‘കലോൽസവങ്ങൾ ആർഭാടത്തിന്റെ വേദിയാകരുത്’; സംസ്‌ഥാന സ്‌കൂൾ കലോൽസവുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങളുമായി ഹൈക്കോടതി
കൊച്ചി: കലോൽസവങ്ങൾ ആർഭാടത്തിന്റെയും അനാരോഗ്യകരമായ മൽസരങ്ങളുടെയും വേദിയാകരുതെന്ന് ഹൈക്കോടതി.. ഈ വർഷത്തെ സംസ്‌ഥാന സ്‌കൂൾ കലോൽസവം ജനുവരി മൂന്ന് മുതൽ കോഴിക്കോട് ആരംഭിക്കാനായിരിക്കെയാണ് കോടതിയുടെ നിർദ്ദേശം.
”ദരിദ്ര ചുറ്റുപാടുകളിൽ നിന്ന് വരുന്ന പല കുട്ടികൾക്കും ഭാരിച്ച ചിലവുകൾ താങ്ങാൻ കഴിയാറില്ല. പലരും കിടപ്പാടങ്ങൾ വരെ പണയപ്പെടുത്തിയാണ് കുട്ടികളെ വേദിയിൽ എത്തിക്കുന്നത്. അതുകൊണ്ടുതന്നെ കലോൽസവങ്ങൾ ആർഭാടമാവാൻ പാടില്ല”-കോടതി പറഞ്ഞു.
അതേസമയം, രക്ഷിതാക്കൾക്കും കോടതി നിർദ്ദേശം നൽകി. വിജയം പോലെ തന്നെ പരാജയത്തെയും ഉൾക്കൊള്ളാൻ മക്കളെ സജ്‌ജരാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. വിജയിക്കുക എന്നതിനപ്പുറം പങ്കെടുക്കുക എന്നതാണ് പ്രധാനമെന്നും കോടതി ചൂണ്ടിക്കാട്ടി. ഭാരിച്ച ചിലവുകൾ താങ്ങാൻ എല്ലാവർക്കും കഴിഞ്ഞെന്ന് വരില്ല. ഇക്കാര്യം അപ്പീലുകളുമായി എത്തുന്ന രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തെ, സ്‌കൂൾ കലോൽസവ മൽസരങ്ങളിൽ സംഘാടന വീഴ്‌ച മൂലം മൽസരാർഥികൾക്ക് അപകടം സംഭവിച്ചാൽ സംഘാടകർ നിയമനടപടി നേരിടേണ്ടി വരുമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ബാലനീതി നിയമപ്രകാരമാണ് ശിക്ഷാ നടപടികൾ നേരിടേണ്ടി വരിക. വിവിധ മൽസരാർഥികളുടെ ഹർജികൾ തീർപ്പാക്കിയായിരുന്നു കോടതിയുടെ ഉത്തരവ്.
കലോൽസവ മൽസരത്തിനിടെ സംഘാടനയിലെ പോരായ്‌മ മൂലം മൽസരാർഥികൾക്ക് അപകടം സംഭവിക്കുന്നത് പതിവാണെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരത്തിൽ അപകടം സംഭവിച്ചാൽ സംഘാടകർ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്നും, അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്നും കോടതി ഉത്തരവിട്ടു.