play-sharp-fill
ദുരിത മഴ തുടരുന്നു…! സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങള്‍; റോഡുകളിലും വീടുകളിലും വെള്ളം കയറി; കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന് അടിയിലായി; ആളുകളെ  മാറ്റിപ്പാർപ്പിച്ചു; പത്തനംതിട്ടയിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു; വ്യാപക കൃഷിനാശം

ദുരിത മഴ തുടരുന്നു…! സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങള്‍; റോഡുകളിലും വീടുകളിലും വെള്ളം കയറി; കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന് അടിയിലായി; ആളുകളെ മാറ്റിപ്പാർപ്പിച്ചു; പത്തനംതിട്ടയിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു; വ്യാപക കൃഷിനാശം

തിരുവനന്തപുരം: വ്യാപക നാശനഷ്ടം വിതച്ച്‌ സംസ്ഥാനത്ത് ഇന്നും മഴ തുടരുകയാണ്.

ദിവസങ്ങളായി തുടരുന്ന വേനല്‍ മഴയില്‍ മദ്ധ്യ കേരളത്തിലും വടക്കൻ കേരളത്തിലുമാണ് കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായത്. കനത്ത മഴയെ തുടർന്ന് ഉണ്ടായ വെള്ളക്കെട്ട് ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്.

റോഡുകളിലും വീടുകളിലും വെള്ളം കയറി. ഇന്നലെ വെെകിട്ട് പെയ്ത മഴയില്‍ കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന് അടിയിലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോടും കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. കക്കയം – തലയോട് റോഡില്‍ മരം റോഡിലേക്ക് കടപുഴകി വീണു. ഇന്നലെ വെള്ളം കയറിയ കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ വാർഡുകള്‍ രാവിലെ പൂർവസ്ഥിതിയിലായി.

താമരശേരി താലൂക്കിലെ കിനാലൂല്‍ വില്ലേജില്‍ കെഎസ്‌ഐഡിസി കെട്ടിടത്തിന്റെ ചുറ്റുമതില്‍ ഇടിഞ്ഞു വീണു. സംഭവത്തില്‍ ആളപായമില്ല. മരം വീണ് പല ഇടത്തും ഗതാഗതം തടസപ്പെട്ടിരുന്നു.

മാവൂർ, പെരുമണ്ണ അന്നശ്ശേരി, മേഖലയില്‍ വ്യാപക കൃഷിനാശമുണ്ടായി. ചാലിയാറില്‍ ജലനിരപ്പുയർന്നതോടെ തെങ്ങിലക്കടല്‍ ആയംകുളം റോഡ് ഇടിഞ്ഞു. പെരുമണ്ണയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. ആളുകളെ മാറ്റിപ്പാർപ്പിച്ചു. കൊടുവള്ളിയില്‍ കിണർ ഇടിഞ്ഞു താഴ്ന്നു.

തൃശൂർ റെയില്‍വേ സ്റ്റേഷന് സമീപവും ഷൊർണൂർ റോഡിലെ വീടുകളിലും വെള്ളം കയറി. സ്വരാജ് റൗണ്ടില്‍ ബിനി സ്റ്റോപ്പിന് സമീപവും ജനറല്‍ ആശുപത്രിക്ക് സമീപവും വെള്ളം കയറി. പലയിടത്തും വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി. ബിഷപ്പ് പാലസിന്റെ മതിലിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു.

കനത്ത മഴയെ തുടർന്ന് ആലപ്പുഴ തുറവൂരില്‍ ദേശീയപാതയില്‍ മൂന്നു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. മാക്കോകടവ് വഴി ഗതാഗതതം തിരിച്ചുവിട്ടെങ്കിലും ഏറെ നേരം ഇവിടെയും ഗതാഗതക്കുരുക്ക് ഉണ്ടായി. ചമ്പക്കുളം, മങ്കൊമ്പ് തുടങ്ങി കൂട്ടനാട്ടിലെ പല മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും പുരയിടങ്ങളിലും വെള്ളം കയറി.

കാസർകോട് നീലേശ്വരം തൈക്കടപ്പുറത്ത് നങ്കുരമിട്ട ബോട്ട് തകർന്നു. കനത്ത കാറ്റിലാണ് തകർന്നത്. കപ്പലിലെ വടം പൊട്ടി അടുത്തുണ്ടായിരുന്ന പാറയില്‍ ഇടിച്ചാണ് ബോട്ട് തകർന്നതെന്നാണ് നിഗമനം. ഇന്നലെ നങ്കുരമിട്ട ബോട്ട് ആണ് ഇന്ന് രാവിലെയാണ് തകർന്ന നിലയില്‍ കണ്ടത്. കാസർകോട്ട് ശക്തമായ മഴ ഇല്ലെങ്കിലും പ്രദേശത്ത് ശക്തമായ ഇടിമിന്നാലും കാറ്റും ഉണ്ട്. കാസർകോട് ഇന്നലെയുണ്ടായ ഇടിമിന്നലില്‍ ഒരാള്‍ മരിച്ചിരുന്നു.

പത്തനംതിട്ട ചന്ദനപ്പള്ളി അങ്ങാടിക്കല്‍ റോഡില്‍ മുളയറയില്‍ മരം കടപുഴകിവീണ് ഗതാഗതം തടസപ്പെട്ടു. മഴയില്‍ പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിന് മുന്നില്‍ നിന്ന് മരവും കടപുഴകി വീണു.