക്കാരുകൾ കടലാസിൻ്റെ വില പോലും കൽപ്പിച്ചതുമില്ല.
വാഗ്ദാനങ്ങളുടെ പെരുമഴയുമായാണ് ഗാനം
പുരോഗമിക്കുന്നത് .
“തോട്ടുംകരയില്‍ വിമാനമിറങ്ങാന്‍
താവളമുണ്ടാക്കും കൃഷിക്കാര്‍ക്കു കൃഷിഭൂമി
പണക്കാര്‍ക്കു മരുഭൂമി..
എന്‍ ജി ഒമാര്‍ക്കെല്ലാം ഇന്നത്തെ ശമ്പളം
നാല് നാലിരട്ടി..”
ശമ്പളം കൊടുക്കാൻ നെട്ടോട്ടമോടുന്ന സർക്കാരിൻ്റെ ഖജനാവിനെ വയലാറിന് മുൻകൂട്ടി കാണാൻ കഴിഞ്ഞു എന്നുള്ളതാണ് ഈ ഗാനത്തിന്റെ ഏറ്റവും വലിയ സവിശേഷത.
കണ്ടാലഴകുള്ള സാറാമ്മ
കല്യാണം കഴിയാത്ത സാറാമ്മ
നാട്ടുകാരുടെ സാറാമ്മ
നമ്മുടെ നല്ലൊരു സാറാമ്മ സാറാമ്മ സാറാമ്മ
നമ്മുടെ സ്ഥാനാർഥി സാറാമ്മ
കുരുവിപെട്ടി നമ്മുടെ പെട്ടി കടുവാ പെട്ടിക്കോട്ടില്ല
വോട്ടില്ലാ വോട്ടില്ല വോട്ടില്ല
കടുവാപെട്ടിക്കോട്ടില്ല…..”
1966 – ൽ ജയമാരുതി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ടി ഇ വാസുദേവൻ നിർമ്മിച്ച ചലച്ചിത്രമാണ്
“സ്ഥാനാർത്ഥി സാറാമ്മ ”
മുട്ടത്ത് വർക്കിയുടെ കഥയ്ക്ക് എസ് എൽ പുരം സദാനന്ദൻ തിരക്കഥയെഴുതി .
കെ എസ് സേതുമാധവനാണ് ചിത്രം സംവിധാനം ചെയ്തത്.
പ്രേംനസീർ ,ഷീല , അടൂർ ഭാസി, പങ്കജവല്ലി , ജികെ പിള്ള, നെല്ലിക്കോട് ഭാസ്കരൻ, ശങ്കരാടി തുടങ്ങിയ പ്രമുഖ താരങ്ങൾ അഭിനയിച്ച ഈ ചിത്രത്തിൽ വയലാർ രാമവർമ്മയാണ് ഗാനങ്ങൾ എഴുതിയത്.
എൽ പി ആർ വർമ്മ സംഗീതം പകർന്നു ..
സിനിമയിൽ അടൂർ ഭാസി പാടി അഭിനയിച്ച ഈ ഗാനം വെറുമൊരു ഹാസ്യഗാനം എന്ന നിലയിൽ നമുക്ക് തോന്നാമെങ്കിലും ,
58 വർഷങ്ങൾക്കുശേഷം ഈ ഗാനത്തിന്റെ വരികളിലേക്ക്
ഒന്ന് കണ്ണോടിക്കുകയാണെങ്കിൽ വർത്തമാനകാല രാഷ്ട്രീയത്തിന്റെ പരിച്ഛേദമാണ് ഈ ഗാനമെന്ന് അടിവരയിട്ട് പറയാൻ കഴിയും. കഴിഞ്ഞദിവസം ഈ ഗാനം യൂട്യൂബിൽ ഒന്നുകൂടി കണ്ടപ്പോൾ
കവികൾ കാലത്തിൻ്റെ പ്രവാചകരാണെന്ന് പറയുന്നത് എത്രയോ ശരിയാണെന്ന് തോന്നിപോയി.